

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ തങ്ങളുടെ ജനപ്രിയ കോംപാക്ട് എസ്‌യുവിയായ സോണറ്റിന്റെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിച്ചു. ഇടത്തരം വകഭേദങ്ങളിൽ ഡീസൽ, ടർബോ-പെട്രോൾ എൻജിനുകൾക്കൊപ്പം പുതിയ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ അവതരിപ്പിച്ചതാണ് പ്രധാന മാറ്റം. 10 ലക്ഷം രൂപയിൽ താഴെ (എക്സ്-ഷോറൂം) വിലയിൽ ഓട്ടോമാറ്റിക് വേരിയന്റുകൾ ലഭ്യമാകും. ബജറ്റ് കാറുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കും വാങ്ങാനാവുന്ന തരത്തിലാണ് കമ്പനിയുടെ പുതിയ നീക്കം.

ഡീസൽ ഓട്ടോമാറ്റിക്
116 എച്ച്പി കരുത്തും 250 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എൻജിൻ ഇപ്പോൾ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ലഭ്യമാണ്. എച്ച്ടിഇ(ഒ) വേരിയന്റിന്റെ എക്സ്-ഷോറൂം വില 9.78 ലക്ഷം രൂപയാണ്. ഇതിന് പുറമെ എച്ച്ടികെ(ഒ), എച്ച്ടികെ+, എച്ച്ടികെ+(ഒ) എന്നീ വകഭേദങ്ങളിലും ഡീസൽ ഓട്ടോമാറ്റിക് ലഭ്യമാണ്.
നേരത്തെ ഉയർന്ന വേരിയന്റുകളിൽ മാത്രമായിരുന്നു ഡീസൽ ഓട്ടോമാറ്റിക് ലഭിച്ചിരുന്നത്. ഡീസൽ ഓട്ടോമാറ്റിക് മോഡലിന് ലിറ്ററിന് 18.6 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡീസൽ മാനുവൽ പതിപ്പിന് 22.3 കിലോമീറ്ററാണ് മൈലേജ്.
ടർബോ-പെട്രോൾ ഓട്ടോമാറ്റിക്
120 എച്ച്പി കരുത്തും 172 എൻഎം ടോർക്കും നൽകുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് ഇപ്പോൾ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ലഭിക്കും. എച്ച്ടികെ(ഒ) വേരിയന്റിൽ 9.89 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. ഇവ കൂടാതെ 81 എച്ച്പി കരുത്തും 115 എൻഎം ടോർക്കും നൽകുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനും സോണറ്റിൽ ലഭ്യമാണ്.
പുതിയ വേരിയന്റുകളിൽ സുരക്ഷക്കായി ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, റിയർ പാർക്കിങ് സെൻസറുകൾ എന്നിവ നൽകിയിട്ടുണ്ട്. എച്ച്ടികെ+ വേരിയന്റിൽ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർലെസ് കണക്റ്റിവിറ്റി, റിയർ ക്യാമറ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
നിലവിൽ 7.30 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) വിലയുള്ള കിയ സോണറ്റ്, ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര എക്സ്‌യുവി 3എക്സ്ഒ, ഹ്യുണ്ടായ് വെന്യൂ, മാരുതി സുസുക്കി ബ്രെസ്സ, ടാറ്റ നെക്സോൺ, സ്കോഡ കൈലാക് എന്നിവയുമായാണ് പ്രധാനമായും മത്സരിക്കുന്നത്.
Content Highlights: 2026 Kia Sonet Launched With Automatic Variants Priced Under Rs 10 Lakh