

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026 സീസണിനിടെ കടുത്ത നീക്കവുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മോശം പ്രകടനം തുടരുന്ന സാഹചര്യത്തിൽ ടീമിന്റെ മത്സരങ്ങൾ മഞ്ഞപ്പട ബഹിഷ്കരിച്ചിരിക്കുകയാണ്. നിലവിലെ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ കാണാൻ സ്റ്റേഡിയങ്ങളിലേക്ക് എത്തില്ലെന്നാണ് മഞ്ഞപ്പട ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
മാനേജ്മെന്റിന്റെ നടപടികൾക്കെതിരെയാണ് മഞ്ഞപ്പടയുടെ തീരുമാനം. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ നൽകുന്ന വലിയ പിന്തുണയോട് നീതി കാട്ടുന്ന പ്രകടനം നടത്താൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. ആരാധകരെ ടീമിൽ നിന്ന് അകറ്റുന്ന നടപടികളാണ് ടീം മാനേജ്മെന്റ് സ്വീകരിക്കുന്നതെന്നാണ് വിമർശനം.
ആരാധകർ അർഹിക്കുന്ന മാറ്റത്തിനായി മത്സരങ്ങൾ ബഹിഷ്കരിക്കുന്നുവെന്നാണ് മഞ്ഞപ്പട ഔദ്യോഗിക പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. ബഹിഷ്കരണത്തിന്റെ ഭാഗമായി ബാനറുകളും കൊടികളും സ്റ്റേഡിയത്തിൽ നിന്ന് നീക്കം ചെയ്യും. വാഗ്ദാനങ്ങൾ കൊണ്ട് ഇനി തിരിച്ചു വരില്ല എന്നും മഞ്ഞപ്പട മുന്നറിയിപ്പ് നൽകി.
സീസണിൽ ഇതുവരെ ആദ്യവിജയം പോലും സ്വന്തമാക്കാൻ സാധിക്കാത്ത ബ്ലാസ്റ്റേഴ്സ് മോശം പ്രകടനം തുടരുന്നതിൽ ആരാധകർ നേരത്തെയും നിരാശയും പ്രതിഷേധവും പ്രകടിപ്പിച്ചിരുന്നു. പുതിയ പരിശീലകന് കീഴിൽ ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ് സാധ്യതകൾക്ക് പോലും കാത്ത് നിൽക്കാതെയാണ് മഞ്ഞപ്പട ഇപ്പോൾ കർശന തീരുമാനം എടുത്തിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽത്തന്നെ മഞ്ഞപ്പട ആരാധകരുടെ പിന്തുണ കുറവായിരുന്നു. ഒഴിഞ്ഞ സ്റ്റേഡിയമാണ് കാണാൻ സാധിച്ചത്. കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് പിന്തുണ അറിയിച്ച് മഞ്ഞപ്പട സ്ഥാപിച്ചിരുന്ന ബാനറുകളെല്ലാം സ്റ്റേഡിയത്തിൽ നിന്ന് മാറ്റുന്ന സാഹചര്യം പോലും ഉണ്ടായിരുന്നു.
Content Highlights: Kerala Blasters FC boycotted by fans group Manjappada