

പുതിയ പ്രൊമോഷൻ പോളിസിയെച്ചൊല്ലി ആർബിഐ ജീവനക്കാർ പ്രതിഷേധത്തിൽ. ആർബിഐയുടെ രാജ്യത്തെ വിവിധ ഓഫീസുകളിലെ ജീവനക്കാർ ഇന്ന് പ്രതിഷേധവുമായി രംഗത്തെത്തി. മുംബൈയിലെ ഓഫീസിൽ ജീവനക്കാർ അടക്കമാണ് പ്രതിഷേധത്തിനിറങ്ങിയത്.
സമയാധിഷ്ഠിതമായ പ്രൊമോഷന് പകരം വേക്കൻസികൾക്കനുസരിച്ച് പ്രൊമോഷൻ നൽകുന്ന രീതിയെയാണ് ജീവനക്കാർ എതിർക്കുന്നത്. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയ്ക്ക് നൽകിയ കത്തിൽ ഈ തീരുമാനം പുനഃപരിശോധിക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു. ജീവനക്കാരുടെ ആവശ്യം ആർബിഐ പരിശോധിക്കും എന്നാണ് മുതിർന്ന ഉദ്യോഗസ്‌ഥൻ പറഞ്ഞത്.
ഒഴിവുകൾ വരുമ്പോൾ മാത്രമുള്ള സ്ഥാനക്കയറ്റം ജീവനക്കാരുടെ കരിയറിനെ ബാധിക്കുമെന്നാണ് ജീവനക്കാരുടെ അസോസിയേഷന്റെ വാദം. പുതിയ പോളിസി പ്രകാരം ഗ്രേഡ് ബിയിൽ നിന്ന് സിയിലേക്ക് സമയബന്ധിതമായിത്തന്നെ പ്രൊമോഷൻ നടക്കും. എന്നാൽ ഗ്രേഡ് സിയിൽ നിന്ന് ഡിയിലേക്ക്, എഫിലേക്ക് ഒഴിവുകൾ പ്രകാരമേ നടക്കുകയുള്ളൂ. ഒരു ജീവനക്കാരൻ വര്ഷങ്ങളോളം ഒരു ഗ്രേഡിൽ തന്നെ ജോലി ചെയ്യേണ്ടിവരും എന്നും അസോസിയേഷൻ പറയുന്നു.
അതേസമയം, ആഗോള പ്രതിസന്ധികൾക്കിടെ നിർണായക തീരുമാനവുമായി ആർബിഐ പണനയ സമിതി. റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ 5.25 ശതമാനമായി നിലനിർത്തുവാൻ ആർബിഐ തീരുമാനിച്ചു. സമിതിയിലെ ആറ് അംഗങ്ങളും ഇതിനെ അനുകൂലിച്ചു. പശ്ചിമേഷ്യൻ യുദ്ധം, ക്രൂഡ് ഓയിൽ വിലവർദ്ധനവ് തുടങ്ങിയ ഒരുപിടി പ്രശ്നങ്ങൾ നിലനിൽക്കെയാണ് റിപ്പോ നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് ആർബിഐ തീരുമാനിച്ചത്.
ഏപ്രിലിൽ ചേർന്ന സമിതിക്ക് ശേഷം ആഗോള തലത്തിൽ നിരവധി വെല്ലുവിളികൾ ഉണ്ടായി എന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. രാജ്യത്തെ വിലക്കയറ്റം ഇപ്പോഴും ആർബിഐ നിശ്ചയിച്ച അളവിന്റെ താഴെയാണ്. എന്നാൽ യുദ്ധവും മറ്റും വരും മാസങ്ങളിൽ വിലക്കയറ്റം വർധിക്കാൻ ഇടയാക്കും എന്നാണ് വിലയിരുത്തൽ. നിലവിൽ വിലക്കയറ്റം അത്രകണ്ട് ജനങ്ങളെ ബാധിച്ചിട്ടില്ല എന്നും സഞ്ജയ് മൽഹോത്ര പറഞ്ഞു.
ഈ സാമ്പത്തികവർഷത്തിന്റെ മൂന്നാം പാദത്തോട് കൂടി വിലക്കയറ്റം ആർബിഐ നിശ്ചയിച്ച പരിധി കടക്കും എന്നാണ് വിലയിരുത്തൽ. വിതരണമേഖലയിലെ സമ്മർദ്ദങ്ങൾ നാലാം പദത്തോടെ കുറയുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജയ് മൽഹോത്ര പറഞ്ഞു.
രാജ്യത്തിന്റെ ജിഡിപി വളർച്ച അനുമാനത്തിലും റിസർവ് ബാങ്ക് മാറ്റം വരുത്തി. നേരത്തെ കരുതപ്പെട്ട 6.9 ശതമാനത്തിൽ നിന്നും 6.6 ശതമാനമായി വളർച്ച കുറയും എന്നാണ് വിലയിരുത്തൽ. വിലപ്പെരുപ്പ നിരക്ക് 4.6 ശതമാനത്തിൽ നിന്നും 5.1 ശതമാനമായും ആർബിഐ ഉയർത്തി.
Content Highlights: Employees of the Reserve Bank of India staged protests across various offices in the country against the newly introduced promotion policy. Staff members, including those at the Mumbai office, participated in demonstrations expressing concerns over the revised promotion framework.