

യുഎഇയിലെ കലാസ്വാദകർക്ക് പുതിയൊരു കലാവിരുന്നൊരുക്കി ഗുഗൻഹെെം അബുദാബി മ്യൂസിയം. ഡിസംബർ 11 ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്ന മ്യൂസിയത്തിലേക്കുള്ള ടുക്കറ്റ് ബുക്കിങ് ആരംഭിച്ചു. തലസ്ഥാന നഗരിയിലെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായി മാറാനൊരുങ്ങുന്ന മ്യൂസിയത്തിൽ 1960 കൾ മുതൽ ഇതുവരെയുള്ള ആധുനികവും സമകാലികവുമായ കലാസൃഷ്ടികൾ പ്രദർശിപ്പിക്കും.
അമേരിക്കയിലെ ന്യൂയോർക്ക്, ഇറ്റലി, വെനീസ്, സ്പെയിനിലെ ബിൽബാവോ എന്നിവിടങ്ങളിലെ ഗുഗൻഹെെം മ്യൂസിയങ്ങളുടെ നിരയിലേക്കാണ് അബുദാബിയും എത്തുന്നത്. സാദിയത്ത് ദ്വീപിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ലൂവ്ര് അബുദാബി, സായിദ് നാഷണൽ മ്യൂസിയം, നാച്വറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി, ടീംലാബ് ഫിനോമിന അബുദാബി തുടങ്ങിയ പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങളും ഈ ദ്വീപിലുണ്ട്.
മ്യൂസിയത്തിന്റെ ഔദ്യോഗിക വെബ്സെെറ്റ് വഴി ഡിസംബർ 11 മുതലുള്ള സന്ദർശനത്തിന് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. പൊതുപ്രവേശന ടിക്കറ്റ് നിരക്ക് 70 ദിർഹമാണ്. 18 വയസ്സിന് താഴെയുള്ളവർ, 60 വയസ്സും അതിൽ കൂടുതലുമുള്ള എമിറാത്തി പൊരന്മാരും താമസക്കാരും നിശ്ചയദാർഢ്യ വിവാഗത്തിൽപ്പെട്ടവർ, യുഎഇ സർവകലാശാലകളിലെ വിദ്യാർത്ഥികൾ എന്നിവർക്ക് സൗജന്യ പ്രവേശനം അനുവദിക്കും. സർവകലാശാലാ വിദ്യാർത്ഥികൾ തിരിച്ചറിയൽ രേഖ ഹാജരാക്കണം. ഇവർക്ക് സന്ദർശന ദിവസം മ്യൂസിയത്തിലെ ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റ് ശേഖരിക്കാം.

ഫസാ, ഇസാദ് കാർഡ് (Fazaa or Esaad card) ഉടമകൾക്ക് 50 ദിർഹത്തിന് പ്രവേശനം ലഭിക്കും. യുഎഇയിൽ ജോലി ചെയ്യുന്ന അധ്യാപകർ, ഹമത് അൽ വതൻ അംഗങ്ങൾ (Hamat Al Watan), യുഎഇ സൈനികർ എന്നിവർക്ക് 35 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഇവരും തിരിച്ചറിയൽ രേഖ ഹാജരാക്കി സന്ദർശന ദിവസം ടിക്കറ്റ് കൗണ്ടറിൽനിന്ന് ടിക്കറ്റ് വാങ്ങണം. പ്രശസ്ത പ്രിറ്റ്സ്കർ പുരസ്കാര (Pritzker Prize) ജേതാവായ അന്തരിച്ച ആർക്കിടെക്ട് ഫ്രാങ്ക് ഗെറിയാണ് മ്യൂസിയം രൂപകൽപന ചെയ്തത്. കേന്ദ്ര ആട്രിയവുമായി ബന്ധിപ്പിച്ച 28 ഇൻ്റീരിയർ ഗാലറികളും 10 വലിയ ശിൽപാകൃതിയിലുള്ള കോൺ ആകൃതിയിലുള്ള നിർമിതികളും ഇവിടെയുണ്ട്. ഈ കോൺ നിർമിതികളിലും ടെറസുകളിലുമായി 23,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ബാഹ്യ പ്രദർശന ഇടവും ഒരുക്കിയിട്ടുണ്ട്.
11,600 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മ്യൂസിയത്തിൽ പെയിന്റിങ്ങുകൾ, ശിൽപങ്ങൾ, ഇൻസ്റ്റലേഷനുകൾ, ഫോട്ടോഗ്രഫി, ചലിക്കുന്ന ദൃശ്യങ്ങൾ, നവമാധ്യമ കലാസൃഷ്ടികൾ എന്നിവ പ്രദർശിപ്പിക്കും. കാലക്രമമോ ഭൂമിശാസ്ത്രപരമായ അതിരുകളോ മാത്രം അടിസ്ഥാനമാക്കിയല്ല പ്രദർശനങ്ങൾ ക്രമീകരിക്കുക. വിവിധ സംസ്കാരങ്ങൾക്കും പ്രദേശങ്ങൾക്കുമിടയിലെ കലാപരമായ ബന്ധങ്ങളും കൈമാറ്റങ്ങളും സ്വാധീനങ്ങളുമാണ് പ്രധാനമായും അവതരിപ്പിക്കുക. അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പും സോളമൻ ആർ. ഗുഗൻഹൈം ഫൗണ്ടേഷനും സംയുക്തമായാണ് മ്യൂസിയം വികസിപ്പിച്ചിരിക്കുന്നത്.
Content Highlights: Guggenheim Abu Dhabi Museum will open to the public on December 11, with ticket bookings now underway.