EPFO 3.0: പണം പിന്‍വലിക്കല്‍ ഇനി എളുപ്പം; പക്ഷേ വിരമിക്കല്‍ കാലം അപകടത്തിലാകുമോ?

'പ്രത്യേക സാഹചര്യങ്ങള്‍' എന്ന വിഭാഗത്തില്‍, യാതൊരു കാരണവും ബോധിപ്പിക്കാതെ തന്നെ വര്‍ഷത്തില്‍ രണ്ടുതവണ 100% വരെ തുക പിന്‍വലിക്കാന്‍ സാധിക്കും

EPFO 3.0: പണം പിന്‍വലിക്കല്‍ ഇനി എളുപ്പം; പക്ഷേ വിരമിക്കല്‍ കാലം അപകടത്തിലാകുമോ?
dot image

ഇപിഎഫ്ഒയുടെ പുതിയ പരിഷ്‌കാരങ്ങള്‍ പിഎഫ് നിക്ഷേപം പിന്‍വലിക്കല്‍ നടപടികള്‍ വളരെ ലളിതമാക്കിയിട്ടുണ്ട്. എന്നാല്‍, വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യം അനാവശ്യമായി പിന്‍വലിക്കുന്നത് ഭാവിയില്‍ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇപിഎഫ്ഒ 3.0യില്‍ മുമ്പുണ്ടായിരുന്ന 13 വിത്‌ഡ്രോവല്‍ കാറ്റഗറികളെ അവശ്യ വിഭാഗം, ഭവന ആവശ്യങ്ങള്‍, പ്രത്യേക സാഹചര്യങ്ങള്‍ എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളാക്കി മാറ്റി. നേരത്തെ പിഎഫ് ഭാഗികമായി പിന്‍വലിക്കാന്‍ 5 മുതല്‍ 7 വര്‍ഷം വരെ ജോലി ചെയ്യണമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം, ഒരു വര്‍ഷം പേൂര്‍ത്തിയാക്കിയവര്‍ക്കും പിന്‍വലിക്കലിന് അര്‍ഹതയുണ്ട്. ചികിത്സ, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി അര്‍ഹമായ തുകയുടെ 100% വരെ പിന്‍വലിക്കാം. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കരിയറില്‍ 10 തവണ വരെയും, വിവാഹ ആവശ്യങ്ങള്‍ക്കായി 5 തവണ വരെയും തുക പിന്‍വലിക്കാന്‍ അനുവാദമുണ്ട്.

വീട് വാങ്ങാനോ നിര്‍മിക്കാനോ ലോണ്‍ തിരിച്ചടയ്ക്കാനോ വേണ്ടി മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം സമ്പാദ്യത്തിന്റെ 90% വരെ പിന്‍വലിക്കാം. 'പ്രത്യേക സാഹചര്യങ്ങള്‍' എന്ന വിഭാഗത്തില്‍, യാതൊരു കാരണവും ബോധിപ്പിക്കാതെ തന്നെ വര്‍ഷത്തില്‍ രണ്ടുതവണ 100% വരെ തുക പിന്‍വലിക്കാന്‍ സാധിക്കും. ഇത് പിഎഫ് അക്കൗണ്ടിനെ ഒരു സാധാരണ ബാങ്ക് അക്കൗണ്ട് പോലെ ഉപയോഗിക്കാന്‍ വഴിയൊരുക്കുന്നു. ജോലി നഷ്ടപ്പെട്ടാല്‍ ആദ്യ വര്‍ഷം 75% തുക പിന്‍വലിക്കാം. ഒരു വര്‍ഷത്തിന് ശേഷവും ജോലി ലഭിച്ചില്ലെങ്കില്‍ ബാക്കി 25 ശതമാനവും പിന്‍വലിക്കാം. ഇതില്‍ തൊഴിലുടമയുടെ വിഹിതവും പലിശയും ഉള്‍പ്പെടും.

സമ്പാദ്യശീലം തകരും

പിഎഫ് എന്നത് വിരമിക്കല്‍ കാലത്തേക്ക് കരുതിവെക്കേണ്ടതാണ്. എന്നാല്‍ പണം പിന്‍വലിക്കുന്നത് എളുപ്പമായതോടെ, അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ തന്നെ ആളുകള്‍ പണം പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പിഎഫ് തുക ദീര്‍ഘകാലം പിന്‍വലിക്കാതെ സൂക്ഷിക്കുമ്പോഴാണ് പലിശയുടെ വലിയ ആനുകൂല്യം ലഭിക്കുന്നത്. ഇടയ്ക്കിടെ പണം പിന്‍വലിക്കുന്നത് വിരമിക്കുമ്പോള്‍ ലഭിക്കേണ്ട വലിയൊരു തുക ഇല്ലാതാക്കും. നിലവില്‍ 8.25% പലിശ ലഭിക്കുന്ന ഈ സമ്പാദ്യം പിന്‍വലിക്കുന്നത് വലിയ നഷ്ടമാണെന്ന് വിദഗ്ധര്‍ പറയുന്നു.

പെന്‍ഷന്‍ ലഭിക്കുന്നതിന് കുറഞ്ഞത് 10 വര്‍ഷത്തെ വിഹിതം ആവശ്യമാണ്. അനാവശ്യമായി പിഎഫ് പിന്‍വലിക്കുന്നത് ഭാവിയിലെ പെന്‍ഷന്‍ ആനുകൂല്യങ്ങളെയും ബാധിച്ചേക്കാം. ഉപഭോക്താക്കള്‍ക്ക് പണം വേഗത്തില്‍ ലഭ്യമാക്കാന്‍ ഈ പരിഷ്‌കാരങ്ങള്‍ സഹായിക്കുമെങ്കിലും, വിരമിക്കല്‍ കാലത്തെ സുരക്ഷ കണക്കിലെടുത്ത് വിവേകത്തോടെ മാത്രമേ പണം പിന്‍വലിക്കാവൂ എന്ന് വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു.

Content Highlights: The latest EPFO 3.0 reforms have significantly simplified provident fund (PF) withdrawal rules, making access to retirement savings faster and more flexible. However, financial experts caution that this increased liquidity could tempt employees to treat EPF like an emergency fund—potentially undermining long-term retirement security.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us