ടാറ്റ ഗ്രൂപ്പിന് വമ്പന്‍ നേട്ടം; സുഡിയോ-വെസ്റ്റ് സൈഡ് വീണ്ടും തിളങ്ങി; അറ്റാദായം 532 കോടി രൂപ

വെസ്റ്റ് സൈഡും സുഡിയോയും മെട്രോ നഗരങ്ങള്‍ക്ക് പുറത്തേക്കും വ്യാപിപ്പിച്ചതാണ് മികച്ച പ്രകടനത്തിന് കാരണമായത്

ടാറ്റ ഗ്രൂപ്പിന് വമ്പന്‍ നേട്ടം; സുഡിയോ-വെസ്റ്റ് സൈഡ്  വീണ്ടും തിളങ്ങി; അറ്റാദായം 532 കോടി രൂപ
dot image

ടാറ്റ ഗ്രൂപ്പിന്റെ റീട്ടെയില്‍ കമ്പനിയാണ് ട്രെന്റ് ലിമിറ്റഡ് മികച്ച പാദഫലം റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് സൈഡ്, സുഡിയോ എന്നിവയുടെ മാതൃകമ്പനിയാണ് ട്രെന്റ് ലിമിറ്റഡ്. 2026 ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ അറ്റാദായം 26% വളര്‍ച്ച രേഖപ്പെടുത്തി. കമ്പനിയുടെ അറ്റാദായം 532 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 423 കോടി രൂപയായിരുന്നു.

കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 5,666 കോടി രൂപയായി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലേതുമായി നോക്കുമ്പോള്‍ 18.5% വര്‍ധനയാണിത്. കഴിഞ്ഞ വര്‍ഷമിത് 4,781 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള എബിറ്റ്ഡയില്‍ (പലിശ, നികുതി, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍ എന്നിവയ്ക്ക് മുമ്പുള്ള ലാഭം) 847 കോടി രൂപയായി ഉയര്‍ന്നു. 36% വര്‍ധനയാണിത്. ഇത് കമ്പനിക്ക് പ്രധാന സാമ്പത്തിക നേട്ടം നല്‍കി.

വെസ്റ്റ് സൈഡും സുഡിയോയും മെട്രോ നഗരങ്ങള്‍ക്ക് പുറത്തേക്കും വ്യാപിപ്പിച്ചതാണ് മികച്ച പ്രകടനത്തിന് കാരണമായത്. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നെങ്കിലും, വിപുലീകരണവും ശക്തമായ വില്‍പ്പനയും അതിന്റെ ആഘാതം കുറയ്ക്കാന്‍ സഹായിച്ചു. ഒന്നാം പാദത്തില്‍ കമ്പനി ഒരു വെസ്റ്റ് സൈഡ് സ്‌റ്റോറും 22 സുഡിയോ സ്റ്റോറുകളും തുറന്നു. ഇതില്‍ 1 എണ്ണം യുഎഇയിലാണ്. 9 പുതിയ നഗരങ്ങളിലേക്കാണ് കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിച്ചത്.

2026 ജൂണ്‍ 30 വരെ 301 വെസ്റ്റ് സൈഡ് സ്റ്റോറുകളാണ് കമ്പനിക്കുള്ളത്. സുഡിയോക്ക് 982 എണ്ണവുമുണ്ട്. മറ്റ് ലൈഫ്സ്‌റ്റൈല്‍ സ്റ്റോറുകള്‍ 29 എണ്ണമാണുള്ളത്. ആകെ 1,300ലധികം വലിയ ഫാഷന്‍ സ്റ്റോറുകള്‍ കമ്പനി 330 നഗരങ്ങളിലായി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. വെസ്റ്റ് സൈഡ് വരുമാനത്തിന്റെ 6%ത്തിലധികം ഓണ്‍ലൈന്‍ വില്‍പ്പനയില്‍ നിന്നാണ് ലഭിച്ചത്.

മറ്റ് വിഭാഗങ്ങള്‍

ബ്യൂട്ടി, പേഴ്സണല്‍ കെയര്‍, ഇന്നര്‍വെയര്‍, ഫുട്വെയര്‍ തുടങ്ങിയ പുതിയ വിഭാഗങ്ങള്‍ കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 21%ത്തിലധികം സംഭാവന ചെയ്തു. സ്റ്റാര്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ വരുമാനം 885 കോടിയായി ഉയര്‍ന്നു. 5 പുതിയ സ്റ്റാര്‍ സ്റ്റോറുകള്‍ കൂടി തുറന്നതോടെ ആകെ സ്റ്റോര്‍ എണ്ണം 86 ആയി.

അതേസമയം, പശ്ചിമേഷ്യന്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, വിതരണ ശൃംഖല, ചരക്ക് വില, പണപ്പെരുപ്പം എന്നിവയ്ക്ക് സമീപകാലത്ത് ചില വെല്ലുവിളികള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആത്മവിശ്വാസം പൊതുവേ അനുകൂലമായി തുടരുകയാണ്. വില നിയന്ത്രണം, സോഴ്സിംഗ് മെച്ചപ്പെടുത്തല്‍, വിതരണക്കാരുമായുള്ള സഹകരണം തുടങ്ങിയ നടപടികളിലൂടെ ചെലവ് സമ്മര്‍ദ്ദം നിയന്ത്രിക്കുകയാണ് കമ്പനി.

Content Highlights: Trent Ltd reported a 26% year-on-year increase in Q1 FY27 net profit to ₹532 crore, driven by strong expansion of its Zudio and Westside brands. Revenue rose 18.5% to ₹5,666 crore as the Tata Group retailer continued its rapid growth across India and the UAE despite rising input costs

dot image
To advertise here,contact us
dot image