

അടുത്തിടെ നേരിയ തിരുത്തൽ നേരിട്ട സ്വർണ വില വീണ്ടും ശക്തമായ മുന്നേറ്റം നടത്താൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ. അടുത്ത ഒന്ന് മുതൽ രണ്ട് ആഴ്ചയ്ക്കുള്ളിൽ എംസിഎക്സിൽ (മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാം സ്വർണത്തിന്റെ വില 1.48 ലക്ഷം വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് എസ്‌എംസി ഗ്ലോബൽ സെക്യൂരിറ്റീസിലെ കമ്മോഡിറ്റി റിസർച്ച് വിഭാഗം മേധാവി വന്ദന ഭാരതി വിലയിരുത്തിയത്.
അടുത്തിടെ ഉണ്ടായ വിലത്തകർച്ചയെ പല നിക്ഷേപകരും വാങ്ങൽ അവസരമായി ഉപയോഗിച്ചെന്നാണ് അവരുടെ വിലയിരുത്തൽ. ആഭ്യന്തര-വിദേശ സ്ഥാപന നിക്ഷേപകരും ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളും (Gold ETFs) വീണ്ടും സ്വർണത്തിൽ താൽപര്യം പ്രകടിപ്പിക്കുന്നതും വിപണിക്ക് കരുത്ത് പകരുന്ന ഘടകമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
അതേസമയം, സ്വർണ വില ശക്തമായ കുതിപ്പ് തുടരാൻ സാങ്കേതികമായി ചില പ്രധാന പ്രതിരോധനിലകൾ മറികടക്കേണ്ടതുണ്ടെന്നും വന്ദന ഭാരതി പറഞ്ഞു. അതിനാൽ ഹ്രസ്വകാല വിലമാറ്റങ്ങൾ തുടർന്നേക്കാമെങ്കിലും വിപണിയുടെ അടിസ്ഥാന പ്രവണത ഇപ്പോഴും സ്വർണത്തിന് അനുകൂലമാണെന്നാണ് വിലയിരുത്തൽ.
ആഗോള സാമ്പത്തിക അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, കേന്ദ്രബാങ്കുകളുടെ സ്വർണ വാങ്ങൽ, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിനുള്ള വർധിച്ച ആവശ്യം എന്നിവയും വിലയെ പിന്തുണയ്ക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇത്തരം സാഹചര്യങ്ങളിൽ ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളിൽ നിന്ന് സംരക്ഷണം തേടുന്ന നിക്ഷേപകർ സ്വർണത്തിലേക്ക് കൂടുതൽ തിരിയുന്ന പ്രവണതയും തുടരുന്നതായി വിദഗ്ധർ പറയുന്നു.
കേരളത്തിലെ സ്വർണവിലയും വരും ദിവസങ്ങളിൽ ചർച്ചയാകാൻ സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ. എംസിഎക്സിൽ സ്വർണവില ഉയർന്നാൽ അതിന്റെ പ്രതിഫലനം ആഭ്യന്തര വിപണിയിലും പ്രകടമാകാമെങ്കിലും, കേരളത്തിലെ സ്വർണവില അതേ നിരക്കിൽ ഉയരുമെന്ന് ഉറപ്പില്ല.
അന്താരാഷ്ട്ര സ്വർണ വിലയിലെ ചലനങ്ങൾ, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ആഭ്യന്തര ആവശ്യകത, ജ്വല്ലറി വിപണിയിലെ വിലനിർണയം എന്നിവയെല്ലാം ചേർന്നാണ് കേരളത്തിലെ സ്വർണവില നിശ്ചയിക്കപ്പെടുന്നത്. അതിനാൽ എംസിഎക്സിലെ വിലക്കയറ്റം കേരളത്തിലും സ്വാധീനം ചെലുത്താമെങ്കിലും, രണ്ടും ഒരേ നിരക്കിലോ ഒരേ വേഗത്തിലോ മാറണമെന്നില്ല.
നിലവിലെ വിലയിലുണ്ടായ തിരുത്തൽ ദീർഘകാല മുന്നേറ്റത്തിന്റെ അവസാനമല്ലെന്നും, മറിച്ച് കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ലഭിച്ച അവസരമാണെന്നും അവർ വിലയിരുത്തുന്നു. എന്നാൽ സ്വർണവിലയിൽ നിക്ഷേപം നടത്തുന്നതിന് മുമ്പ് ആഗോള വിപണി സാഹചര്യങ്ങളും വിലയിലെ ചാഞ്ചാട്ടങ്ങളും കണക്കിലെടുത്ത് തീരുമാനമെടുക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു.
Content Highlights: Gold Price Outlook: Experts Predict Gold May Hit 1.48 Lakh in 1-2 Weeks Despite Correction