ഇറാന്‍ യുദ്ധത്തിനിടെ കടത്തില്‍ മുങ്ങി യുഎസ്; ട്രംപിന്റെ താരിഫ് നയങ്ങള്‍ക്കും തിരിച്ചടി

കടം കൈകാര്യം ചെയ്യുന്നതിനായുള്ള പലിശയിനത്തില്‍ മാത്രം പ്രതിവര്‍ഷം ഒരു ലക്ഷം കോടി ഡോളറിലധികം ചെലവാകുന്നുണ്ട്. ഇത് അമേരിക്കയുടെ ആകെ പ്രതിരോധ ബജറ്റിനേക്കാള്‍ കൂടുതലാണ്

ഇറാന്‍ യുദ്ധത്തിനിടെ കടത്തില്‍ മുങ്ങി യുഎസ്; ട്രംപിന്റെ താരിഫ് നയങ്ങള്‍ക്കും തിരിച്ചടി
dot image

ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ യുഎസ് സമ്പദ്‌വ്യവസ്ഥ കൂടുതല്‍ മോശമായിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ദേശീയ കടം ചരിത്രത്തിലാദ്യമായി 39 ലക്ഷം കോടി ഡോളര്‍ (ഏകദേശം 3,200 ലക്ഷം കോടിയിലധികം രൂപ) എന്ന ഭീമാകാരമായ സംഖ്യയില്‍ എത്തി. ആശങ്കാജനകമായ ഈ സാഹചര്യത്തില്‍, ഭരണഘടനാ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കണമെന്ന് ഹൗസ് ബജറ്റ് കമ്മിറ്റി ചെയര്‍മാന്‍ ജോഡി അറിങ്ടണ്‍ ആവശ്യപ്പെട്ടു. യുഎസ് ജിഡിപിയുടെ 124 ശതമാനമാണ് നിലവിലെ കടം. കഴിഞ്ഞ എട്ട് മാസത്തിനിടെ കടം 2 ലക്ഷം കോടി വര്‍ധിച്ചെന്ന് ഫോര്‍ച്യൂണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

donald trump

നേരത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നികുതി പരിഷ്‌കാരങ്ങള്‍ യുഎസ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തന്റെ നികുതി പരിഷ്‌കാരങ്ങള്‍ യുഎസിന് വലിയ ഗുണമായി എന്നായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാല്‍ ഈ വാദങ്ങളെ പൂര്‍ണമായും തള്ളുന്നതാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കട പരിധി താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനുശേഷം മാത്രം കടം 2.8 ലക്ഷം കോടി ഡോളര്‍ വര്‍ധിച്ചിട്ടുണ്ട്.

38 ലക്ഷം കോടി ഡോളറില്‍നിന്നും കടം 39 ലക്ഷം കോടി ഡോളറായി ഉയരാന്‍ വെറും അഞ്ച് മാസമാണെടുത്തത്. ട്രംപിന്റെ നികുതി പരിഷ്‌കാരങ്ങള്‍ നിലനിന്നിരുന്ന കാലത്തും കടം വര്‍ധിക്കുകയായിരുന്നുവെന്ന് സാരം. നിലവില്‍ ഇറാന്‍ യുദ്ധം ട്രംപ് താല്‍ക്കാലികമായി നിര്‍ത്തിയത് ഖജനാവിന്റെ ഈ മോശം അവസ്ഥ കാരണമാണെന്ന് വിദഗ്ധര്‍ പറയുന്നു. യുദ്ധം തുടങ്ങിയതിനു ശേഷം ട്രംപ് സര്‍ക്കാരിന്റെ ചെലവ് കുതിച്ചുയര്‍ന്നിട്ടുണ്ട്. വായ്പകളുടെ പലിശ അടയ്ക്കാന്‍ തന്നെ സര്‍ക്കാര്‍ പാടുപെടുന്നുവെന്നാണ് വിവരം.

യുഎസിന്റെ ആദ്യത്തെ ഒരു ലക്ഷം കോടി ഡോളര്‍ കടം ഏകദേശം 200 വര്‍ഷമെടുത്തിനിടെയാണ് ഉണ്ടായത്. എന്നാല്‍ ഇന്ന്, മാസങ്ങള്‍ക്കുള്ളില്‍ ഓരോ ലക്ഷം കോടി ഡോളറും കടത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്. നിലവില്‍ രാജ്യത്തെ ഓരോ കുട്ടിയുടെയും തലയില്‍ 5,30,000 ഡോളറിന്റെ കടബാധ്യതയുണ്ടെന്ന് അറിങ്ടണ്‍ ചൂണ്ടിക്കാട്ടി. വരുംതലമുറയുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഈ വലിയ സാമ്പത്തിക ഭാരം ഉടന്‍ തിരുത്തപ്പെടേണ്ട ഒന്നാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

രാജ്യത്തിന്റെ കടം കൈകാര്യം ചെയ്യുന്നതിനായുള്ള പലിശയിനത്തില്‍ മാത്രം പ്രതിവര്‍ഷം ഒരു ലക്ഷം കോടി ഡോളറിലധികം ചെലവാകുന്നുണ്ട്. ഇത് അമേരിക്കയുടെ ആകെ പ്രതിരോധ ബജറ്റിനേക്കാള്‍ കൂടുതലാണ്. ജോ ബൈഡന്‍ അധികാരമേറ്റ സമയത്തെ അപേക്ഷിച്ച് പലിശ ചെലവ് മൂന്നിരട്ടിയായി വര്‍ധിച്ചുവെന്നതും ശ്രദ്ധേയമാണ്.

സാമ്പത്തിക പ്രതിസന്ധി ഇത്രയും രൂക്ഷമായിട്ടും, അത് നേരിടുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരിക്കുകയാണെന്ന് അറിങ്ടണ്‍ കുറ്റപ്പെടുത്തി. വാഷിങ്ടണിലെ ഭരണകൂടത്തിന് കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, ഭരണഘടനയുടെ അഞ്ചാം അനുച്ഛേദം പ്രകാരം സംസ്ഥാനങ്ങള്‍ക്കും ജനങ്ങള്‍ക്കും ഇടപെടാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക അച്ചടക്കം കൊണ്ടുവരുന്നതിനായി ഭരണഘടനാ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കാന്‍ അദ്ദേഹം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.

ചരിത്രം പരിശോധിച്ചാല്‍, 1990ല്‍ യുഎസിന്റെ ദേശീയ കടം 3.2 ലക്ഷം കോടി ഡോളറായിരുന്നു. 2000 ത്തിന്റെ തുടക്കത്തില്‍ ഇത് 5.7 ലക്ഷം കോടി ഡോളറായി. 2010-ല്‍ ഇത് 13.6 ലക്ഷം കോടി ഡോളറും, 2020-ല്‍ 27 ലക്ഷം കോടി ഡോളറുമായി. നിലവില്‍ ഇത് 39 ലക്ഷം കോടി ഡോളറിലെത്തി നില്‍ക്കുന്നു. മൊത്തം കടത്തിന്റെ 31.3 ലക്ഷം കോടി ഡോളറും പൊതു കടമാണെന്ന് ഫിസ്‌കല്‍ സര്‍വീസ് ബ്യൂറോ വ്യക്തമാക്കുന്നു. ബാക്കി 7.6 ലക്ഷം കോടി ഡോളര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്.

ഇറാന്‍- ഇസ്രായേല്‍ യുദ്ധത്തിനായി യുഎസ് ഇതിനോടകം വന്‍തോതില്‍ പണം ചെലവഴിച്ചിട്ടുണ്ട്. ഇതിനിടെ സര്‍ക്കാരില്‍നിന്നും 20,000 കോടി ഡോളറിലധികം അധിക ധനസഹായം യുഎസ് പ്രതിരോധ വകുപ്പ് (പെന്റഗണ്‍) ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇത്തരം വലിയ പേഔട്ട് സര്‍ക്കാരിന് താങ്ങാവുന്നതിലും അപ്പുറമാണ്. ഇറാന്‍ യുദ്ധത്തില്‍ ട്രംപ് അയഞ്ഞതും ഈ സാമ്പത്തിക ഞെരുക്കം കൊണ്ടു തന്നെയെന്നാണ് ചില വിദഗ്ധര്‍ കരുതുന്നത്. പശ്ചിമേഷ്യയില്‍ യുദ്ധത്തിനിറങ്ങിയ ട്രംപ് ഭരണകൂടത്തിന് വലിയ തിരിച്ചടിയാവുകയാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

Content Highlights: US National Debt Hits Record Breaking $39 Trillion

dot image
To advertise here,contact us
dot image