

ഐഡിബിഐ ബാങ്കിന്റെ ഓഹരി വിറ്റഴിക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയതോടെ ബാങ്കിന്റെ ഓഹരി വിലയില്‍ വന്‍ കുതിച്ചുചാട്ടം. വ്യാപാരത്തിനിടെ ഐഡിബിഐ ബാങ്ക് ഓഹരികള്‍ 8.5 ശതമാനം വരെ ഉയര്‍ന്ന് 79.90 രൂപ എന്ന നിലയിലെത്തി. വിപണിയില്‍ പൊതുവെ തളര്‍ച്ച പ്രകടമായ ദിവസമായിരുന്നിട്ടും ധനമന്ത്രിയുടെ പ്രസ്താവന ഐഡിബിഐ ഓഹരികള്‍ക്ക് കരുത്തായി. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഒരു ഘട്ടത്തില്‍ 8.5% വരെ ഓഹരി വില ഉയര്‍ന്നു.
പുനെയില്‍ നടന്ന ഒരു ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവല്‍ക്കരണ പ്രക്രിയ തുടരുമെന്ന് ധനമന്ത്രി സ്ഥിരീകരിച്ചത്. മുന്‍പ് ലഭിച്ച ലേലത്തുകകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വിലയേക്കാള്‍കുറവായതിനെത്തുടര്‍ന്ന് വില്‍പന നടപടികള്‍ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഈ വ്യക്തത വന്നത്. നിലവിലെ പദ്ധതിയനുസരിച്ച് ഐഡിബിഐ ബാങ്കിന്റെ 60.72 ശതമാനം ഓഹരികളാണ് വില്‍ക്കാന്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 30.48 ശതമാനം കേന്ദ്ര സര്‍ക്കാരിന്റെയും 30.24 ശതമാനം എല്‍ഐസിയുടെയും വിഹിതമാണ്. ഇതിലൂടെ ഏകദേശം 72,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പൊതുമേഖലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച് നിലവില്‍ യാതൊരു നിര്‍ദേശങ്ങളും പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി. 2047ഓടെ ഇന്ത്യന്‍ ബാങ്കിങ് മേഖല നേരിടേണ്ട വെല്ലുവിളികളെക്കുറിച്ച് പഠിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസങ്ങളില്‍ ബാങ്കിന്റെ ഓഹരി വിലയില്‍ ഇടിവുണ്ടായിരുന്നു. വില്‍പന നടപടികള്‍ വൈകുന്നത് നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വില്‍പനയില്‍ ഉറച്ചുനില്‍ക്കുന്നു എന്ന ധനമന്ത്രിയുടെ വാക്കുകള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
2023 ജനുവരി ഏഴിനാണ് ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവത്കരണ നടപടികള്‍ക്കു തുടക്കമായത്. സര്‍ക്കാരിന്റെ കൈവശമുള്ള 30.48 ശതമാനം ഓഹരികളും എല്‍ഐസിയുടെ കൈവശമുള്ള 30.24 ശതമാനം ഓഹരികളും വില്‍ക്കുന്നതിനായിരുന്നു തീരുമാനം. അന്നത്തെ വിപണിവിലയനുസരിച്ച് 72,000 കോടി രൂപയാണ് വില പ്രതീക്ഷിച്ചിരുന്നത്.
Content Highlights: IDBI Bank shares jump 8% after FM says 'disinvestment process to continue'