വിഐപി സംസ്‌കാരത്തിന് മാറ്റമോ?; തന്റെ ഓഫീസ് കസേരയിലെ വെള്ള ടവല്‍ നീക്കം ചെയ്ത് ജോസഫ് വിജയ്

ഈ രീതി അവസാനിപ്പിക്കണമെന്ന് കാലാവസ്ഥാ പ്രവര്‍ത്തകയായ പതിനാലുകാരി ലിസി പ്രിയ കംഗുജം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു

വിഐപി സംസ്‌കാരത്തിന് മാറ്റമോ?; തന്റെ ഓഫീസ് കസേരയിലെ വെള്ള ടവല്‍ നീക്കം ചെയ്ത് ജോസഫ് വിജയ്
dot image

ചെന്നൈ: തന്റെ ഓഫീസ് കസേരയിലെ വെള്ള ടവല്‍ നീക്കം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളിലെ വിഐപി കസേരകളില്‍ ദീര്‍ഘകാലമായി തുടരുന്ന രീതിയാണിത്. ഇത് അവസാനിപ്പിക്കണമെന്ന് കാലാവസ്ഥാ പ്രവര്‍ത്തകയായ പതിനാലുകാരി ലിസി പ്രിയ കംഗുജം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് മാറ്റമെന്നതും ശ്രദ്ധേയമാണ്.

ഇത് ഇന്ത്യയുടെ സംസ്‌കാരമല്ലെന്നും മുഖ്യമന്ത്രിമാര്‍ ഇന്ത്യയിലെ വിഐപിമാരാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാമെന്നും ലിസി, വിജയ് വെള്ള ടവല്‍ വിരിയുള്ള കസേരയില്‍ ഇരിക്കുന്ന ചിത്രം പങ്കുവെച്ച് എക്‌സില്‍ കുറിച്ചിരുന്നു. മന്ത്രിമാര്‍ മുതല്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ വരെയുള്ളവരുടെ കസേരയില്‍ ഇത്തരം വെള്ള ടവല്‍ കാണാമെന്നും വിജയ്ക്ക് ഇക്കാര്യത്തില്‍ മാറ്റത്തിന് തുടക്കം കുറിക്കാന്‍ കഴിയുമെന്നും ലിസി കുറിച്ചിരുന്നു.

മെയ് 14 ന്, സെക്രട്ടേറിയറ്റില്‍ നടന്ന വ്യവസായ-വാണിജ്യ വകുപ്പിന്റെ അവലോകന യോഗത്തിലെ ചിത്രങ്ങള്‍, പരമ്പരാഗത വെളുത്ത തൂവാല കൊണ്ട് മൂടിയ കസേരയില്‍ വിജയ് ഇരിക്കുന്നതായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ട്രാക്ടര്‍ നിര്‍മാതാക്കളായ ടാഫെയുടെ ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്ടറുമായ മല്ലിക ശ്രീനിവാസനും വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ലക്ഷ്മി വേണുവുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ നിന്ന് ടവല്‍ നീക്കം ചെയ്തിരുന്നു.

എക്സിലെ ലിസിയുടെ പോസ്റ്റിനോട് വിജയ്‌യോ തമിഴ്നാട് സര്‍ക്കാരോ പരസ്യമായി പ്രതികരിച്ചില്ലെങ്കിലും അവർ സ്വീകരിച്ച നടപടിയോട് ലിസി നന്ദി അറിയിച്ചു. സാധാരണക്കാരുടെ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടെന്ന് തെളിയിക്കുന്നതാണ് വിജയ്‌യുടെ പ്രവൃത്തിയെന്നും പെൺകുട്ടി പറഞ്ഞു.

Content Highlights: Vijay drops towel tradition from CM's office

dot image
To advertise here,contact us
dot image