ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ 4.3ശതമാനം ഇടിവ്: പക്ഷെ ചെലവ് ഉയർന്നത് 50ശതമാനത്തിലേറെ

ആഭ്യന്തര ഉപഭോഗം കുറഞ്ഞതിനെ തുടർന്ന് ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (LNG) ഇറക്കുമതിയിലും വലിയ കുറവുണ്ടായിട്ടുണ്ട്

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ 4.3ശതമാനം ഇടിവ്: പക്ഷെ ചെലവ് ഉയർന്നത് 50ശതമാനത്തിലേറെ
അജ്മല്‍ എം കെ
3 min read|22 May 2026, 08:52 am
dot image

ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതി ചെലവില്‍ വന്‍ വർധനവ്. 2026 ഏപ്രിലിൽ ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതി മുൻവർഷത്തെ അപേക്ഷിച്ച് 4.3 ശതമാനം കുറഞ്ഞെങ്കിലും, ഇറക്കുമതി ചെലവ് 50 ശതമാനത്തോളമാണ് ഉയർന്നത്. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചിട്ടതും ആഗോള ഊർജ്ജ വിപണിയിൽ വലിയ വിലക്കയറ്റത്തിന് കാരണമാകുന്നു. ഇതിന്റെ പ്രതിഫലനമാണ് ഇന്ത്യയുടെ ഇറക്കുമതി ചെലവിലുണ്ടായിരിക്കുന്നത്.

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ (PPAC) കണക്കുകൾ പ്രകാരം, പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതി വരുമാനം ഒഴിവാക്കിയുള്ള രാജ്യത്തിന്റെ ആകെ എണ്ണ-വാതക ഇറക്കുമതി ബിൽ 23 ശതമാനം വർദ്ധിച്ച് 13.9 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്.

ആഗോളതലത്തിൽ വിലക്കയറ്റം രൂക്ഷമായതോടെ അളവ് കുറച്ചിട്ടും ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടി വരുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ 21 മില്യൺ മെട്രിക് ടൺ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്ത സ്ഥാനത്ത്, ഈ വർഷം അത് 20.1 മില്യൺ മെട്രിക് ടണ്ണായി കുറഞ്ഞു. എന്നാൽ ഇതിനായി ഇന്ത്യയിലെ എണ്ണക്കമ്പനികൾക്ക് നൽകേണ്ടി വന്നത് 16.3 ബില്യൺ ഡോളറാണ് (ഏകദേശം 1.35 ലക്ഷം കോടി രൂപയിലധികം). കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 10.7 ബില്യൺ ഡോളർ മാത്രമായിരുന്നു എന്നതിനാലാണ് ഇറക്കുമതി ചെലവിൽ 50 ശതമാനത്തിന്റെ ഈ വൻ വർദ്ധനവ് രേഖപ്പെടുത്തിയത്.

അതേസമയം, രാജ്യത്തെ ആഭ്യന്തര ഉപഭോഗം കുറഞ്ഞതിനെ തുടർന്ന് ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (LNG) ഇറക്കുമതിയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഏപ്രിലിൽ എൽ.എൻ.ജി ഇറക്കുമതി മുൻവർഷത്തെ 2,778 MMSCMൽ നിന്നും 30 ശതമാനത്തോളം ഇടിഞ്ഞ് 1,954 MMSCM ആയി ചുരുങ്ങി. അളവ് കുറഞ്ഞതോടെ എൽ.എൻ.ജി ഇറക്കുമതി ബിൽ 1.2 ബില്യൺ ഡോളറിൽ നിന്ന് നാലിലൊന്ന് കുറഞ്ഞ് 0.9 ബില്യൺ ഡോളറായി മാറി. ഇതോടെ പ്രകൃതി വാതകത്തിനായി ഇന്ത്യ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കഴിഞ്ഞ വർഷത്തെ 49.2 ശതമാനത്തിൽ നിന്നും 41.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, രാജ്യത്തെ ആഭ്യന്തര പ്രകൃതി വാതക ഉത്പാദനം 4.2 ശതമാനം ഇടിവോടെ 2,749 MMSCM ആയി കുറയുകയും ചെയ്തു.

പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് രാജ്യത്ത് എൽ.പി.ജി, പ്രകൃതി വാതകം എന്നിവയുടെ ആകെ ഉപഭോഗത്തിലും കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. രാജ്യത്തെ മൊത്തം പ്രകൃതി വാതക ഉപഭോഗം മുൻവർഷത്തെ അപേക്ഷിച്ച് 16.7 ശതമാനം കുറഞ്ഞ് 4,703 MMSCM ആയി. കൂടാതെ ഗാർഹിക, ഓട്ടോ, വാണിജ്യ ആവശ്യങ്ങൾക്കായുള്ള എൽ.പി.ജി വിൽപ്പനയിൽ 12.7 ശതമാനത്തിന്റെ ഇടിവോടെ ആകെ വിതരണം 2.2 മില്യൺ മെട്രിക് ടണ്ണായി ചുരുങ്ങി. നിലവിലെ പ്രതിസന്ധി മറികടക്കാൻ വാണിജ്യ സ്ഥാപനങ്ങൾക്കുള്ള എൽ.പി.ജി വിതരണത്തിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും, പ്രതിസന്ധിക്ക് മുൻപ് ഉപയോഗിച്ചിരുന്നതിന്റെ 70 ശതമാനം മാത്രമാണ് ഇപ്പോൾ അനുവദിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Content Highlights: India’s crude oil import volume declined by 4.3 percent, but the total import bill rose by more than 50 percent due to higher international oil prices. The sharp increase in costs highlights the impact of global energy market volatility on India’s economy and import expenditure.

dot image
To advertise here,contact us
dot image