

വിമാന ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കാൻ ബിദ്ധിമുട്ടുള്ള കമ്പനികൾ ഉണ്ടെങ്കിൽ അവയുടെ പ്രവർത്തനം മരവിപ്പിക്കണമെന്ന് സുപ്രീം കോടതി. വിമാന നിരക്ക് നിയന്ത്രിക്കുന്നതിനുള്ള പുതിയ ചട്ടങ്ങൾ മൂന്നാഴ്ചയ്ക്കകം അന്തിമമാകുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
വിമാന ടിക്കറ്റ് നിരക്കിലെ സർജ് പ്രൈസിങ്, അധിക ബാഗേജ് ചാർജ്, ടിക്കറ്റ് റദ്ദാക്കുമ്പോഴുള്ള റീഫണ്ട് തുടങ്ങിയ വിഷയങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങളാണ് കേന്ദ്രം തയ്യാറാക്കുന്നത്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിലവിലുള്ള വിമാന നിരക്ക് സംബന്ധമായ നിർദേശങ്ങൾ വിമാനക്കമ്പനികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
നിർദേശങ്ങൾ പാലിക്കാത്ത വിമാനക്കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആവശ്യമായ സാഹചര്യത്തിൽ സർവീസ് നിർത്തിവെക്കുന്നതുൾപ്പെടെയുള്ള നടപടികൾ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
ഭാരതീയ വായുയാൻ അധിനിയം 2024 പ്രകാരം വിമാന നിരക്ക് നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങളുടെ കരട് കേന്ദ്രം കോടതിയിൽ സമർപ്പിച്ചു. അന്തിമ ചട്ടങ്ങൾ തയ്യാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രം അറിയിച്ചു.
അവധിക്കാലത്തും ഉത്സവകാലത്തും വിമാന ടിക്കറ്റ് നിരക്കുകളിൽ ഉണ്ടാകുന്ന വലിയ വർധന യാത്രക്കാരെ ബാധിക്കുന്ന വിഷയമാണെന്ന് ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി. അന്തിമ ചട്ടങ്ങൾ മൂന്ന് ആഴ്ചയ്ക്കകം തയ്യാറാക്കി സമർപ്പിക്കാൻ നിർദേശിച്ച കോടതി കേസ് സെപ്റ്റംബർ ഏഴിന് വീണ്ടും പരിഗണിക്കും.
Content Highlights: Supreme Court Seeks Final Airfare Rules On Surge Pricing, Baggage Charges, Refunds; Centre Gets 3 Weeks