

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപനത്തില്‍ ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്ക് ഉടന്‍ തിരിച്ചടിയാകില്ലെന്ന് വ്യവസായ വിദഗ്ധര്‍. 2028 മുതല്‍ ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകള്‍ക്ക് കനത്ത ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ ജനറിക് മരുന്നുകള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. 2024-25 കാലയളവില്‍ 9.7 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ജനറിക് മരുന്നുകളാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. ഇത് രാജ്യത്തിന്റെ ആകെ ഫാര്‍മ കയറ്റുമതിയുടെ 38 ശതമാനമാണ്.
ട്രംപിന്റെ പ്രഖ്യാപനപ്രകാരം, 2026 ഓഗസ്റ്റ് 1 മുതല്‍ രണ്ട് വര്‍ഷത്തേക്ക് ജനറിക് മരുന്നുകള്‍ക്ക് നിലവിലെ പോലെ 0% തീരുവ തുടരും. തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് 100% തീരുവയും പിന്നീട് 200% തീരുവയും ഈടാക്കും.
അമേരിക്കയിലേക്ക് ഉല്‍പ്പാദനം മാറ്റുക പ്രായോഗികമല്ല
ഇന്ത്യന്‍ കമ്പനികള്‍ക്ക് അമേരിക്കയില്‍ പുതിയ നിര്‍മാണശാലകള്‍ സ്ഥാപിച്ച് ഉല്‍പ്പാദനം മാറ്റുന്നത് സാമ്പത്തികമായി പ്രായോഗികമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അമേരിക്കയില്‍ മരുന്ന് നിര്‍മ്മാണ ചെലവ് ഇന്ത്യയെ അപേക്ഷിച്ച് 30 മുതല്‍ 50 ശതമാനം വരെ കൂടുതലാണ്. കൂടാതെ ഒരു ഫാക്ടറി സ്ഥാപിക്കാനും യുഎസ് എഫ്ഡിഎയുടെ അനുമതി നേടാനും മൂന്ന് വര്‍ഷത്തോളം വേണ്ടിവരും.
ഇപ്പോള്‍ ഔദ്യോഗിക മാര്‍ഗനിര്‍ദേശം ഒന്നുമില്ല. ട്രംപിന്റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് മാത്രമാണ് ഉള്ളത്. തീരുവ നടപ്പിലാക്കിയാല്‍ അമേരിക്കയില്‍ മരുന്നുകളുടെ വില ഉയര്‍ത്തേണ്ടി വരും. അതിന്റെ ഭാരം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഉപഭോക്താക്കള്‍ക്കും തന്നെയാകുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് സിഇഒ എറെസ് ഇസ്രായേലി പറഞ്ഞു.
അമേരിക്കയില്‍ ചികിത്സാ ചെലവ് ഉയരാനും സാധ്യത
ജനറിക് മരുന്നുകളെ ആശ്രയിക്കുന്ന അമേരിക്കയ്ക്ക് ഇത്തരം ഉയര്‍ന്ന തീരുവ തിരിച്ചടിയാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയില്‍ എഴുതുന്ന മരുന്ന് കുറിപ്പുകളുടെ ഏകദേശം 90 ശതമാനവും ജനറിക് മരുന്നുകളാണ്. ഇന്ത്യന്‍ കമ്പനികള്‍ക്ക് അടുത്ത രണ്ട് വര്‍ഷം പുതിയ വിപണികള്‍ കണ്ടെത്താനും കയറ്റുമതി വൈവിധ്യവല്‍ക്കരിക്കാനും സമയം ലഭിക്കുമെന്നും വിലയിരുത്തുന്നു.
ഓറോബിന്ദോ ഫാര്‍മ, ഡോ. റെഡ്ഡീസ്, സൈഡസ് ലൈഫ്സയന്‍സസ്, ലുപിന്‍, സണ്‍ ഫാര്‍മ, സിപ്ല തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ കമ്പനികളുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് മുതല്‍ പകുതിവരെ അമേരിക്കന്‍ വിപണിയില്‍ നിന്നാണ് ലഭിക്കുന്നത്.
Content Highlights: Trump's proposed tariffs on generic medicines may not immediately hurt Indian pharma, but they could significantly increase healthcare costs in the US