

യുദ്ധത്തിന്റെ കാർമേഘങ്ങൾ ഗൾഫ് മേഖലയെ മൂടുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ ദൂരെയുള്ള കേരളത്തിലെ ഒരു സാധാരണക്കാരന്റെ അടുക്കളയിൽ വരെ എത്തിക്കഴിഞ്ഞു. ലോകത്തിന്റെ ഊർജ്ജ കേന്ദ്രമായ ഗൾഫ് മേഖലയിൽ യുദ്ധഭീതി ഉയരുമ്പോൾ, അത് കേവലം ഒരു വാർത്തയല്ല മറിച്ച് നമ്മുടെ നിത്യജീവിതത്തെ നേരിട്ട് ബാധിക്കുന്ന വലിയൊരു സാമ്പത്തിക ആഘാതമാണ്. "ഗൾഫിൽ മഴ പെയ്താൽ കേരളത്തിൽ കുട പിടിക്കണം" എന്ന പഴയ ചൊല്ല് ഇപ്പോള്‍ അന്വർത്ഥമാവുകയാണ്.

യുദ്ധം കാരണം ഗൾഫിലെ സാമ്പത്തിക സുരക്ഷിതത്വം ഇല്ലാതാകുമ്പോൾ, അത് ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം.
സാധാരണക്കാരന്റെ ജീവിതം കട്ടപ്പൊക
ഗൾഫിലെ സംഘർഷം ക്രൂഡ് ഓയിൽ വില വർദ്ധിപ്പിക്കുന്നു. പെട്രോളിനും ഡീസലിനും വില കൂടുമ്പോൾ ചരക്കുനീക്കം ചെലവേറിയതാവുകയും, അരിയും പച്ചക്കറിയും അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്ക് പൊള്ളുന്ന വിലയാവുകയും ചെയ്യുന്നു. ആഗോള വിപണിയിലെ അനിശ്ചിതത്വം ഇന്ത്യൻ രൂപയുടെ മൂല്യം കുറയ്ക്കുന്നു. ഇത് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില കൂടാൻ കാരണമാകുന്നു.കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ നട്ടെല്ലായ പ്രവാസി വരുമാനത്തിൽ ഇടിവ് സംഭവിക്കുന്നു. ഗൾഫിലെ തൊഴിൽ മേഖലയിലുണ്ടാകുന്ന അസ്ഥിരത നാട്ടിലെ നിർമ്മാണ മേഖലയെയും വിപണിയെയും ഒരുപോലെ തളർത്തുന്നു.ഇങ്ങിനെ പലവിധത്തിലാണ് യുദ്ധത്തിന്റെ വിഷമതകൾ സാധാരണക്കാർ അനുഭവിച്ചു തുടങ്ങിയിരിക്കുന്നത്.
ചുരുക്കത്തിൽ, എവിടെയോ നടക്കുന്ന യുദ്ധം ഇവിടെ ഇന്ത്യയിലെ ഒരു സാധാരണക്കാരന്റെ ഭക്ഷണപ്പൊതിയുടെ വലിപ്പം കുറച്ചുകൊണ്ട് അവന്റെ വയറ്റത്തടിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. സെപ്റ്റംബർ മാസം വരെ നീണ്ടുനിൽക്കാവുന്ന ഒരു സൈനിക നീക്കത്തിന് അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ തയ്യാറെടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ . ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ അവർ നിയോഗിച്ചിട്ടുണ്ട്.

യുദ്ധം എത്രനാൾ നീണ്ടുനിൽക്കും?
ഈ യുദ്ധം ഏതാനും ആഴ്ചകൾ കൊണ്ട് അവസാനിക്കുമെന്ന് മുൻപ് കരുതിയിരുന്നെങ്കിലും, ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് മാസങ്ങളോളം നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്. നോസ്ട്രഡാമസ് ഏഴ് മാസം നീണ്ടുനിൽക്കുന്ന ഒരു വലിയ യുദ്ധത്തെക്കുറിച്ച് പണ്ട് പറഞ്ഞിരുന്നു. ഇപ്പോഴത്തെ സാഹചര്യങ്ങൾ ആ പ്രവചനവുമായി ചേർന്നുപോകുന്നു എന്നാണ് പലരും വിശ്വസിക്കുന്നത്. യുദ്ധം ഇറാനിൽ മാത്രം ഒതുങ്ങിനിൽക്കാതെ യു.എ.ഇ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു എന്നതാണ് ഏറ്റവും പേടിപ്പെടുത്തുന്ന കാര്യം. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യം വെക്കുന്നത് ആ മേഖലയെ മൊത്തത്തിൽ യുദ്ധത്തിലേക്ക് തള്ളിവിട്ടേക്കാം. ലോകത്തിലെ ആകെ എണ്ണയുടെ 20 ശതമാനത്തോളം കടന്നുപോകുന്നത് ഇറാനു മുൻപിലുള്ള ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇപ്പോഴത്തെ നിലയിൽ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരും. ബാരലിന് 100 ഡോളറിന് മുകളിൽ പോകാൻ സാധ്യതയുണ്ട്.
ഇത് ഇന്ത്യയിലെ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കും. ഇന്ധനവില കൂടിയാൽ സാധനങ്ങൾ എത്തിക്കാനുള്ള ലോറി വാടക കൂടുകയും അത് എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില വർദ്ധിക്കാൻ കാരണമാവുകയും ചെയ്യും.ഇന്ത്യയിലേക്ക് ആവശ്യമായ പ്രകൃതിവാതകത്തിന്റെ വലിയൊരു ഭാഗം വരുന്നത് ഖത്തർ പോലുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്.ഇന്ന് തന്നെ എൽ പി ജി വില ഇന്ത്യയിൽ വർധിച്ചിട്ടുണ്ട്.

പ്രവാസി വരുമാനം
മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആശങ്ക ഇതാണ്. ഗൾഫ് രാജ്യങ്ങളിൽ യുദ്ധം പടർന്നാൽ അവിടുത്തെ നിർമ്മാണ മേഖലയും വ്യാപാരവും മന്ദഗതിയിലാകും. ഇത് ജോലി നഷ്ടപ്പെടാനോ ശമ്പളം കുറയാനോ കാരണമായേക്കാം.ഗൾഫിൽ നിന്ന് നാട്ടിലേക്ക് അയക്കുന്ന പണം കുറയുന്നത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കും.
ഗൾഫ് രാജ്യങ്ങളുടെ ആകാശപരിധി യുദ്ധം കാരണം അടച്ചിടുകയോ നിയന്ത്രിക്കുകയോ ചെയ്താൽ വിമാനങ്ങൾ ദീർഘദൂര പാതകൾ തിരഞ്ഞെടുക്കേണ്ടി വരും. ഇത് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടാൻ കാരണമാകും. പ്രവാസികൾക്ക് നാട്ടിൽ വരാനും പോകാനും വലിയ തുക ചിലവാക്കേണ്ടി വരും. അതുപോലെ യുദ്ധവാർത്തകൾ വരുമ്പോൾ നിക്ഷേപകർ പരിഭ്രാന്തരാകുകയും ഓഹരി വിപണി ഇടിയുകയും ചെയ്യും. ഇത് മ്യൂച്വൽ ഫണ്ടുകളെയും മറ്റും ബാധിക്കാം. യുദ്ധസമയത്ത് ആളുകൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണം വാങ്ങിക്കൂട്ടും. അതിനാൽ സ്വർണ്ണവില ഉയരാൻ സാധ്യതയുണ്ട്.
Content Highlights: Rising Gulf war tensions are beginning to impact Kerala households as fears over oil supply push up economic pressure