ഒരു വർഷം കൊണ്ട് 500% റിട്ടേൺ; വേദാന്തയെ മറികടന്ന് കുതിച്ച് ആ ഓഹരി

2026 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം ഏകദേശം 18.8% വളർന്ന് 4,745 കോടിയിലെത്തി

ഒരു വർഷം കൊണ്ട് 500% റിട്ടേൺ; വേദാന്തയെ മറികടന്ന് കുതിച്ച്  ആ ഓഹരി
dot image

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപ്ലവത്തിൽ നിന്ന് പ്രയോജനം നേടുന്നത് സോഫ്റ്റ്‌വെയർ കമ്പനികൾ മാത്രമമല്ല, അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കമ്പനികളും വൻ നേട്ടം കൊയ്യുന്ന കാലമാണിപ്പോൾ. ഈ പശ്ചാത്തലത്തിൽ അനിൽ അഗർവാൾ ഗ്രൂപ്പുമായി ബന്ധമുള്ള സ്റ്റെർലൈറ്റ് ടെക്നോളോജിസ് ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. 2026-ൽ മാത്രം കമ്പനിയുടെ ഓഹരി വില ഏകദേശം 500%ത്തിലധികം ഉയർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

എഐ ക്ലൗഡ് കമ്പ്യൂട്ടിങ് , ഡാറ്റാ സെന്ററുകൾ എന്നിവയുടെ വൻ വളർച്ച കാരണം അതിവേഗ ഡാറ്റാ ട്രാൻസ്മിഷൻ ശൃംഖലകൾക്കുള്ള ആവശ്യം കുതിച്ചുയരുകയാണ്. ഒപ്റ്റിക്കൽ ഫൈബർ കേബിളുകളും നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചറും നിർമ്മിക്കുന്ന സ്റ്റെർലൈറ്റ് ടെക്നോളോജിസ് ഈ വളർച്ചയുടെ പ്രധാന ഗുണഭോക്താക്കളിൽ ഒന്നായി മാറിയിട്ടുണ്ട്.

ഇന്ത്യൻ ഓഹരി വിപണിയിൽ നേരിട്ട് എഐ ചിപ്പ് നിർമ്മാണ മേഖലയിൽ വലിയ സാന്നിധ്യമില്ലെങ്കിലും, എഐ ഡാറ്റാ സെന്ററുകൾക്ക് ആവശ്യമായ വൈദ്യുതി ഉപകരണങ്ങൾ, കേബിളുകൾ, കൂളിംഗ് സിസ്റ്റങ്ങൾ, ഫൈബർ നെറ്റ്‌വർക്കുകൾ എന്നിവ വിതരണം ചെയ്യുന്ന കമ്പനികൾ വൻ നേട്ടം കൈവരിക്കുകയാണ്.

ഡാറ്റാ സെന്റർ ഇക്കോസിസ്റ്റവുമായി ബന്ധപ്പെട്ട 28 ഇന്ത്യൻ കമ്പനികളുടെ ഒരു സൂചിക ഈ വർഷം വൻ മുന്നേറ്റം നേടിയിട്ടുണ്ട്. ആഗോളതലത്തിൽ എഐ അടിസ്ഥാനസൗകര്യങ്ങൾക്കായി ട്രില്യൺ കണക്കിന് ഡോളറുകളുടെ നിക്ഷേപം ഒഴുകുന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം.

അനിൽ അഗർവാളിന്റെ ഈ കമ്പനിക്ക് കരുത്ത് പകർന്ന മറ്റൊരു ഘടകം, അമേരിക്കയിലെ ഒരു ആഗോള ഹൈപ്പർസ്കെയിലറിൽ നിന്ന് ലഭിച്ച 1.1 ബില്യൺ ഡോളറിന്റെ (ഏകദേശം 10,000 കോടിയിലധികം) എഐ ഡാറ്റാ സെന്റർ ഇൻഫ്രാസ്ട്രക്ചർ കരാർ ആയിരുന്നു. കരാർ കമ്പനിയ്ക്ക് ഭാവിയിലെ വരുമാനത്തെക്കുറിച്ചുള്ള ആത്മവിശ്വാസം വർധിപ്പിക്കുകയും ഓഹരിയിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയും ചെയ്തു.

Sterlite Tech

പാദഫലങ്ങളിലും കമ്പനി മികച്ച പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട് . 2026 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം ഏകദേശം 18.8% വളർന്ന് 4,745 കോടിയിലെത്തി. കൂടാതെ പുതിയ ഓർഡറുകളുടെ വരവ് 110% ഉയർന്നതോടെ കമ്പനിയുടെ ഓർഡർ ബുക്ക് 7,300 കോടിക്ക് മുകളിലെത്തി. AI-റെഡി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലേക്കുള്ള വർധിച്ച ആവശ്യം ഇതിന് സഹായകമായി.

എഐ വിപ്ലവത്തിൽ ചിപ്പ് നിർമ്മാതാക്കളും സോഫ്റ്റ്‌വെയർ കമ്പനികളും മാത്രമല്ല, അവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കമ്പനികളും വൻ നേട്ടം കൊയ്യുന്നുവെന്നതിന്റെ മികച്ച ഉദാഹരണമാണ് സ്റ്റെർലൈറ്റ് ടെക്നോളജീസ്.

സ്റ്റെർലൈറ്റ് ടെക്നോളോജിസ് പോലുള്ള ഓഹരികൾ ഇതിനകം തന്നെ വളരെ ഉയർന്ന നിലയിലെത്തിയതിനാൽ ഇനി നിക്ഷേപിക്കുന്നവർ മൂല്യനിർണയം, വരുമാന വളർച്ച, ഭാവി ഓർഡറുകൾ എന്നിവ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ടെന്നും ഓർക്കേണ്ടതുണ്ട്.

Content Highlights: Beyond Vedanta: The other Anil Agarwal stock that just exploded 500% on AI boom

dot image
To advertise here,contact us
dot image