

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമയാണ് പേട്രിയറ്റ്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തുവന്നിരിക്കുകയാണ്.
'മനുഷ്യൻ' എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിനായി സംഗീതം ഒരുക്കിയത് സുഷിൻ ശ്യാം ആണ്. മമ്മൂട്ടിയും ശക്തിശ്രീ ഗോപാലനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാർ ആണ് ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത്. ഗാനത്തിന്റെ റിലീസിന് പിന്നാലെ ആരുമറിയാതെ ആണ് ഗാനം റിലീസാക്കിയത് എന്ന പരാതിയുമായി എത്തിയിരിക്കുകയാണ് പ്രേക്ഷകർ. 'ആരും അറിയാതെ സീക്രെട്ട് ആയിട്ടാണോ ഇതൊക്കെ റിലീസ് ആക്കുന്നെ', ഹൈപ്പ് കുറയ്ക്കാൻ ആരുമറിയാതെ റിലീസാക്കി' എന്നിങ്ങനെയാണ് ഗാനത്തിന് താഴെ വരുന്ന കമന്റുകൾ. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്.
ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി - മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ ഹൈലൈറ്റ് ആയിരിക്കും ഇവരുടെ കോമ്പിനേഷൻ രംഗങ്ങൾ. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
Content Highlights: Sushin Shyam released patriot new song with mammootty vocals, fans call it a hit