ആദ്യത്തെ ആദിവാസി രാഷ്ട്രീയത്തടവുകാരന്‍ ജീവിതം പറയുമ്പോള്‍

അക്ഷരം അന്യമായിരുന്ന ആദിവാസി കുലത്തില്‍ നിന്നും പഠിക്കാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വം പേരില്‍ ഒരാളായിരുന്നു കരിയന്‍. വിദ്യാഭ്യാസം രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനായി വളരുന്നതില്‍ കരിയനെ സഹായിച്ചിട്ടുണ്ട്.
ആദ്യത്തെ ആദിവാസി രാഷ്ട്രീയത്തടവുകാരന്‍ ജീവിതം പറയുമ്പോള്‍

"സഖാവ് വര്‍ഗ്ഗീസ് മരിച്ചപ്പൊ ഇവിയെടുള്ളോര് രണ്ട് ദിവസം ഭക്ഷണം കഴിച്ചിട്ടില്ല. മാത്രമല്ല, ഞങ്ങള് സമുദായക്കാര് വര്‍ഗ്ഗീസിന് വേണ്ടി പെല നടത്തി. ഞങ്ങളപ്പോ ജയിലിലായിരുന്നു. പെല നടത്താനുള്ള പൈസ എല്ലാരുംകൂടി പിരിച്ചെടുത്തു. എന്റെ അറിവ് ശരിയാണെങ്കി അതിന് മുന്നേയോ ശേഷമോ ഞങ്ങള്ടെ സമുദായത്തിലല്ലാത്ത വേറൊരാള്‍ക്കും വേണ്ടി പെല നടത്തീട്ടില്ല. വര്‍ഗ്ഗീസ് ഞങ്ങള്‍ക്ക് അങ്ങനെയായിര്ന്നു. മൂപ്പരില്ലായിര്ന്നങ്കി ഞങ്ങള്ടെ ജീവിതത്തിന് ഒര് മാറ്റോം ഉണ്ടാവില്ലായിര്ന്നു”.

കേരളത്തിലെ ആദ്യകാല ആദിവാസി രാഷ്ട്രീയത്തടവുകാരിലൊരാളായ പി കെ കരിയന്റെ ജീവിതത്തെ മാറ്റിമറിച്ചത് വര്‍ഗീസുമായുള്ള കൂടിക്കാഴ്ചയാണ്. തിരുനെല്ലി കാടുകളില്‍ വെടിയേറ്റ് വര്‍ഗീസ് വെടിയേറ്റ് വീഴുമ്പോള്‍ കരിയന്‍ ജയിലിലാണ്. വെടിയേറ്റ് വീണ വര്‍ഗീസിനെ പൊലീസ് ആദ്യം കൊണ്ടു വന്നത് മാനന്തവാടി ആശുപത്രിയിലാണ്. അവിടെ ചെന്നിട്ടും പൊലീസ് ആരെയും കാണാന്‍ സമ്മതിച്ചില്ല. ശവമടക്ക് നടന്ന വെള്ളമുണ്ടയിലും പൊലീസ് ആരെയും അടുപ്പിച്ചില്ല.

റാവുള എന്ന ഗോത്രത്തെ പറ്റി മുഖ്യധാരാ മാധ്യമങ്ങളൊന്നും പരാമര്‍ശിച്ചു കണ്ടിട്ടില്ല. എന്നാല്‍ വയനാട്ടിലെ അടിയരെ കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. അടിയരുടെ യഥാര്‍ത്ഥ ഗോത്ര നാമം റാവുളര്‍ എന്നാണ്. കുടകിലെ റാവുളര്‍ വയനാട്ടില്‍ എത്തിയപ്പോള്‍ അടിയരായത് എങ്ങനെയെന്നും തങ്ങളുടെ ഉല്‍പ്പത്തി, സാംസ്ക്കാരിക സാമൂഹിക സവിശേഷതകള്‍ എന്നിവയും പി കെ കരിയന്‍ ഫസീല മെഹറുമായി നടത്തിയ ഈ സംഭാഷണത്തില്‍ വിവരിക്കുന്നുണ്ട്.

അടിയന്തരാവസ്ഥ കാലത്ത് മിസ തടവുകാരനായി പിടിക്കപ്പെട്ട കാലവും ജയില്‍ ജീവിതവും പി കെ കരിയന്‍ തരണം ചെയ്തത് അക്ഷരം എന്ന കരുത്തു കൊണ്ടാണെന്ന് ഇത് വായിക്കുമ്പോള്‍ നമുക്കും ബോധ്യമാവും. അക്ഷരം അന്യമായിരുന്ന ആദിവാസി കുലത്തില്‍ നിന്നും പഠിക്കാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വം പേരില്‍ ഒരാളായിരുന്നു കരിയന്‍. ഈ വിദ്യാഭ്യാസം പിന്നീട് ഒരു രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനായി വളരുന്നതില്‍ കരിയനെ വളരെയധികം സഹായിച്ചിട്ടുണ്ട്. ജയില്‍ ജീവിത കാലത്തെ വായനയാണ് പലതിനെ കുറിച്ചും അജ്ഞരായ പാര്‍ട്ടി നേതാക്കളെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് കരിയനെ വളര്‍ത്തിയെടുത്തത്.

കാടിന് പുറത്തേക്ക് വളര്‍ന്ന കരിയന്‍ പക്ഷേ തന്റെ സമുദായത്തെ കുറിച്ചും അതിന്റെ ചരിത്രത്തെ കുറിച്ചും അതിലെ ആചാരങ്ങളെ കുറിച്ചും ആഴത്തില്‍ പഠിക്കാന്‍ തുടങ്ങി. അവയെ ആദ്യം പുച്ഛിച്ചിരുന്ന കരിയന്‍ തന്റെ വേരുകള്‍ കണ്ടെത്തിയപ്പോള്‍ അത് എത്രത്തോളം ആഴത്തില്‍ ഓടിയിട്ടുള്ളതാണെന്ന് തിരിച്ചറിയുകയായിരുന്നു. ആചാരങ്ങളുടെയും ചടങ്ങുകളുടെയും അര്‍ത്ഥം തിരഞ്ഞു പോയ ഈ റാവുളന്‍ പിന്നീട് ഒരു ഗദ്ദിക ആചാര്യനാവുകയായിരുന്നു.

ഇത് നമ്മളാരും അറിയാത്ത ഒരു ചരിത്രമാണ്. എത്രയോ പേര്‍ നമുക്കിടയില്‍ ഇങ്ങനെ ജീവിച്ചിരിപ്പുണ്ടാവാം. ഫസീല മെഹര്‍ ഈ റാവുളനെ തേടിപ്പിടിച്ച് ജീവിത കഥ പറയിച്ചിരുന്നില്ലെങ്കില്‍ ഇദ്ദേഹത്തെ കുറിച്ചോ റാവുള സമുദായത്തെ കുറിച്ചോ നമ്മള്‍ അറിയുകയുണ്ടാവില്ല. കരിയന്റെ ആത്മഭാഷണത്തെ അതേ പടി പകര്‍ത്തിയ ഫസീല മെഹറിന് അഭിനന്ദനങ്ങള്‍. 2020 മാര്‍ച്ച് പത്തിന് അര്‍ബുദം കീഴടക്കുന്നത് വരെ ഫസീലയോടെ അദ്ദേഹം തന്റെ ജീവിതം പറഞ്ഞു.

ആദ്യം നക്സല്‍ പ്രസ്ഥാനത്തിനോടും തുടര്‍ന്ന് സിപിഐ എം നോടും ചേര്‍ന്ന് പ്രവര്‍ത്തിച്ച കരിയന്‍ പിന്നീട് നടന്ന ആദിവാസി ഭൂസമരങ്ങളെ കുറിച്ച് ഇതില്‍ പരാമര്‍ശിക്കുന്നില്ല. വെള്ളത്തില്‍ മീനെങ്ങനെയാണോ അത് പോലെയാവണം ജനങ്ങള്‍ക്കിടയില്‍ നേതാവെന്ന് കരിയേട്ടന്‍ അടിയുറച്ച് വിശ്വസിച്ചു. അത്തരം ഒരാളായിരുന്നു വര്‍ഗീസ് എന്ന് കരിയന്‍ പറയുമായിരുന്നു. പല കമ്മ്യൂണിസ്റ്റ് നേതാക്കളും ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുവാന്‍ വന്നു. പക്ഷേ അവര്‍ കാലക്രമേണ ജന്മിമാരുമായി സന്ധി ചെയ്തുവെന്നും എന്നാല്‍ വര്‍ഗീസ് അങ്ങനെയായിരുന്നില്ലെന്നും പി കെ കരിയന്‍ ഈ ആത്മഭാഷണത്തില്‍ പലയിടത്തും പറയുന്നുണ്ട്. ആദിവാസിക്കുടിയില്‍ കയറി അവരുടെ തന്നെ കഞ്ഞി കുടിച്ച് അവരുടെ വരാന്തയില്‍ വര്‍ഗീസ് കിടന്നുറങ്ങും. ആ സമയത്ത് കുടിയില്‍ പെണ്ണുങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളു. അടിയര്‍ പെരുമന്‍ എന്ന് വിളിച്ച് ആദരിച്ച വര്‍ഗീസിനോട് അവര്‍ക്ക് അത്രയ്ക്ക് വിശ്വാസമായിരുന്നു.

ഇത് ആദിവാസി ഓര്‍മ്മയുടെ പുസ്തകം മാത്രമല്ല, കേരളരാഷ്ട്രീയ ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത ഒരു കാലത്തെ നേരില്‍ കണ്ട ഒരു മനുഷ്യന്റെ സത്യസന്ധമായ സംഭാഷണം കൂടിയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com