യുദ്ധഭീതിയിൽ സ്വർണത്തിളക്കം, റെക്കോർഡുകൾ വീണ്ടും ഭേദിക്കുമോ? ലാഭമെടുപ്പിൽ കണ്ണുനട്ട് നിക്ഷേപകർ

ഇറാൻ-ഇസ്രായേൽ തർക്കം പോലുള്ള പ്രശ്നങ്ങൾ ആഗോള വിതരണ ശൃംഖലയെ ബാധിക്കുമെന്ന പേടി നിക്ഷേപകർക്കുണ്ട്

യുദ്ധഭീതിയിൽ സ്വർണത്തിളക്കം, റെക്കോർഡുകൾ വീണ്ടും ഭേദിക്കുമോ? ലാഭമെടുപ്പിൽ കണ്ണുനട്ട് നിക്ഷേപകർ
dot image

ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിലെ അനിശ്ചിതത്വം കാരണം സുരക്ഷിത നിക്ഷേമെന്ന നിലയിൽ സ്വർണത്തിനും വെള്ളിക്കും ഡിമാൻഡ് ഏറുകയാണ്. പശ്ചിമേഷ്യയിലെ യുദ്ധസമാന സാഹചര്യങ്ങൾ നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്. ഓഹരി വിപണിയിൽ ഇടിവുണ്ടാകാൻ സാധ്യതയുള്ളതിനാൽ, നിക്ഷേപകർ തങ്ങളുടെ പണം കൂടുതൽ സുരക്ഷിതമായ സ്വർണത്തിലേക്ക് മാറ്റുന്നു. ചരിത്രപരമായി, ലോകത്ത് യുദ്ധമോ വലിയ പ്രതിസന്ധികളോ ഉണ്ടാകുമ്പോൾ സ്വർണവില ഉയരാറുണ്ട്.

gold investing

അമേരിക്കയിലെ പലിശനിരക്കുകളിൽ മാറ്റം വരുത്താനുള്ള ഫെഡറൽ റിസർവിന്റെ നീക്കങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നു. നാണയപ്പെരുപ്പം വർധിക്കുമ്പോൾ പണത്തിന്റെ മൂല്യം കുറയുന്നത് തടയാൻ സ്വർണം സഹായിക്കുമെന്ന് നിക്ഷേപകർ വിശ്വസിക്കുന്നു.

വില വീണ്ടും ഉയരുമോ?

വിദഗ്ധരുടെ അഭിപ്രായത്തിൽ, സംഘർഷങ്ങൾ തുടരുകയാണെങ്കിൽ രാജ്യാന്തര വിപണിയിൽ സ്വർണവില ഇനിയും ഉയരാൻ സാധ്യതയുണ്ട്. എന്നാൽ വിപണിയിലെ ലാഭമെടുപ്പ് നടക്കുമ്പോൾ വിലയിൽ നേരിയ കുറവും പ്രകടമായേക്കാം. ഓഹരി വിപണിയിലോ കറൻസികളുടെ മൂല്യത്തിലോ ഇടിവുണ്ടാകുമ്പോൾ നിക്ഷേപകർക്ക് പേടി തുടങ്ങും. തങ്ങളുടെ പണം നഷ്ടപ്പെടാതിരിക്കാൻ അവർ ഓഹരികൾ വിറ്റ് സ്വർണം വാങ്ങിക്കൂട്ടുന്നു. വാങ്ങുന്നവരുടെ എണ്ണം കൂടുമ്പോൾ സ്വാഭാവികമായും സ്വർണവില കുതിച്ചുയരുന്നു.

gold investing

ഇറാൻ-ഇസ്രായേൽ തർക്കം പോലുള്ള പ്രശ്നങ്ങൾ ആഗോള വിതരണ ശൃംഖലയെ ബാധിക്കുമെന്ന പേടി നിക്ഷേപകർക്കുണ്ട്. ഇത് സ്വർണവില റെക്കോർഡ് നിലവാരത്തിലേക്ക് വീണ്ടും എത്തിക്കാൻ സാധ്യതയുണ്ട്. അതിനിടക്ക് വ്യാപാരികൾ ലാഭമെടുപ്പ് നടത്താറുണ്ട്. വില കുത്തനെ ഉയർന്നതിന് ശേഷം പെട്ടെന്ന് വില കുറയുന്ന പ്രതിഭാസമാണിത്. ഇത് വിപണിയിലെ ഒരു സ്വാഭാവിക കാര്യമാണ്.

ഒരുമിച്ച് ലാഭമെടുപ്പ് നടത്തിയാലോ?

കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങിവെച്ചിട്ടുള്ള വലിയ നിക്ഷേപകർ, ഉദാഹരണത്തിന് ബാങ്കുകൾ അല്ലെങ്കിൽ വലിയ ഫണ്ടുകൾ, വില നിശ്ചിത പരിധിയിൽ എത്തിയാൽ അത് വിൽക്കാൻ തുടങ്ങും. വില റെക്കോർഡ് നിലവാരത്തിൽ നിൽക്കുമ്പോൾ സ്വർണ്ണം വിറ്റ് ലാഭം കൈക്കലാക്കുന്നതിനെയാണ് ലാഭമെടുപ്പ് എന്ന് പറയുന്നത്.

ഒരേസമയം ധാരാളം ആളുകൾ സ്വർണം വിൽക്കാൻ തുടങ്ങുമ്പോൾ വിപണിയിൽ സ്വർണ്ണത്തിന്റെ ലഭ്യത കൂടുകയും, വാങ്ങുന്നവർ കുറയുകയും ചെയ്യുന്നു. ഇത് വിലയിൽ നേരിയ കുറവ് വരുത്താൻ കാരണമാകുന്നു. ചുരുക്കത്തിൽ ആഗോള വിപണിയിലെ അസ്ഥിരത നിലനിൽക്കുന്നിടത്തോളം കാലം സ്വർണം അതിന്റെ തിളക്കം നിലനിർത്തും. നിക്ഷേപകർ ജാഗ്രതയോടെ വിപണിയെ നിരീക്ഷിക്കേണ്ട സമയമാണിത്.

Content Highlights: Understanding the Dynamics Behind Gold Prices

dot image
To advertise here,contact us
dot image