ഇന്റർനെറ്റിനും ഇനി വിഐപി ക്ലാസ്; കൂടുതൽ പണം കൂടുതൽ വേഗത, നെറ്റ് ന്യൂട്രാലിറ്റി ചട്ടങ്ങളിൽ മാറ്റമോ ?

ഇതിലൂടെ 5ജി സേവനങ്ങളിൽ നിന്ന് കൂടുതൽ വരുമാനം കണ്ടെത്താനാകുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ

ഇന്റർനെറ്റിനും ഇനി വിഐപി ക്ലാസ്;  കൂടുതൽ പണം കൂടുതൽ വേഗത, നെറ്റ് ന്യൂട്രാലിറ്റി ചട്ടങ്ങളിൽ മാറ്റമോ ?
dot image

രാജ്യത്ത് എല്ലാവർക്കും ഒരേ നിലവാരത്തിലുള്ള ഇന്റർനെറ്റ് സേവനം ഉറപ്പാക്കുന്ന നെറ്റ് ന്യൂട്രാലിറ്റി ചട്ടങ്ങളിൽ മാറ്റം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. 5ജി സാങ്കേതികവിദ്യയുടെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനായി പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ചുള്ള അതിവേഗ നെറ്റ്‌വർക്ക് സേവനങ്ങൾക്ക് അനുമതി നൽകുന്ന രീതിയിലേക്കാണ് സർക്കാർ നീങ്ങുന്നതെന്നാണ് റിപ്പോർട്ട്.

രാജ്യത്ത് നിലവിൽ എല്ലാ ഇന്റർനെറ്റ് ട്രാഫിക്കിനും ഒരേ പരിഗണന ഉറപ്പാക്കുന്ന നെറ്റ് ന്യൂട്രാലിറ്റി നയമാണ് നിലവിലുള്ളത്. ഇതനുസരിച്ച് ഉപയോക്താവ് വീഡിയോ കാണുകയോ, ഓൺലൈൻ ഗെയിം കളിക്കുകയോ, വീഡിയോ കോൾ നടത്തുകയോ, ഏതെങ്കിലും ആപ്പ് ഉപയോഗിക്കുകയോ ചെയ്താലും എല്ലാ ഇന്റർനെറ്റ് ട്രാഫിക്കിനും ഒരേ പരിഗണനയാണ് ലഭിക്കേണ്ടത്. ടെലികോം കമ്പനികൾക്ക് പണം നൽകുന്ന ചില സേവനങ്ങൾക്ക് മാത്രം കൂടുതൽ വേഗതയോ മുൻഗണനയോ നൽകാൻ നിലവിലെ ചട്ടങ്ങൾ അനുവദിക്കുന്നില്ല.

എന്നാൽ 5ജി യുഗത്തിൽ ഈ സമീപനം പുനഃപരിശോധിക്കേണ്ട സാഹചര്യമുണ്ടെന്നാണ് ടെലികോം കമ്പനികളുടെ വാദം. 'നെറ്റ്‌വർക്ക് സ്ലൈസിങ്' എന്ന 5ജി സാങ്കേതികവിദ്യ ഉപയോഗിച്ച് ആശുപത്രികൾ, സ്മാർട്ട് ഫാക്ടറികൾ, സ്വയം നിയന്ത്രിത വാഹനങ്ങൾ, ഓൺലൈൻ ഗെയിമിങ്, ഡീപ്-ടെക് സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകൾക്ക് പ്രത്യേക നിലവാരത്തിലുള്ള കണക്റ്റിവിറ്റിയും ഉറപ്പുള്ള വേഗതയും നൽകാൻ കഴിയുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇതിനായി പ്രത്യേക നെറ്റ്‌വർക്കുകൾ അനുവദിക്കാനാണ് നിർദേശം.

ഈ മാറ്റം നടപ്പായാൽ ടെലികോം കമ്പനികൾക്ക് വ്യത്യസ്ത സേവനങ്ങൾക്ക് വ്യത്യസ്ത നിരക്കുകൾ ഈടാക്കാനും, കൂടുതൽ വേഗതയുള്ള കണക്റ്റിവിറ്റിക്ക് പ്രീമിയം ഈടാക്കാനും അവസരം ലഭിച്ചേക്കും. ഇതിലൂടെ 5ജി സേവനങ്ങളിൽ നിന്ന് കൂടുതൽ വരുമാനം കണ്ടെത്താനാകുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.

അതേസമയം, ഈ നീക്കം 'ഫസ്റ്റ് ക്ലാസ്' ഇന്റർനെറ്റും 'ഇക്കണോമി' ഇന്റർനെറ്റും എന്ന തരത്തിലുള്ള രണ്ട് തലത്തിലുള്ള സേവനങ്ങൾക്ക് വഴിയൊരുക്കുമോയെന്ന ആശങ്കയും ശക്തമാണ്. കൂടുതൽ പണം നൽകാൻ കഴിയുന്ന വലിയ കമ്പനികൾക്കും ഉപഭോക്താക്കൾക്കും മികച്ച സേവനം ലഭിക്കുമ്പോൾ സ്റ്റാർട്ടപ്പുകൾക്കും ചെറിയ സ്ഥാപനങ്ങൾക്കും സാധാരണ ഉപയോക്താക്കൾക്കും തിരിച്ചടിയാകുമെന്നാണ് വിമർശകരുടെ വാദം. ഇത് ഡിജിറ്റൽ മത്സരത്തെയും നവീകരണത്തെയും ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

5ജി നെറ്റ്‌വർക്ക് സ്ലൈസിങ് സേവനങ്ങൾ അവതരിപ്പിക്കാനുള്ള ടെലികോം കമ്പനികളുടെ നീക്കമാണ് സർക്കാരിനെ ഈ വിഷയം വീണ്ടും പരിശോധിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ നെറ്റ് ന്യൂട്രാലിറ്റി ചട്ടങ്ങളിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. വിഷയത്തിൽ വിവിധ കക്ഷികളുടെ അഭിപ്രായം പരിഗണിച്ച ശേഷമായിരിക്കും തുടർനടപടികൾ.

Content Highlights: First-Class Internet for Those Who Pay More? India Rethinks Net Neutrality Rules

dot image
To advertise here,contact us
dot image