പൂരം നടത്തിപ്പില്‍ തീരുമാനം ഇന്നുതന്നെ; നിര്‍ണായക യോഗം ഇന്ന്, ആർഭാടം വേണ്ടെന്ന നിലപാടിൽ സർക്കാർ

വെടിക്കെട്ട് അപകടത്തിൽ നിരവധി പേർ മരിച്ച സാഹചര്യത്തിൽ ആഘോഷം വേണ്ടെന്ന പൊതുവികാരമുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍

പൂരം നടത്തിപ്പില്‍ തീരുമാനം ഇന്നുതന്നെ; നിര്‍ണായക യോഗം ഇന്ന്, ആർഭാടം വേണ്ടെന്ന നിലപാടിൽ സർക്കാർ
dot image

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം നടത്തണമോയെന്ന കാര്യത്തില്‍ അന്തിമതീരുമാനം ഇന്ന്. ദേവസ്വം മന്ത്രിയുമായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ഇന്ന് ചര്‍ച്ച നടത്തും. പൂരം നടത്തിപ്പില്‍ തീരുമാനം ഇന്നുതന്നെയുണ്ടാകും എന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. പൂരം ഏകോപനത്തിനാണ് ഹൈക്കോടതിയുടെ അനുമതിയോടെ യോഗം വിളിച്ചതെന്നും വെടിക്കെട്ട് അപകടത്തോടെ അസാധാരണ സാഹചര്യമുണ്ടായെന്നും വി എന്‍ വാസവന്‍ പറഞ്ഞു.

ദേവസ്വങ്ങള്‍ പറയുന്ന എല്ലാ കാര്യങ്ങളും കേട്ട് തീരുമാനമെടുക്കണമെന്നും ഒരു മുന്‍വിധിയോടെ യോഗത്തെ സമീപിക്കില്ലെന്നും വി എന്‍ വാസവന്‍ പറഞ്ഞു. യോഗത്തിന് മുന്നോടിയായി മന്ത്രിമാരായ ആര്‍ ബിന്ദു, കെ രാജന്‍ എന്നിവരുമായി വി എന്‍ വാസവന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ആര്‍ഭാടം വേണ്ട എന്ന നിലപാടിലാണ് സര്‍ക്കാര്‍. വെടിക്കെട്ട് അപകടം നടന്ന് നിരവധി പേര്‍ മരിച്ച സാഹചര്യത്തില്‍ ആഘോഷം വേണ്ടെന്ന പൊതുവികാരമുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

തൃശൂര്‍ പൂരം ഭംഗിയായി നടത്തണമെന്നതാണ് ജനവികാരമെന്നാണ് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞത്. പാറമേക്കാവ് ഭാഗം ഇന്നലെ യോഗം ചേര്‍ന്നിരുന്നെന്നും ഒരാള് പോലും പൂരം നടത്തേണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും ജി രാജേഷ് പറഞ്ഞു. ആ നിലപാട് ഇന്നത്തെ യോഗത്തില്‍ പറയുമെന്നും ദേശക്കാരുടെ വികാരം അറിയിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും രാജേഷ് പറഞ്ഞു. 'ഭരണസമിതി യോഗത്തിലും ആഘോഷ കമ്മിറ്റി യോഗത്തിലും പൂരം നടത്തണം എന്നുളളതായിരുന്നു ആവശ്യം. ആ നിലപാട് ഇന്നത്തെ യോഗത്തില്‍ അറിയിക്കും. സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കാം. വെടിക്കെട്ട് നടത്തണം. രണ്ടുമാസമായി വെടിമരുന്നുകള്‍ ഉണ്ടാക്കിവെച്ചിരിക്കുകയാണ്. വെടിക്കെട്ട് നടത്താതെ അതെങ്ങനെയാണ് ഒഴിവാക്കുക. 2006-ല്‍ വെടിക്കെട്ട് അപകടമുണ്ടായിട്ടും പൂരം നടന്നു. ഇപ്പോള്‍ എന്താണ് മറ്റൊരു നിലപാട്. അത് പൂരത്തിനെ തകര്‍ക്കാനാണോ എന്നാണ് സംശയം' എന്നും ജി രാജേഷ് പറഞ്ഞു.

Content Highlights: Thrissur Pooram Decision-making meeting today, government insists on no celebration

dot image
To advertise here,contact us
dot image