

ജിഡിപി കണക്കെടുപ്പ് രീതിയില്‍ വലിയ മാറ്റങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യ ഈ ആഴ്ച പുറത്തിറങ്ങുന്ന പുതിയ ദേശീയ അക്കൗണ്ട്‌സ് സീരീസിന്റെ ഭാഗമായാണ് നടപടി. രാജ്യത്ത് ജിഡിപി വളര്‍ച്ച കണക്കാക്കുന്ന രീതിയില്‍ കൂടുതല്‍ കൃത്യതയും സുതാര്യതയും കൊണ്ടുവരാനാണ് പുതിയ രീതികള്‍ സ്വീകരിക്കുന്നത്.

വിലക്കയറ്റം കൂടുതല്‍ വിശദമായി കണക്കാക്കി യഥാര്‍ത്ഥ സാമ്പത്തിക വളര്‍ച്ച അളക്കാന്‍ പുതിയ മാറ്റത്തിലൂടെ സാധിക്കും. വിലക്കയറ്റം കണക്കാക്കുമ്പോള്‍ കൂടുതല്‍ മേഖലകളായി തിരിച്ച്, കൂടുതല്‍ കൃത്യമായി വില മാറ്റങ്ങള്‍ പരിഗണിക്കും. ചില സാമ്പത്തിക വിദഗ്ധര്‍ പഴയ കണക്കുകൂട്ടല്‍ രീതിയെ കുറിച്ച് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കൂടുതല്‍ കൃത്യതയുള്ള രീതിയിലേക്ക് സര്‍ക്കാര്‍ മാറുന്നത്.
ഇതുവരെ ഉല്‍പ്പാദന മൂല്യം കണക്കാക്കാന്‍ ഏകദേശം 180 സൂചികകള്‍ അടിസ്ഥാനമാക്കിയിരുന്നു. എന്നാലിനി 500 മുതല്‍ 600 സൂചികകള്‍ അടിസ്ഥാനമാക്കിയാണ് മൂല്യം കണക്കാക്കുക. ഉപഭോക്തൃ വില സൂചികയും മൊത്തവില സൂചികയും അടിസ്ഥാനമാക്കി കൃത്യമായ കണക്കുകള്‍ രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. പുതുക്കിയ മൊത്തവില സൂചിക പ്രാബല്യത്തിലാവുന്നതു വരെ ഈ രീതി തുടരുമെന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മുന്‍ രീതികള്‍ പ്രകാരം, കുറഞ്ഞ നാമമാത്ര ജിഡിപി വളര്‍ച്ചയും കുറഞ്ഞ മൊത്തവില പണപ്പെരുപ്പവും അടിസ്ഥാനമാക്കുമ്പോള്‍ യഥാര്‍ത്ഥ വളര്‍ച്ചാ നിരക്കുകളില്‍ പൊരുത്തക്കേടുകള്‍ സംഭവിച്ചിരുന്നു.
ഫെബ്രുവരി 27 ന് ഒരു പുതിയ ജിഡിപി സീരീസ് പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ഇതില്‍ ഇതുവരെയുള്ള നാല് വര്‍ഷത്തെ വിവരങ്ങളും ഉള്‍പ്പെടുന്നു. ഈ മാസം ആദ്യം കേന്ദ്ര സര്‍ക്കാര്‍ പുതിയ ചില്ലറ പണപ്പെരുപ്പ സിരീസ് പുറത്തിറക്കിയിരുന്നു. ഇനി മൊത്തവില പണപ്പെരുപ്പത്തിലും വ്യാവസായിക ഉല്‍പ്പാദനത്തിലും പരിഷ്‌കാരങ്ങള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയുടെ ദേശീയ കണക്കുകൂട്ടല്‍ രീതിയില്‍ ചില പോരായ്മകളുണ്ടെന്ന് അന്താരാഷ്ട്ര നാണയ നിധി, നവംബറില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സാമ്പത്തിക ഘടനയില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുള്ളതിനാല്‍ മാറ്റങ്ങള്‍ അനിവാര്യമായിരുന്നു. ജിഡിപി കണക്കാക്കുമ്പോള്‍ ഇതുവരെ മൊത്തവില സൂചികയെയാണ് കൂടുതല്‍ ആശ്രയിച്ചത്. എന്നാല്‍ ഇപ്പോള്‍ ഉപഭോക്തൃ വിലകള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ളതായതിനാല്‍ മൊത്തവിലയെ മാത്രം ആശ്രയിക്കുന്നത് കൃത്യത കുറയ്ക്കാമെന്ന് അന്താരാഷ്ട്ര നാണയ നിധി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ജിഡിപി കണക്കെടുപ്പ് രീതിയില്‍ വലിയ മാറ്റങ്ങള്‍ വരുന്നതോടെ കണക്കുകളില്‍ കൃത്യത വന്നേക്കുമെന്നാണ് പ്രതീക്ഷ.
Content Highlights: GDP to Be Measured Under a New Method; Centre Announces Major Overhaul