രാജ്യത്ത് തൊഴില്‍ പ്രതിസന്ധി രൂക്ഷമാകുന്നു; തൊഴിലില്ലായ്മ 6 മാസത്തെ ഉയര്‍ന്ന നിരക്കില്‍

ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ വര്‍ധിച്ചതാണ് മൊത്തം നിരക്ക് ഉയരാന്‍ പ്രധാന കാരണം

രാജ്യത്ത് തൊഴില്‍ പ്രതിസന്ധി രൂക്ഷമാകുന്നു; തൊഴിലില്ലായ്മ 6 മാസത്തെ ഉയര്‍ന്ന നിരക്കില്‍
dot image

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6 മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. 15 വയസ്സിനു മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലില്‍ 5.2 ശതമാനമായി ഉയര്‍ന്നു. വെള്ളിയാഴ്ച സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പ്രസിദ്ധീകരിച്ച പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേയിലാണ് ഈ കണക്ക് പുറത്തുവിട്ടത്. കഴിഞ്ഞ ഒക്ടോബറിനു ശേഷമുള്ള ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിത്. മാര്‍ച്ചില്‍ 5.1 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ വര്‍ധിച്ചതാണ് മൊത്തം നിരക്ക് ഉയരാന്‍ പ്രധാന കാരണം.

നഗര മേഖലയില്‍ തൊഴിലില്ലായ്മ കുറയുന്ന പ്രവണതയാണ് രേഖപ്പെടുത്തിയത്. നഗര തൊഴിലില്ലായ്മ നിരക്ക് മാര്‍ച്ചിലെ 6.8 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 6.6 ശതമാനമായി കുറഞ്ഞു. ഇത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ 4.3 ശതമാനത്തില്‍ നിന്ന് 4.6 ശതമാനമായി ഉയര്‍ന്നു.

സ്ത്രീകളുടെ തൊഴിലവസര സാഹചര്യത്തിലും സമ്മിശ്ര ചിത്രം തന്നെയാണ് റിപ്പോര്‍ട്ടിലുള്ളത്. രാജ്യത്തുടനീളമുള്ള വനിത തൊഴിലില്ലായ്മ നിരക്ക് 5.3 ശതമാനത്തില്‍ നിന്ന് 5.4 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ നഗര മേഖലയിലെ വനിത തൊഴിലില്ലായ്മ 9 ശതമാനത്തില്‍ നിന്ന് 8.5 ശതമാനമായി കുറഞ്ഞു. ഇത് ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണെന്ന് വിലയിരുത്തപ്പെടുന്നു. പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 5 ശതമാനത്തില്‍ നിന്ന് 5.1 ശതമാനമായി ഉയര്‍ന്നു.

അതേസമയം, തൊഴില്‍ തേടുന്നവരുടെ പങ്കാളിത്ത നിരക്കിലും ഇടിവ് രേഖപ്പെടുത്തി. 15 വയസിന് മുകളിലുള്ളവരുടെ ലേബര്‍ ഫോഴ്സ് പാര്‍ട്ടിസിപേഷന്‍ റേറ്റ് മാര്‍ച്ചിലെ 55.4 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 55 ശതമാനമായി കുറഞ്ഞു. വനിതകളുടേത് 34.4 ശതമാനത്തില്‍ നിന്ന് 33.9 ശതമാനമായി താഴ്ന്നു. നഗര മേഖലയിലെ വനിതകളുടെ തൊഴില്‍ പങ്കാളിത്തം 25 ശതമാനമായി ഇടിഞ്ഞതും ശ്രദ്ധേയമാണ്.

വര്‍ക്കര്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുപിആര്‍) എന്ന തൊഴിലിലുള്ളവരുടെ അനുപാതവും കുറഞ്ഞു. രാജ്യത്തെ മൊത്തം ഡബ്ല്യുപിആര്‍ മാര്‍ച്ചിലെ 52.6 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 52.2 ശതമാനമായി താഴ്ന്നു. ഗ്രാമീണ മേഖലയില്‍ ഇത് 55.5 ശതമാനത്തില്‍ നിന്ന് 54.9 ശതമാനമായി കുറഞ്ഞപ്പോള്‍ നഗരങ്ങളില്‍ 46.8 ശതമാനത്തില്‍ സ്ഥിരത പുലര്‍ത്തി.

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നഗരങ്ങളില്‍ ശക്തിപ്പെടുമ്പോഴും ഗ്രാമീണ മേഖലയില്‍ തൊഴില്‍ സൃഷ്ടി മന്ദഗതിയിലാണെന്നതാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാര്‍ഷിക മേഖലയിലെ അനിശ്ചിതത്വവും ഗ്രാമീണ സമ്പദ്വ്യവസ്ഥയിലെ സമ്മര്‍ദ്ദവുമാണ് തൊഴിലില്ലായ്മ വര്‍ധിക്കാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

Content Highlights: India's unemployment rate (UR) among persons of age 15 years and above hit a six-month high of 5.2 per cent in April, showed the Periodic Labour Force Survey (PLFS) released by the Ministry of Statistics and Programme Implementation.

dot image
To advertise here,contact us
dot image