ഉരുള്പൊട്ടല്;രക്ഷിതാക്കള് മരണപ്പെട്ട കുട്ടികളുടെ തുടർ വിദ്യാഭ്യാസം ഏറ്റെടുക്കും:യൂത്ത്കോണ്ഗ്രസ്

"വയനാട്ടിലെ ഉരുൾപൊട്ടലിൽ രക്ഷിതാക്കൾ നഷ്ടപ്പെട്ടവരുടെ ഭാവി പഠനച്ചെലവ് യൂത്ത് കോൺഗ്രസ് വഹിക്കും"

dot image

കൊച്ചി: വയനാട്ടില് ഉരുള്പ്പൊട്ടലില് രക്ഷകര്ത്താക്കള് മരണപ്പെട്ട മുഴുവന് കുട്ടികളുടെയും തുടര്വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് യൂത്ത് കോണ്ഗ്രസ്. യൂത്ത് കോണ്ഗ്രസ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചു. നഷ്ടപ്പെട്ടവരെ തിരികെ നല്കുവാന് കഴിയില്ലെങ്കിലും ഭാവി ജീവിതം കരുപ്പിടിപ്പിക്കുവാന് ഈ കൈത്താങ്ങ് കൊണ്ട് കഴിയുമെങ്കില് വലിയ ആശ്വാസമാണെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് രാഹുല് മാങ്കൂട്ടത്തില് പറഞ്ഞു.

രാഹുല് മാങ്കൂട്ടത്തില് ഫേസ്ബുക്കില് കുറിച്ചത്.

ലോകത്തില് പകരമാകാത്തത് ഒന്നേയുള്ളൂ അതാണ് അമ്മയും അച്ഛനും.

അവര് നല്കുന്ന സ്നേഹത്തിനും കരുതലിനും പകരമാകുവാന് മറ്റൊന്നിനും കഴിയില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഈ ദുരന്ത ഭൂമിയിലൂടെ നടക്കുമ്പോള് അനാഥരായ മനുഷ്യരോടൊപ്പം തന്നെ അനേകം കുട്ടികളെ കാണാനിടയായി.

കളിചിരിയോടെ നടന്ന കളിമുറ്റത്ത് ഊഷരമായ ഭൂമിയാണ് അവര് കാണുന്നത്. മഴ നനഞ്ഞ് നീട്ടി വിളിക്കുമ്പോള് ഓടി വന്ന് തല തുവര്ത്തുവാനോ ഭക്ഷണവുമായി വരാനോ പഠിച്ചില്ലെങ്കില് ശാസിക്കുവാനോ പ്രിയപ്പെട്ട അമ്മയും അച്ഛനും ഇനിയവര്ക്കില്ല. തങ്ങളുടെ ഭാവിയെന്നത് അവരെ സംബന്ധിച്ചിടത്തോളം ചോദ്യ ചിഹ്നമായിരിക്കും ഈ നിമിഷമെങ്കിലും.

വയനാട്ടിലെ ദുരന്തത്തില് രക്ഷിതാക്കള് നഷ്ടപ്പെട്ട വിദ്യാര്ത്ഥികളുടെ പഠനച്ചിലവ് യൂത്ത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുകയാണ്.

അവര്ക്ക് നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെ തിരികെ നല്കുവാന് കഴിയില്ലെങ്കിലും ഉണങ്ങാത്ത മുറിവുമായാണെങ്കിലും ഭാവി ജീവിതമെങ്കിലും കരുപ്പിടിപ്പിക്കുവാന് ഈ കൈത്താങ്ങ് കൊണ്ട് കഴിയുമെങ്കില് വലിയ ആശ്വാസമാണ്.

നമ്മള് ഒരുമിച്ച് അതിജീവിക്കുക തന്നെ ചെയ്യും.

dot image
To advertise here,contact us
dot image