വിവാഹമോചനം ലഭിക്കുന്നതു വരെ എന്റെ സിനിമ റിലീസ് ചെയ്യില്ല, എനിക്ക് അഭിനയിക്കാൻ കഴിയുന്നില്ല: രവി മോഹൻ

'കെനിഷയെ നിങ്ങളെല്ലാവരും കൂടി സൈബറാക്രമണം നടത്തി ഓടിച്ചു. നിങ്ങളെയൊന്നും ഞാൻ വെറുതെ വിടാൻ പോകുന്നില്ല'

വിവാഹമോചനം ലഭിക്കുന്നതു വരെ എന്റെ സിനിമ റിലീസ് ചെയ്യില്ല, എനിക്ക് അഭിനയിക്കാൻ കഴിയുന്നില്ല: രവി മോഹൻ
dot image

തന്റെ വിവാഹമോചനവുമായി ഉയർന്നു വരുന്ന വിവാദങ്ങളിൽ പൊട്ടിത്തെറിച്ച് നടൻ രവി മോഹൻ. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ ഇത്രകാലവും മൗനം തുടർന്നെന്നും ഇനി അതുസാധിക്കില്ലെന്നും രവി വ്യക്തമാക്കി. പതിനാലുവർഷമായി ഞാൻ ഇത് സഹിച്ചു, ഒന്നും പ്രതികരിച്ചില്ല. കഴിഞ്ഞ നാലുവർഷമായി ഭാര്യ ആരതിയുമായി വേർപിരിഞ്ഞാണ് കഴിയുന്നത്. സുഹൃത്ത് കെനിഷയ്ക്കെതിരെ ഉയരുന്ന സൈബർ ആക്രമണത്തെക്കുറിച്ചും നടൻ മനസുതുറന്നു. വിവാഹമോചനം ലഭിക്കുന്നതു വരെ താൻ ഇനി അഭിനയിക്കില്ലെന്നും തന്റെ സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്യില്ലെന്നും രവി മോഹൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രവി മോഹന്റെ വാക്കുകൾ:

‘ഇതെന്റെ വ്യക്തിപരമായ അഭിമുഖമായി എടുക്കണം. സിനിമയും ഇതും തമ്മിൽ ബന്ധമില്ല. ഇത്രനാൾ സംസാരിക്കാതെ ഇരുന്നത് വിഡ്ഢിത്തരമായി തോന്നുന്നു. രവി മോഹൻ അല്ലെങ്കിൽ ജയം രവി വളരെ സോഫ്ട് ആയ ആളാണ്. എന്തെങ്കിലും പ്രശ്നമുണ്ടായാലും അതെല്ലാം വിട്ടു കൊടുത്ത് പോകുന്ന ആളാണ്. ശരിയാണ്. അതു തന്നെയാണ് എന്റെ വ്യക്തിത്വം… എന്റെ സ്വഭാവം. എന്നാൽ സാധു മിരണ്ടാൽ, കാട് കൊള്ളാത്! ഇത് എന്റെ ഓഫിസ്. എന്നെ പഞ്ചിങ് ബാഗ് ആയി കരുതുന്നവർക്ക് എന്റെ ഓഫിസിലേക്ക് സ്വാഗതം. കരാട്ടെ കിക്ക് അടിക്കുന്ന പോലെ ഞാൻ ചെയ്യാൻ പോകുകയാണ്.

വിവാഹമോചനം ലഭിക്കുന്നതു വരെ എന്റെ സിനിമ തിയറ്ററിൽ റിലീസ് ചെയ്യില്ല. കാരണം, എനിക്ക് അഭിനയിക്കാൻ കഴിയുന്നില്ല. എനിക്ക് നേരിടേണ്ടി വന്ന അപമാനങ്ങൾ എനിക്ക് താങ്ങാൻ കഴിയുന്നില്ല. എന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളും ഈ സൈബറാക്രമണവും തീർന്നിട്ടേ ഇനി അഭിനയിക്കുന്നുള്ളൂ.

23 വർഷം രാത്രിയും പകലും ഞാൻ ജോലിയെടുത്തു. ഞാൻ അഭിനയിച്ച 95% ചിത്രങ്ങളും വിജയിച്ചവയാണ്. രണ്ടാമത്തെ ചിത്രത്തിൽ സംസ്ഥാനപുരസ്കാരം ലഭിച്ചു. എത്രയെത്ര പുരസ്കാരങ്ങൾ! എന്റെ കഴിവിലൂടെ മാത്രം നേടിയ പുരസ്കാരങ്ങൾ അനവധിയാണ്. എന്റെ അപ്പയും അണ്ണനും നാലു വർഷം ജോലി തന്നെ ചെയ്തില്ല. പക്ഷേ, എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് ഞാൻ ജോലിക്ക് പോയിട്ടുണ്ട്. എന്റെ കുടുംബമാണ് എനിക്ക് എല്ലാം. അതു തൊട്ടാൽ ഞാൻ വെറുതെ ഇരിക്കില്ല. എന്തു കരുതി? ഇത്രയൊക്കെ ചെയ്തിട്ട് ഞാൻ മിണ്ടാതെ ഇരിക്കുമെന്ന് കരുതിയോ? ഇത്രകാലം മിണ്ടാതെ ഇരുന്നത് എന്റെ തെറ്റ്. പോകട്ടെ, സാരമില്ല, സ്ത്രീയല്ലേ എന്നൊക്കെ കരുതി ഞാൻ മിണ്ടാതെ ഇരുന്നു. എന്ത് സ്ത്രീ? ഫെമിനിസം എന്നാൽ എന്താണെന്ന് അറിയുമോ? റേപ്പിനെ എതിരെ സിനിമയെടുത്ത ആളാണ് ഞാൻ. പടം ഓടുമെന്നു പോലും ഉറപ്പില്ലാതിരുന്നിട്ടും അത്തരമൊരു സിനിമ എടുക്കാൻ ധൈര്യം കാണിച്ച വ്യക്തിയാണ് ഞാൻ. അങ്ങനെയുള്ള എനിക്ക് സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് അറിയില്ലേ? എന്റെ അമ്മ അങ്ങനെയല്ല വളർത്തിയത്.

14 വർഷം ഞാൻ അവർക്കൊപ്പം (ആരതി) ജീവിച്ചില്ലേ? അവർ എന്റെ ദൈവം പോലെ ആയിരുന്നു. അവരാണ് എന്നോട് ദേഷ്യപ്പെടാറുള്ളത്, ഞാനല്ല! എന്റെ പഴയ അഭിമുഖങ്ങളെടുത്തു നോക്കൂ. അതിൽ ഞാനിങ്ങനെ പറയുന്നത് നിങ്ങൾക്കു കാണാം. ഈ 2 വർഷം ഞാൻ മിണ്ടാതെ ഇരുന്നത് സത്യം ജയിക്കണം എന്നുള്ളതുകൊണ്ടാണ്. ഞാനും ഫെമിനിസ്റ്റ് ആണ്. എന്റെ കുടുംബത്തിന് എതിരായി ഞാനെങ്ങനെ സംസാരിക്കും? 14 വർഷം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ. അതുമായി പൊരുത്തപ്പെട്ട് ജീവിച്ചില്ലേ? എന്റെ കുട്ടികളെ കണ്ടുകൊണ്ടിരിക്കാൻ അത്രയും ഞാൻ ആഗ്രഹിച്ചു. ഞാനും അവനും കൂടി ടിക് ടിക് എന്ന പടം ചെയ്തുകൊണ്ടിരുന്നപ്പോൾ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസങ്ങളെന്ന് ഞാൻ ട്വീറ്റ് ചെയ്തു. അവർ എന്റെ മക്കളാണ്. ഞാനെങ്ങനെ അവരെ ഒഴിവാക്കും? രണ്ടുപേരുടെ സ്കൂൾ ഫീസ് 50 ലക്ഷം രൂപ! എത്രയോ വർഷമായി ഞാൻ അത് അടയ്ക്കുന്നു. അവർക്ക് നല്ലൊരു ജീവിതം കിട്ടാൻ വേണ്ടിയാണ് ഇതെല്ലാം ഞാൻ ചെയ്തത്.

കുട്ടികളോടുള്ള എന്റെ ഇഷ്ടത്തെ ചോദ്യം ചെയ്യരുത്? എല്ലാ ദിവസവും രാത്രി ഞാൻ അവന്റെ കൂടെ ഇരുന്ന് ചെസ്സ് കളിക്കും. ഞാനെന്നും തോറ്റു പോകും. ആ എന്നോടാണോ പറയുന്നത് എനിക്ക് കുട്ടികളെ ഇഷ്ടമല്ലെന്ന്! അവരെ കാണാൻ സമ്മതിക്കുന്നില്ല. ഫോൺ വരെ പിടിച്ചു വച്ചിരിക്കുകയാണ്. സ്കൂളിലേക്ക് ബോഡി ഗാർഡിനെ വച്ചാണ് പറഞ്ഞയയ്ക്കുന്നത്. ഈ വിഡിയോ അവർ കാണണം എന്നാണ് എന്റെ ആഗ്രഹം. ആ ജീവിതം സഹിക്കാൻ പറ്റാതെയാണ് ഞാൻ ഓടി പോന്നത്. ഇത്രകാലം അവർക്കൊപ്പം ഉണ്ടായിരുന്നില്ലേ? അപ്പോഴൊന്നും തോന്നിയില്ലേ? ഞാൻ അവരെ നോക്കുന്നില്ലെന്ന് അപ്പോഴൊന്നും തോന്നിയില്ലേ? എത്ര കോടിയുടെ വീടാണെന്ന് പോയി ചോദിക്കൂ. ഇതൊക്കെ ആർക്കു വേണ്ടിയാണ്? അവർക്കു വേണ്ടി! ഞാൻ കൂടെ ഉണ്ടായിരുന്നപ്പോൾ പറയാൻ കഴിഞ്ഞില്ലെങ്കിൽ ഇനി മിണ്ടരുത്.

കെനിഷയെ നിങ്ങളെല്ലാവരും കൂടി സൈബറാക്രമണം നടത്തി ഓടിച്ചു. നിങ്ങളെയൊന്നും ഞാൻ വെറുതെ വിടാൻ പോകുന്നില്ല. കെനിഷ എന്നല്ല എന്റെ സഹോദരങ്ങൾക്ക് ഇങ്ങനെ സംഭവിച്ചാലും ഞാൻ ഇതുപോലെ തന്നെയാണ് പ്രതികരിക്കുക. എന്റെ യഥാർഥ അവസ്ഥ മനസ്സിലാക്കി എന്നെ പിന്തുണച്ചവരുണ്ട്. അവരെ ഞാൻ മറക്കില്ല. മനസ്സു കൊണ്ടു പോലും ഒരാളെക്കുറിച്ച് മോശം കരുതാത്ത ആളാണെന്ന് കാർത്തി എന്നെക്കുറിച്ച് പറഞ്ഞു. ഞാനങ്ങനെ പേര് പരാമർശിക്കാൻ ആഗ്രഹിച്ച് പറഞ്ഞതല്ല. കാർത്തി എന്റെ സുഹൃത്ത് ആണ്. വീട് ഉപേക്ഷിച്ച് വെറും കയ്യോടെ വന്നവനാണ് ഞാൻ. ഇപ്പോൾ ഞാൻ വാടകവീട്ടിലാണ് താമസിക്കുന്നത്. അവരൊക്കെ നന്നായി ജീവിക്കുന്നു. കോടിക്കണക്കിന് രൂപയുള്ള വീട്ടിൽ നന്നായി ജീവിക്കുന്നു.

ഒരാളെ സമാധാനമായി ജോലി ചെയ്യാൻ സമ്മതിക്കില്ലേ? അവർ എന്നെ എന്തു ചെയ്താലും ഞാൻ വെറുതെ ഇരിക്കണം. അതെന്താ അങ്ങനെ? ഞാൻ സെലിബ്രിറ്റി ആയതുകൊണ്ടാണോ? ഇമേജ് നോക്കേണ്ടതുകൊണ്ടാണോ? എനിക്ക് ഇനി അങ്ങനെയൊരു ഇമേജ് വേണ്ട. ആദ്യം ഞാനൊരു മനുഷ്യനാണ്. ആണും പെണ്ണുമെന്നതൊക്കേ അതിനു ശേഷം വരുന്നതാണ്’.

Content Highlights: Ravi Mohan shocking statements at press meet goes viral

dot image
To advertise here,contact us
dot image