Top

'20ലക്ഷം വേണ്ട 2ലക്ഷം മതി, പകരം സാമൂഹ്യ സേവനം ചെയ്യണം'; ജൂഹി ചൗളയോട് കോടതി

ഡല്‍ഹി ലീഗല്‍ സര്‍വീസ് അതോറിറ്റിക്കുവേണ്ടി പ്രചാരണ പരിപാടിയില്‍ പങ്കെടുക്കണമെന്നും അതിന് വേണ്ടി ലീഗല്‍ സര്‍വീസ് അതോററ്റി പദ്ധതി തയ്യാറാകണമെന്നും കോടതി നിര്‍ദേശിച്ചു

25 Jan 2022 1:16 PM GMT
ഫിൽമി റിപ്പോർട്ടർ

20ലക്ഷം വേണ്ട 2ലക്ഷം മതി, പകരം സാമൂഹ്യ സേവനം ചെയ്യണം; ജൂഹി ചൗളയോട് കോടതി
X

രാജ്യത്ത് 5ജി സര്‍വീസ് നടക്കുന്നതിന് എതിരെ ഹര്‍ജി നല്‍കിയതിന് നടി ജൂഹി ചൗളക്ക് ചുമത്തിയ 20 ലക്ഷം രൂപയുടെ പിഴ രണ്ടു ലക്ഷമായി കുറക്കാമെന്ന് ഡെല്‍ഹി ഹൈക്കോടതി. ഇതിന് പകരമായി സാമൂഹ്യ സേവനം ചെയ്യണമെന്ന് താരത്തോട് കോടതി നിര്‍ദേശിച്ചു. കോടതി ചെലവ് പൂര്‍ണമായും ഒഴിവാക്കാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. 20 ലക്ഷം രൂപയില്‍ നിന്നും രണ്ട് ലക്ഷമായി കുറക്കാനാവും. ഡല്‍ഹി ലീഗല്‍ സര്‍വീസ് അതോറിറ്റിക്കുവേണ്ടി പ്രചാരണ പരിപാടിയില്‍ പങ്കെടുക്കണം. അതിന് വേണ്ടി ലീഗല്‍ സര്‍വീസ് അതോററ്റി പദ്ധതി തയ്യാറാകണമെന്നും കോടതി നിര്‍ദേശിച്ചു.

രാജ്യത്ത് 5ജി നെറ്റവര്‍ക്ക് അവതരിപ്പിക്കുന്നതിനെതിരെ കോടതിയെ സമീപിച്ച ജൂഹി ചൗളയുടെ ഹര്‍ജി തള്ളിയ ഡല്‍ഹി ഹൈക്കോടതി 20 ലക്ഷം പിഴയിടുകയുമായിരുന്നു. ജൂഹി ചൗളയുടെ നടപടി നിയമ സംവിധാനത്തെ അപമാനിക്കുന്നതാണെന്നും കോടതി പരാമര്‍ശിച്ചിരുന്നു. നടപടി പ്രശസ്തി ലക്ഷ്യമിട്ടാണെന്നും കോടതിയുടെ സമയം നഷ്ടപ്പെടുത്തിയെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി കുറ്റപ്പെടുത്തി.

5ജി സാങ്കേതിക വിദ്യ റേഡിയോ ഫ്രീക്വന്‍സി റേഡിയേഷന്‍ വര്‍ദ്ധിപ്പിക്കുമെന്നും അത് മനുഷ്യരെയും മൃഗങ്ങളെയും അപകടകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജൂഹി ചൗള ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

5ജി സാങ്കേതികവിദ്യ മനുഷ്യരെയും മൃഗങ്ങളെയും നിലവിലുള്ളതിനേക്കാള്‍ 10 മുതല്‍ 100 മടങ്ങ് വരെ അധികം ആര്‍എഫ് റേഡിയേഷന് വിധേയമാക്കും എന്ന് താരം ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 5 ജി സാങ്കേതികവിദ്യ മനുഷ്യരിലും മറ്റ് ജീവികളിലും ഒരു തരത്തിലുള്ള അപകടവും വരുത്തില്ലെന്ന് ഉറപ്പുവരുത്തണമെന്നും എന്നാല്‍ മാത്രമേ രാജ്യത്ത് 5ജി സാങ്കേതിക വിദ്യ കൊണ്ടുവരാനാകൂ എന്നും ജൂഹി ചൗളയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Next Story

Popular Stories