

രാജ്യം നേരിടുന്ന ഊർജ്ജ പ്രതിസന്ധി മറികടക്കാൻ അടിയന്തരമായി ബദൽ ഊർജ്ജസ്രോതസ്സുകൾ കണ്ടെത്താൻ മന്ത്രിമാർക്ക് നിർദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച വൈകുന്നേരം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന, നാല് മണിക്കൂർ നീണ്ട കേന്ദ്ര മന്ത്രിസഭാ കൗൺസിൽ യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങളുണ്ടായത്. അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധവും, ഹോർമുസ് കടലിടുക്കിലെ ഉപരോധവും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ ഇന്ധന വിതരണത്തെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്‍റെ പുതിയ നീക്കം.
പരമ്പരാഗത ഇന്ധനങ്ങൾക്ക് പുറമെ പുതിയ സാദ്ധ്യതകൾ തേടണമെന്നും, പാചകവാതകത്തിന് (LPG) പകരമായി ബയോഗ്യാസ് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അതേസമയം, പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യൻ ഉപഭോക്താക്കളെ നേരിട്ട് ബാധിച്ചുതുടങ്ങി. ആഗോള വിപണിയിലെ വിലക്കയറ്റം മൂലം എണ്ണക്കമ്പനികൾക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിനായി രാജ്യത്ത് പെട്രോൾ, ഡീസൽ വില കഴിഞ്ഞ ദിവസം ലിറ്ററിന് 3 രൂപയോളം വർദ്ധിപ്പിച്ചിരുന്നു.
ഇന്ധന ഉപയോഗം പരമാവധി കുറയ്ക്കാൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, ജനങ്ങൾ ഇലക്ട്രിക് വാഹനങ്ങളിലേക്കും പൊതുഗതാഗത സംവിധാനങ്ങളിലേക്കും മാറണമെന്ന് അഭ്യർത്ഥിച്ചു. കൂടാതെ, രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സുരക്ഷിതമായി നിലനിർത്തുന്നതിനായി സ്വർണ്ണം വാങ്ങുന്നതും വിദേശയാത്രകൾ നടത്തുന്നതും തൽക്കാലത്തേക്ക് പരിമിതപ്പെടുത്തണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യുഎഇ ഉൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി തിരിച്ചെത്തിയുടനെയാണ് ഈ യോഗം ചേർന്നത്. സന്ദർശനത്തിനിടെ ഇന്ത്യയും യുഎഇയും തമ്മിൽ തന്ത്രപ്രധാനമായ എണ്ണശേഖരണ കരാറിൽ ഒപ്പുവെച്ചിരുന്നു. യുഎഇയുടെ അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC) ഇന്ത്യയുടെ പെട്രോളിയം സംഭരണശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ഇതിന് പുറമെ എൽപിജി വിതരണത്തിനുള്ള മറ്റൊരു കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഈ വിദേശ പര്യടനത്തിന്റെ വിശദാംശങ്ങൾ മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു.
കൃഷി, വനം, തൊഴിൽ, റോഡ് ഗതാഗതം, കോർപ്പറേറ്റ് കാര്യങ്ങൾ, വിദേശകാര്യം, വാണിജ്യം, ഊർജ്ജം തുടങ്ങി ഒൻപത് വകുപ്പുകൾ തങ്ങളുടെ പ്രവർത്തന റിപ്പോർട്ടുകൾ യോഗത്തിൽ അവതരിപ്പിച്ചു. കഴിഞ്ഞ 12 വർഷത്തെ സർക്കാരിന്റെ നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ പ്രധാനമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടു. ഒപ്പം, 'വികസിത് ഭാരത് 2047' എന്നത് വെറുമൊരു വാഗ്ദാനമല്ല, മറിച്ച് രാജ്യത്തിന്റെ ദൃഢനിശ്ചയമാണെന്നും പരിഷ്കരണ നടപടികൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഏകദേശം 11 മാസങ്ങൾക്ക് ശേഷമാണ് പൂർണ്ണ മന്ത്രിസഭാ കൗൺസിൽ യോഗം ചേരുന്നത്. മൂന്നാം മോദി സർക്കാർ രണ്ട് വർഷവും, ആകെ ഭരണകാലയളവ് 12 വർഷവും പൂർത്തിയാക്കുന്ന ജൂൺ 9-ന് മുൻപായി കേന്ദ്ര മന്ത്രിസഭയിൽ വലിയൊരു അഴിച്ചുപണിക്ക് സാദ്ധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ നിർണ്ണായക യോഗം നടന്നിരിക്കുന്നത്.
Content Highlights: Prime Minister Narendra Modi has encouraged the exploration of biogas and other alternatives to traditional fuels such as LPG. The push is aimed at promoting cleaner energy, reducing dependence on conventional fuels, and supporting sustainable energy practices across the country.