ക്രൂഡ് വില താഴ്ന്നാലും പെട്രോള്‍ വില എന്തുകൊണ്ട് കുറയുന്നില്ല? കാരണം ഇതാണ്...

പലപ്പോഴും ആഗോള വിപണിയില്‍ ക്രൂഡ് വില താഴ്ന്നാലും നികുതിഭാരം ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് അതിന്റെ ഗുണം പൂര്‍ണമായി ലഭിക്കാറില്ല

ക്രൂഡ് വില താഴ്ന്നാലും പെട്രോള്‍ വില എന്തുകൊണ്ട് കുറയുന്നില്ല? കാരണം ഇതാണ്...
dot image

അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും രാജ്യത്ത് ഇന്ധനവില ഉയര്‍ന്നിരിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കൂടുന്നത് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രം പൊതുമേഖല എണ്ണക്കമ്പനികള്‍ക്കും വില കൂട്ടാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില ഇടിയുന്ന ഒരു ഘട്ടത്തിലും ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചിട്ടില്ലെന്ന വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നതാണ്. വര്‍ഷങ്ങളായി ഉപഭോക്താക്കള്‍ ഉന്നയിക്കുന്ന ഈ ചോദ്യത്തിന് പക്ഷേ കൃത്യമായി വിശദീകരണം നല്‍കാന്‍ സര്‍ക്കാരോ എണ്ണക്കമ്പനികളോ തയ്യാറായിട്ടില്ല.

ഇന്ത്യയിലെ ഇന്ധനവില നിര്‍ണയം പൂര്‍ണമായും ക്രൂഡ് ഓയില്‍ വിലയെ മാത്രം ആശ്രയിച്ചല്ല നടക്കുന്നതെന്നതാണ് ഇതിന്റെ മറുവശം. ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയില്‍ ക്രൂഡ് ഓയില്‍ ചെലവിന് പുറമേ കേന്ദ്ര-സംസ്ഥാന നികുതികള്‍, റിഫൈനിങ് ചെലവ്, ഗതാഗത ചെലവ്, ഡീലര്‍ കമ്മീഷന്‍ എന്നിവയും ഉള്‍പ്പെടുന്നു. പലപ്പോഴും ആഗോള വിപണിയില്‍ ക്രൂഡ് വില താഴ്ന്നാലും നികുതിഭാരം ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് അതിന്റെ ഗുണം പൂര്‍ണമായി ലഭിക്കാറില്ല.

കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് തീരുവയും സംസ്ഥാന സര്‍ക്കാരുകളുടെ വാറ്റ് നികുതിയും ചേര്‍ന്നാണ് പെട്രോള്‍-ഡീസല്‍ വിലയുടെ വലിയൊരു വിഹിതം രൂപപ്പെടുന്നത്. കോവിഡ് കാലത്തും അതിന് പിന്നാലെയുമുള്ള വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ വരുമാനം നിലനിര്‍ത്താന്‍ ഇന്ധന നികുതികള്‍ വര്‍ധിപ്പിച്ചിരുന്നു. ഇതിലൂടെ സര്‍ക്കാരുകള്‍ക്ക് വലിയ വരുമാനമാണ് ലഭിച്ചത്. അതിനാല്‍ ക്രൂഡ് വില കുറഞ്ഞ സമയത്തും നികുതി കുറയ്ക്കാന്‍ സര്‍ക്കാരുകള്‍ പലപ്പോഴും തയ്യാറാകാറില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

അതേസമയം, ക്രൂഡ് ഓയില്‍ വില ഉയരുമ്പോള്‍ ഇന്ധനവില വര്‍ധന വളരെ വേഗത്തില്‍ നടപ്പാക്കപ്പെടുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കാരണം, ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്ക് ഇറക്കുമതി ചെലവ് കൂടുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും നേരിട്ട് ബാധിക്കുന്നു. ഇന്ത്യ ആവശ്യമായ ക്രൂഡ് ഓയിലിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതിനാല്‍ ഡോളറിനെതിരെ രൂപ ദുര്‍ബലമാകുമ്പോള്‍ എണ്ണ ഇറക്കുമതി ചെലവും ഉയരും. ആഗോള വിപണിയില്‍ ക്രൂഡ് വില കുറഞ്ഞാലും അതിന്റെ ഗുണം ഉടന്‍ റീട്ടെയില്‍ വിലയില്‍ പ്രതിഫലിക്കണമെന്നില്ല. കമ്പനികള്‍ പഴയ നിരക്കില്‍ വാങ്ങിയ സ്റ്റോക്ക് വിറ്റഴിക്കേണ്ടതുണ്ടാകാം. റിഫൈനിങ് മാര്‍ജിന്‍, ഇന്‍ഷുറന്‍സ് ചെലവ്, ഷിപ്പിങ് ചെലവ് എന്നിവയും വിലനിര്‍ണയത്തില്‍ സ്വാധീനം ചെലുത്തുന്നു.

സമീപകാലത്ത് പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും ആഗോള എണ്ണവിപണിയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ചില ദിവസങ്ങളില്‍ ക്രൂഡ് വില കുത്തനെ താഴ്‌ന്നെങ്കിലും പിന്നീട് വീണ്ടും ഉയരുന്ന സാഹചര്യമാണ് രൂപപ്പെട്ടത്. വിദഗ്ധര്‍ പറയുന്നതനുസരിച്ച്, ഇന്ത്യയില്‍ ഇന്ധനവില കുറയണമെങ്കില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നത് മാത്രം മതിയാകില്ല; നികുതി ഘടനയില്‍ വലിയ മാറ്റവും ആവശ്യമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കള്‍ക്ക് നേരിട്ടുള്ള ആശ്വാസം ലഭിക്കുക. അല്ലാത്തപക്ഷം ആഗോള വിപണിയിലെ വില ഇടിവിന്റെ ഗുണം സര്‍ക്കാര്‍ വരുമാനത്തിലേക്കോ ഓയില്‍ കമ്പനികളുടെ നഷ്ടപരിഹാരത്തിലേക്കോ മാറിപ്പോകും.

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും ഉയര്‍ത്തിയതോടെ സാധാരണ ജനങ്ങളുടെ ചെലവുഭാരം കൂടിയിരിക്കുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷവും ആഗോള വിതരണ അനിശ്ചിതത്വവുമാണ് പുതിയ വിലവര്‍ധനയ്ക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരാഴ്ചക്കിടെ നാലുരൂപയോളമാണ് കേന്ദ്രം കൂട്ടിയത്. അടുത്ത മൂന്ന് മുതല്‍ നാല് മാസം വരെ ഘട്ടംഘട്ടമായി ഇന്ധനവില ഇനിയും ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഓരോ ദിവസവും എണ്ണക്കമ്പനികള്‍ നേരിടുന്നത് ഭീമമായ നഷ്ടമാണെന്നും ഇതു പരിഹരിക്കാന്‍ വില കൂട്ടേണ്ടത് അനിവര്യമാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വരുംദിവസങ്ങളിലും വില കൂട്ടിയാല്‍ സര്‍വകാല റെക്കോഡിലേക്ക് ഇന്ധന നിരക്ക് കടന്നേക്കും.

Content Highlights: The petrol and diesel prices in India have hiked to up to Rs 4 per litre. However, a noticeable trend was around the lowering of crude oil prices. In the past, even when the crude oil was tumbling to record lows, Indians haven't seen that reflect in petrol and diesel prices at the fuel station.

dot image
To advertise here,contact us
dot image