

ഇന്ത്യയിലേക്കുള്ള റഷ്യൻ അസംസ്‌കൃത എണ്ണ ക്രൂഡ് ഓയിൽ ഇറക്കുമതി റെക്കോർഡ് വേഗതയിൽ കുതിക്കുന്നു. ഹർമുസ് ഇടുക്കിലെ തടസ്സങ്ങളും ബാബ്-എൽ-മന്ദേബ് കടലിടുക്കിലെ പ്രതിസന്ധികളും കാരണം ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ റഷ്യ ഇപ്പോൾ ഒരു പ്രധാന കവചമായി മാറിയിരിക്കുകയാണ്.
ജൂലൈ മാസത്തിൽ ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത അസംസ്‌കൃത എണ്ണയുടെ മൂല്യം റെക്കോർഡ് നിരക്കായ 6.4 ബില്യൺ ഡോളറിൽ ഏകദേശം 61,000 കോടി രൂപയിൽ എത്തി. ജൂൺ മാസത്തിലുണ്ടായ 5.14 ബില്യൺ ഡോളറിന്റെ റെക്കോർഡാണ് ഇതോടെ മറികടന്നത്.
ഫിൻലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ' (സിആർഇഎ) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, റഷ്യയുടെ മൊത്തത്തിലുള്ള എണ്ണ ഉൽപന്ന കയറ്റുമതി ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെങ്കിലും, ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി മുൻ മാസത്തെ അപേക്ഷിച്ച് 2.1 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. റിലയൻസിന്റെ ജാംനഗർ, ഐ.ഒ.സി.യുടെ പാരദീപ് എന്നീ പ്രധാന ടെർമിനലുകൾക്ക് പുറമെയുള്ള മറ്റ് റിഫൈനറികളിലെ ഇറക്കുമതിയാണ് ഈ റെക്കോർഡ് നേട്ടത്തിന് കാരണമായത്. മുന്ദ്രയിലെ എച്ച്.പി.സി.എൽ മിത്തൽ എനർജിയിൽ 58 ശതമാനവും, വാഡിനാറിലെ ഇന്ത്യൻ ഓയിൽ എസ്.എം.പി.എല്ലിൽ 35 ശതമാനവും, മുംബൈയിൽ 37 ശതമാനവും ഇറക്കുമതി വർദ്ധിച്ചു.
ജൂലൈ മാസത്തിൽ റഷ്യയിൽ നിന്നുള്ള ഫോസിൽ ഇന്ധനങ്ങളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉപഭോക്താവായി ഇന്ത്യ മാറി. ഇന്ത്യ വാങ്ങിയ മൊത്തം ഹൈഡ്രോകാർബണുകളുടെ 87 ശതമാനവും അസംസ്‌കൃത എണ്ണയായിരുന്നു. കൽക്കരി, മറ്റ് എണ്ണ ഉൽപന്നങ്ങൾ എന്നിവയാണ് ബാക്കി ഭാഗം.
ആഗോള വിപണിയിൽ റഷ്യൻ യുറാൽസ് ക്രൂഡ് ഓയിലിന്റെ ശരാശരി വില ബാരലിന് 60.22 ഡോളറായി കുറഞ്ഞെങ്കിലും, യൂറോപ്യൻ യൂണിയനും ബ്രിട്ടനും ഏർപ്പെടുത്തിയ വില നിയന്ത്രണ പരിധിയായ 44.1 ഡോളറിനേക്കാൾ വളരെ കൂടുതലാണിത്. ആഗോള മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിലിനെ അപേക്ഷിച്ച് റഷ്യൻ എണ്ണയ്ക്ക് ഇപ്പോഴും 26 ശതമാനം (ബാരലിന് $21) ഡിസ്കൗണ്ട് ലഭിക്കുന്നുണ്ട്.
റഷ്യൻ ക്രൂഡ് ഓയിൽ ഉപയോഗിച്ച് എണ്ണ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇന്ത്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ റിഫൈനറികൾ ജൂലൈ മാസത്തിൽ 633 മില്യൺ യൂറോയുടെ എണ്ണ ഉൽപന്നങ്ങൾ ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. ഇത് അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യയുടെ ശുദ്ധീകരണ ശേഷിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.
Content Highlights:India’s Russian crude oil imports reached a record $6.4 billion (around ₹61,000 crore) in July. July imports surpassed the previous record of $5.14 billion recorded in June. Russian crude accounted for 87% of India’s total hydrocarbon imports from Russia. India became the world’s second-largest consumer of Russian fossil fuels in July. Imports increased at several refineries, including HPCL Mittal Energy, IOC SMPPL and Mumbai-based facilities. Russian Urals crude averaged $60.22 per barrel, while still trading at a discount to Brent. Indian refineries continue to play a significant role in supplying refined petroleum products to global markets.