

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള ക്രൂഡ് ഓയിൽ വില ഉയർന്നതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവിൽ വൻ വർധന. ഏപ്രിൽ-ജൂൺ പാദത്തിൽ രാജ്യത്തിന്റെ ക്രൂഡ് ഓയിൽ ഇറക്കുമതി ബിൽ വാർഷികാടിസ്ഥാനത്തിൽ 61.2 ശതമാനം ഉയർന്ന് 4.2 ലക്ഷം കോടിയിലെത്തി. ഇറക്കുമതി അളവിൽ കുറവുണ്ടായിട്ടും വില വർധനയാണ് ചെലവ് കുത്തനെ ഉയർത്തിയത്.
പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ (PPAC) കണക്കുകൾ പ്രകാരം, ഈ കാലയളവിൽ ഇന്ത്യ 59.8 ദശലക്ഷം ടൺ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 62.6 ദശലക്ഷം ടൺ ആയിരുന്നു. അതായത് ഇറക്കുമതി അളവിൽ ഏകദേശം 4.5 ശതമാനം കുറവുണ്ടായെങ്കിലും ആഗോള വിപണിയിലെ ഉയർന്ന വില ഇറക്കുമതി ബില്ലിൽ വലിയ സമ്മർദ്ദം സൃഷ്ടിച്ചു.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ബ്രെന്റ് ക്രൂഡ് ഉൾപ്പെടെയുള്ള ആഗോള എണ്ണ മാനദണ്ഡ വിലകൾ ഉയർന്ന നിലയിൽ തുടരുകയായിരുന്നു. ഇന്ത്യയുടെ ഊർജ ആവശ്യത്തിന്റെ വലിയൊരു പങ്കും ഇറക്കുമതിയിലൂടെ നിറവേറ്റുന്നതിനാൽ, അന്താരാഷ്ട്ര എണ്ണവിലയിലെ ചെറിയ മാറ്റങ്ങൾ പോലും രാജ്യത്തിന്റെ വ്യാപാരക്കമ്മിയെയും വിദേശനാണയ ചെലവിനെയും ബാധിക്കാം.
അതേസമയം, എൽഎൻജി ഇറക്കുമതിയിലും സമാന പ്രവണതയാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ-ജൂൺ കാലയളവിൽ എൽഎൻജി ഇറക്കുമതി അളവ് 8.6 ശതമാനം കുറഞ്ഞെങ്കിലും ഉയർന്ന വില കാരണം ഇറക്കുമതി ബിൽ ഏകദേശം 6 ശതമാനം വർധിച്ച് 3.6 ബില്യൺ ഡോളറിലെത്തി.
വിതരണ തടസ്സങ്ങൾ നേരിടാൻ ഇന്ത്യൻ റിഫൈനറികൾ റഷ്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളിൽ നിന്നുള്ള ക്രൂഡ് വാങ്ങൽ വർധിപ്പിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ തുടർന്നും അസ്ഥിരമായാൽ ഇന്ത്യയുടെ ഊർജ ഇറക്കുമതി ചെലവിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യതയാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്.
Content Highlights: War Toll: India's Crude Import Bill Shoots 61% In April-June Despite Slip In Volume