'രാഷ്ട്രീയം ഏറ്റവും തരംതാണ അവസ്ഥയില്‍'; ഷാരൂഖിനെ പിന്തുണച്ച് ഊര്‍മിള മന്ദോദ്കര്
ലതാ മങ്കേഷ്കറിന്റെ ഭൗതിക ശരീരത്തിന് മുമ്പില്‍ ഷാരൂഖ് ദുആ ചെയ്യുന്നതിന്റെ ചിത്രത്തിനെതിരെയാണ് സംഘപരിവാര്‍ ആക്രമണം
8 Feb 2022 4:54 AM GMT
ഫിൽമി റിപ്പോർട്ടർ

ലതാ മങ്കേഷ്കറിന്റെ ഭൗതിക ശരീരത്തിന് മുമ്പില്‍ പ്രാര്‍ത്ഥിക്കുന്ന ഷാരൂഖ് ഖാനെതിരായ സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതികരണവുമായി നടി ഊര്‍മിള മന്ദോദ്കര്. രാഷ്ട്രീയം ഏറ്റവും തരംതാണ അവസ്ഥയില്‍ എത്തിയെന്നും അത് വളരെ സങ്കടകരമായ സാഹചര്യമാണെന്നും താരം പറഞ്ഞു. ഒരു പ്രാദേശിക ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഊര്‍മിള ഇക്കാര്യം പറഞ്ഞത്.
'ഷാരൂഖ് ഖാന് അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്. ഈ വിവാദം വളരെ സങ്കടകരവും വേദനാജനകവുമാണ്. രാഷ്ട്രീയം ഏറ്റവും തരംതാണ അവസ്ഥയില്‍ എത്തിയിരിക്കുന്നു'.- ഊര്‍മിള വ്യക്തമാക്കി.
ലതാ മങ്കേഷ്കറിന്റെ ഭൗതിക ശരീരത്തിന് മുമ്പില്‍ ഷാരൂഖ് ദുആ ചെയ്യുന്നതിന്റെ ചിത്രത്തിനെതിരെയാണ് സംഘപരിവാര്‍ ആക്രമണം ശക്തമായത്. മൃതശരീരത്തില്‍ താരം തുപ്പിയെന്ന രീതിയിരുന്നു പ്രചരണം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലതാജിയുടെ ഭൗതിക ശരീരത്തിനരികെ നിന്ന് പ്രാര്‍ത്ഥിച്ച ഷാരൂഖ് ഖാന് മൃതദേഹത്തിലേക്ക് ഊതുകയായിരുന്നു. മുസ്ലീം ആചാര പ്രകാരം ദുആ ചെയ്ത് ഊതുന്നത് ഭൗതിക ശരീരത്തോടുള്ള ആദരവാണ്. ഇതിനെയാണ് തുപ്പി എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്.
ഹരിയാന ബിജെപി നേതാവ് തുടങ്ങിവച്ച വിദ്വേഷ പ്രചരണം വേഗത്തില്‍ സാമൂഹിക മാധ്യമങ്ങളടക്കം ഏറ്റെടുക്കുകയായിരുന്നു. അക്രമണങ്ങളെ അപലപിച്ച് നിരവധി പേര് രംഗത്തെത്തി. രാജ്യത്തിന്റെ മതമൈത്രിയെ സൂചിപ്പിക്കുന്ന ചിത്രം, ഇതാണ് യഥാര്‍ത്ഥ ഇന്ത്യ തുടങ്ങിയ വാക്കുകള്‍കൊണ്ടാണ് ആരാധകര്‍ ചിത്രത്തെ വിശേഷിപ്പിച്ചത്. ഷാരൂഖ് ദുആ ചെയ്യുമ്പോള്‍ ഒപ്പമുണ്ടായിരുന്ന മാനേജര്‍ പൂജ കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നതാണ് ചിത്രത്തിലുണ്ടായിരുന്നത്.