

ന്യൂഡല്‍ഹി: സുവേന്ദു അധികാരി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നാളെ രാവിലെ 11 മണിയ്ക്കാണ് സത്യപ്രതിജ്ഞ നടക്കുക. കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍വെച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. പുതിയ സര്‍ക്കാരില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് വിവരം. ഇതില്‍ ഒരാള്‍ വനിതയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 15 വര്‍ഷത്തെ മമതാ ബാനര്‍ജിയുടെ ഭരണത്തിനാണ് ബംഗാളില്‍ ഇക്കുറി അന്ത്യമുണ്ടായത്. സ്വന്തം മണ്ഡലമായ ഭവാനിപൂരില്‍ സുവേന്ദു അധികാരിയോട് പതിനയ്യായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് മമതാ ബാനര്‍ജി പരാജയപ്പെട്ടത്.
പശ്ചിമബംഗാളിൽ നിയസഭ തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും മമത ബാനർജി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാത്ത പശ്ചാത്തലത്തിൽ മന്ത്രിസഭ ഗവർണർ ആർ എൻ രവി പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിലും താൻ രാജിവയ്ക്കില്ലെന്ന് മമത ആവർത്തിച്ചിരുന്നു. അടുപ്പിച്ച് മൂന്ന് തവണ, ഒന്നര പതിറ്റാണ്ട് ബംഗാൾ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ച മമത തൃണമൂലിന് തെരഞ്ഞെടുപ്പിൽ തോൽവി സംഭവിച്ചിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്.
നിലവിലെ ജനവിധി ബിജെപി സ്വന്തമാക്കിയത് വോട്ട് മോഷണത്തിലൂടെയാണെന്നാണ് മമതയുടെ ആരോപണം.ഞാൻ എന്തിന് താഴെയിറങ്ങണം? ഞങ്ങൾ പരാജയപ്പെട്ടിട്ടില്ല. ജനവിധി മോഷ്ടിച്ചതാണ്. അതിനാൽ രാജിവയ്ക്കുക എന്നൊരു ചോദ്യം എവിടെ ഉയരാനാണ് എന്നാണ് ചൊവ്വാഴ്ച വൈകുന്നേരം മാധ്യമങ്ങളോട് മമത പ്രതികരിച്ചത്.
Content Highlights: Suvendu Adhikari appointed as Bengal Chief Minister; swearing-in tomorrow