മറ്റു ഖനികളേക്കാള്‍ 6 മടങ്ങ് അധികം സ്വര്‍ണനിക്ഷേപം! ലോകത്തെ അമ്പരപ്പിച്ച് മരിയ ജെറാള്‍ഡ

ആമസോണ്‍ വനമേഖലയിലെ കനത്ത മഴയും ഭൂപ്രകൃതിയും ഖനനത്തിന് വെല്ലുവിളിയാണ്

മറ്റു ഖനികളേക്കാള്‍ 6 മടങ്ങ് അധികം സ്വര്‍ണനിക്ഷേപം! ലോകത്തെ അമ്പരപ്പിച്ച് മരിയ ജെറാള്‍ഡ
dot image

ലാറ്റിനമേരിക്കന്‍ രാജ്യമായ സുരിനാമില്‍ നടത്തിയ ഖനനത്തില്‍ വന്‍ സ്വര്‍ണശേഖരം കണ്ടെത്തി. മരിയ ജെറാള്‍ഡ എന്ന് വിളിക്കുന്ന ഖനന മേഖലയില്‍ നടത്തിയ ഡ്രില്ലിങ്ങില്‍, 22.5 മീറ്റര്‍ താഴ്ചയില്‍ ഒരു ടണ്‍ പാറയില്‍ 11.88 ഗ്രാം എന്ന തോതില്‍ സ്വര്‍ണത്തിന്റെ സാന്നിധ്യം കണ്ടെത്തി. ഉയര്‍ന്ന ഗുണമേന്മയുള്ള സ്വര്‍ണമാണ് പ്രദേശത്തുനിന്ന് ലഭിച്ചത്. സാധാരണയായി സ്വര്‍ണ്ണഖനികളില്‍ ഒരു ടണ്‍ അയിരില്‍നിന്ന് രണ്ട് ഗ്രാം വരെ സ്വര്‍ണമാണ് ലഭിക്കാറുള്ളത്. എന്നാല്‍ ഇവിടെ കണ്ടെത്തിയ ശേഖരത്തില്‍ അതിന്റെ ആറിരട്ടിയിലധികം സ്വര്‍ണമുണ്ട്.

സ്വര്‍ണത്തിന്റെ അളവ് കൂടുമ്പോള്‍ ഖനനത്തിനുള്ള ചെലവ് കുറയുകയും ലാഭം വര്‍ധിക്കുകയും ചെയ്യും. കുറഞ്ഞ അളവില്‍ പാറ പൊട്ടിച്ചുകൊണ്ട് കൂടുതല്‍ സ്വര്‍ണം വേര്‍തിരിച്ചെടുക്കാം എന്നത് വലിയ ബിസിനസ് സാധ്യതയാണ്. കനേഡിയന്‍ കമ്പനിയായ ഫൗണ്ടേഴ്‌സ് മെറ്റല്‍സ് ഇങ്ക് ആണ് പര്യവേക്ഷണത്തിന് നേതൃത്വം നല്‍കുന്നത്. ഭൂമിയുടെ ഉപരിതലത്തില്‍ നടത്തിയ പരിശോധനകളില്‍ തന്നെ ഇവിടെ സ്വര്‍ണ സാന്നിധ്യത്തിന്റെസൂചനകള്‍ ലഭിച്ചിരുന്നു. വൈകാതെ കൂടുതല്‍ വിശാലമായ ഖനനത്തിന് ഒരുങ്ങുകയാണ് കമ്പനി.

ഭൗമശാസ്ത്രപരമായ പ്രത്യേകത

സുരിനാം, ഗയാന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഗയാന ഷീല്‍ഡ് എന്നറിയപ്പെടുന്ന പുരാതന ഭൂപ്രദേശത്താണ് ഈ സ്വര്‍ണ ശേഖരമുള്ളത്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിക്കടിയിലുണ്ടായ ചലനങ്ങളും സമ്മര്‍ദങ്ങളും മൂലം രൂപപ്പെട്ട പാറയിടുക്കുകളില്‍ സ്വര്‍ണം കലര്‍ന്ന ദ്രാവകങ്ങള്‍ അടിഞ്ഞുകൂടിയാണ് ഇത്തരത്തിലുള്ള നിക്ഷേപങ്ങള്‍ ഉണ്ടായതെന്ന് ഭൗമശാസ്ത്രജ്ഞനായ വിന്‍സെന്റ് കോംബ്‌സ് വിശദീകരിക്കുന്നു.

സുരിനാമിന്റെ ജിഡിപിയുടെ 60 ശതമാനവും കയറ്റുമതി വരുമാനത്തിന്റെ 90 ശതമാനവും ഖനനത്തില്‍നിന്നും എണ്ണയില്‍നിന്നുമാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ, ഇത്തരമൊരു കണ്ടെത്തല്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ഗുണകരമാകും. പുതിയ തൊഴിലവസരങ്ങള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഇത് വഴിയൊരുക്കും.

ആമസോണ്‍ വനമേഖലയിലെ കനത്ത മഴയും ഭൂപ്രകൃതിയും ഖനനത്തിന് വെല്ലുവിളിയാണ്. വനനശീകരണം ഒഴിവാക്കാനും പരിസ്ഥിതി സൗഹൃദമായി ഖനനം നടത്താനുമുള്ള കര്‍ശന നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, തദ്ദേശവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമാണ്. നിലവില്‍ ഒരു സ്ഥലത്ത് മാത്രമാണ് ഇത്രയും വലിയ നിക്ഷേപം കണ്ടെത്തിയിട്ടുള്ളത്. ഇത് ഒരു പൂര്‍ണ സ്വര്‍ണ ഖനിയായി മാറണമെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഡ്രില്ലിങ് നടത്തി പരിശോധിക്കേണ്ടതുണ്ട്.

Content Highlights: A drill bit turning in an unexplored patch of southeastern Suriname has cut through 22.5 metres of rock carrying 11.88 grams of gold per tonne. The intercept came from the third hole ever sunk at a site called Maria Geralda, according to details released by Founders Metals Inc. and corroborated by geological reporting.

dot image
To advertise here,contact us
dot image