Top

പനാമ കേസ്; ബച്ചൻകുടുംബത്തിന്റെ എല്ലാ വിദേശ ഇടപാടുകളും പരിശോധിക്കും

അമിക് പാർട്ട്ണേഴ്സ് ലിമിറ്റഡ് എന്ന കമ്പനിയെ കുറിച്ച് 50 ചോദ്യങ്ങളാണ് കഴിഞ്ഞ ദിവസം ഐശ്വര്യയോട് ഇഡി ആരാഞ്ഞത്

21 Dec 2021 9:36 AM GMT
ഫിൽമി റിപ്പോർട്ടർ

പനാമ കേസ്; ബച്ചൻകുടുംബത്തിന്റെ എല്ലാ വിദേശ ഇടപാടുകളും പരിശോധിക്കും
X

പനാമ പേപ്പർ കേസ് അന്വേഷണത്തിൽ ബച്ചൻ കുടുംബവുമായി ബന്ധപ്പെട്ട എല്ലാ വിദേശ ഇടപാടുകളും ഇഡി പരിശോധിച്ചേക്കും. കഴിഞ്ഞ ദിവസം നടി ഐശ്വര്യ റായിയോട് ബച്ചന്റെ വിദേശകമ്പനികൾ സംബന്ധിച്ചും ഇഡി ചോദിച്ചിരുന്നു. കേസിൽ ഇഡി വീണ്ടും ഐശ്വര്യ റായിയെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. അന്വേഷണം കൂടുതൽ ഊർജ്ജിതമക്കാനാണ് ഇഡിയുടെ തീരുമാനം. നടിയുടെ മാത്രമല്ല, ബച്ചൻ കുടുംബത്തിന്റെ എല്ലാ വിദേശ ഇടപാടുകളിലേക്കും അന്വേഷണം ശക്തമാക്കുകയാണ്.

അമിക് പാർട്ട്ണേഴ്സ് ലിമിറ്റഡ് എന്ന കമ്പനിയെ കുറിച്ച് 50 ചോദ്യങ്ങളാണ് കഴിഞ്ഞ ദിവസം ഐശ്വര്യയോട് ഇഡി ആരാഞ്ഞത്. ഒപ്പം അമിതാഭ് ബച്ചന്റ വിദേശ കമ്പനികൾ, അഭിഷേകിന് നൽകിയ ഒന്നേകാൽ ലക്ഷം പൗണ്ടിന്റെ വിശദമായ വിവരങ്ങളും ചോദിച്ചു മനസിലാക്കി. നവംബറിൽ അഭിഷേക് ബച്ചൻ ഇഡിയ്ക്ക് നൽകിയ മൊഴിയുമായി ഐശ്വര്യയുടെ മൊഴികളും ഒത്തു നോക്കും എന്നാണ് വിവരം. ഇതിനുശേഷമായിരിക്കും ഐശ്വര്യയെ വീണ്ടും ചോദ്യം ചെയ്യണോ എന്ന് തീരുമാനിക്കുന്നതെന്നും ഉദ്യോഗസ്ഥ വൃത്തം അറിയിച്ചു.

മുൻപ് രണ്ട് തവണ കേസുമായി ബന്ധപ്പെട്ട് ഐശ്വര്യ റായിക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. മൂന്നാം തവണ നോട്ടീസ് അയച്ചപ്പോഴാണ് നടി ഹാജരായത്. നവംബറിൽ അഭിഷേക് ബച്ചനും ഇഡി ഓഫീസിലെത്തിയിരുന്നു. ചില രേഖകളും ഇവർ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടത് അമിതാഭ് ബച്ചനേയും വിളിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2004 മുതലുള്ള എല്ലാ വിദേശ നിക്ഷേപങ്ങളുടെ രേഖകൾ സമർപ്പിക്കാൻ 2017 ൽ ബച്ചൻ കുടുംബത്തോട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്നായിരുന്നു അമിതാഭ് ബച്ചൻ പ്രതികരിച്ചത്.

നികുതി വെട്ടിച്ച പണം വിവിധ ബിനാമി പേപ്പർ കമ്പനികളിൽ നിക്ഷേപിച്ച് വെളുപ്പിച്ചെന്നാണ് ആരോപണം. പനാമ പേപ്പർ രേഖകളിൽ ലോക നേതാക്കളും രാഷ്ട്രീയപ്രമുഖരും ഇന്ത്യയിൽ നിന്നുള്ള ബോളിവുഡ് താരങ്ങളും, കായിക താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. 2016ൽ ഇതുമായി ബന്ധപ്പട്ട് 1048 ഇന്ത്യക്കാരുടെ പേരുകളാണ് പുറത്ത് വന്നത്.

Next Story