ആഗോള വിപണി വാഴാൻ ഇന്ത്യ, കൂട്ടിന് ചൈനയും, കുതിപ്പിന്റെ 44 ശതമാനം ഇനി ഈ കരുത്തർക്ക്

ചൈനയ്ക്കും ഇന്ത്യയ്ക്കും പിന്നിലായി 9.9 ശതമാനം ജിഡിപി വളര്‍ച്ചയുമായി യുണൈറ്റഡ് സ്റ്റേറ്റ്‌സും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്

ആഗോള വിപണി വാഴാൻ ഇന്ത്യ, കൂട്ടിന് ചൈനയും, കുതിപ്പിന്റെ 44 ശതമാനം ഇനി ഈ കരുത്തർക്ക്
dot image

വരും വര്‍ഷങ്ങളില്‍ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക വളര്‍ച്ചയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന രാജ്യങ്ങളായി തുടരുമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ റിപ്പോര്‍ട്ട്. ഐഎംഎഫ് പ്രവചനമനുസരിച്ച്, ഈ രണ്ട് രാജ്യങ്ങളും ചേര്‍ന്ന് ആഗോള ജിഡിപി വളര്‍ച്ചയില്‍ ഏകദേശം 44% വരെ പങ്ക് വഹിക്കും.

gdp growth

2026 മുതല്‍ 2030 വരെയുള്ള കാലയളവിലെ പ്രവചനമാണ് പുറത്തു വന്നിരിക്കുന്നത്. ആഗോള സാമ്പത്തിക വികാസത്തില്‍ ചൈന 26.6% സംഭാവന നല്‍കുമെന്ന് പ്രതീക്ഷിക്കുമ്പോള്‍, ഇന്ത്യ ഏകദേശം 17% നല്‍കും. ഈ രണ്ട് പ്രധാന ഏഷ്യന്‍ സമ്പദ്വ്യവസ്ഥകളും ചേര്‍ന്നാണ് ആഗോള വളര്‍ച്ചയുടെ ഏകദേശം 43.6% സംഭാവന ചെയ്യുകയെന്നാണ് വിലയിരുത്തല്‍.

ഐഎംഎഫ് പ്രസിദ്ധീകരിക്കുന്ന വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടിലാണ് ഈ ഈ കണക്കുകള്‍ പ്രതിപാദിക്കുന്നത്. വിവിധ രാജ്യങ്ങള്‍ ആഗോള ജിഡിപി വളര്‍ച്ചയില്‍ എത്രത്തോളം സംഭാവന നല്‍കുമെന്ന് ഈ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ചൈനയ്ക്കും ഇന്ത്യയ്ക്കും പിന്നിലായി 9.9 ശതമാനം ജിഡിപി വളര്‍ച്ചയുമായി യുണൈറ്റഡ് സ്റ്റേറ്റ്‌സും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. മുന്‍നിര പത്ത് രാജ്യങ്ങളില്‍ ഇന്ത്യോനേഷ്യ, തുര്‍ക്കി, സൗദി അറേബ്യ, വിയറ്റ്‌നാം എന്നിവയും ഉള്‍പ്പെടുന്നു. ഈ കണക്കുകള്‍ പ്രകാരം, അടുത്ത വര്‍ഷങ്ങളില്‍ ലോക സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സ്വാധീനം കൂടുതല്‍ ശക്തമാകുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

നൈജീരിയയും ബ്രസീലും ആഗോള ജിഡിപി വളര്‍ച്ചയില്‍ ഓരോന്നും 1.5 ശതമാനം വീതം സംഭാവന നല്‍കുമെന്നാണ് പ്രവചനം. അതേസമയം ജര്‍മനി ഏകദേശം 0.9% സംഭാവന നല്‍കുമെന്ന് കണക്കാക്കപ്പെടുന്നു. ഇതോടെ ജര്‍മനി ഈ പട്ടികയില്‍ പത്താം സ്ഥാനത്താണ്.

ഈ കണക്കുകള്‍ പ്രകാരം, മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്ന ഐഎംഎഫ് മുന്‍നിര 10 രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നില്ല. അതേസമയം വിഷ്വല്‍ കാപിറ്റലിസ്റ്റ് നടത്തിയ വിശകലന പ്രകാരം, അടുത്ത വര്‍ഷങ്ങളിലെ ലോക സാമ്പത്തിക വളര്‍ച്ചയുടെ ഏകദേശം പകുതിയും ചൈന, യുഎസ്, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നു മാത്രമാണ് വരാനിടയുള്ളത്.

gdp

രാജ്യത്തെ വിലക്കയറ്റം ഒരു പരിധിയില്‍ കൂടുതല്‍ കൂടാതെ നോക്കുന്നത് റിസര്‍വ് ബാങ്ക് ആണ്. ഇപ്പോള്‍ വിലക്കയറ്റത്തിന്റെ തോത് കുറയുന്നത് റിസര്‍വ് ബാങ്ക് ആഗ്രഹിച്ച സുരക്ഷിതമായ നിലയിലേക്ക് കാര്യങ്ങള്‍ തിരിച്ചെത്തുന്നു എന്നതിന്റെ സൂചനയാണ്. പ്രത്യേകിച്ച് ഭക്ഷ്യവില കുറയുന്നത് ഇതിന് പ്രധാന കാരണമാകും. വിലക്കയറ്റം കുറയുന്നതോടെ ആഭ്യന്തര ഉപഭോഗവും നിക്ഷേപവും കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുണ്ട്. ഇത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ കൂടി പിന്തുണയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ ഐഎംഎഫ് മുന്നറിയിപ്പ് നല്‍കുന്നതു പ്രകാരം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മൂലം ഉണ്ടാകുന്ന അതിവേഗ ഉല്‍പാദനക്ഷമത ചില സാഹചര്യങ്ങളില്‍ നിക്ഷേപ ആവശ്യം കുറയാനും ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ കൂടുതല്‍ കടുപ്പമാകാനും ഇടയാക്കും. ഇത് വളര്‍ന്നു വരുന്ന സമ്പദ്വ്യവസ്ഥകളില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു.

എങ്കിലും ഈ അപകടസാധ്യതകള്‍ക്കിടയിലും, ഇന്ത്യയുടെ ശക്തമായ ആഭ്യന്തര ആവശ്യകത, നയസ്ഥിരത, കൂടാതെ വേഗത്തില്‍ വളരുന്ന ടെക്നോളജി എന്നിവ രാജ്യത്തിന് മുതല്‍ക്കൂട്ടാകും. ഇത് വരും വര്‍ഷങ്ങളിലും ലോക സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നായി ഇന്ത്യ തുടരുമെന്ന് വിലയിരുത്തപ്പെടുന്നു.

Content Highlights: China and India are expected to contribute nearly 44% of global GDP growth

dot image
To advertise here,contact us
dot image