കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യൽ ടൈറ്റിൽ പാർട്ണറായി 'വൈറ്റ് ഗോൾഡ്'

ഈ പങ്കാളിത്തത്തോടെ 2025-26 സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ടൈറ്റിൽ പാർട്ണറായും ഒഫീഷ്യൽ ഗോൾഡ് ബയിംഗ് പാർട്ണറായും വൈറ്റ് ഗോൾഡ് പ്രവർത്തിക്കും.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യൽ ടൈറ്റിൽ പാർട്ണറായി 'വൈറ്റ് ഗോൾഡ്'
dot image

കേരളത്തിലെ പ്രമുഖ സ്വർണ്ണ പണയ വിമോചന-വാങ്ങൽ സ്ഥാപനമായ വൈറ്റ് ഗോൾഡിനെ (White Gold) വരാനിരിക്കുന്ന സീസണിലെ ഔദ്യോഗിക ടൈറ്റിൽ പാർട്ണറായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഇരു സ്ഥാപനങ്ങളും കൈകോർക്കുന്നത്. ഈ പങ്കാളിത്തത്തോടെ 2025-26 സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ടൈറ്റിൽ പാർട്ണറായും ഒഫീഷ്യൽ ഗോൾഡ് ബയിംഗ് പാർട്ണറായും വൈറ്റ് ഗോൾഡ് പ്രവർത്തിക്കും.

കരാറിന്റെ ഭാഗമായി പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ അണിയുന്ന ജേഴ്‌സിയുടെ മുൻഭാഗത്ത് വൈറ്റ് ഗോൾഡിന്റെ ലോഗോ സ്ഥാനം പിടിക്കും. വിശ്വാസം, കൃത്യത, ജനങ്ങളുമായുള്ള അടുത്ത ബന്ധം എന്നീ മൂല്യങ്ങൾ മുൻനിർത്തിയാണ് ഇരു ബ്രാൻഡുകളും ഈ പുതിയ യാത്രയ്ക്ക് തുടക്കമിടുന്നത്.

ദക്ഷിണേന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഗോൾഡ് ബയിംഗ് കമ്പനികളിലൊന്നാണ് വൈറ്റ് ഗോൾഡ്. സുതാര്യമായ ഇടപാടുകളിലൂടെയും നൂതനമായ സാങ്കേതിക വിദ്യയിലൂടെയും ശ്രദ്ധേയമായ ഈ ബ്രാൻഡിന് നിലവിൽ കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലായി നൂറിലധികം ബ്രാഞ്ചുകളുണ്ട്. കേരളത്തിൽ മാത്രം 50 പുതിയ സ്റ്റോറുകൾ ആരംഭിച്ച് തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

വൈറ്റ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ബാബു സി. ജോസഫ് പറഞ്ഞു:
"ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും ആവേശഭരിതരായ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്‌സുമായി സഹകരിക്കുന്നതിൽ വലിയ സന്തോഷമുണ്ട്. വിശ്വാസവും സുതാര്യതയും മുറുകെപ്പിടിക്കുന്ന ഞങ്ങളുടെ മൂല്യങ്ങളുമായി ചേർന്നുനിൽക്കുന്നതാണ് ഈ പങ്കാളിത്തം. ഈ യാത്രയിൽ അവിസ്മരണീയമായ നിമിഷങ്ങൾ ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു."

വൈറ്റ് ഗോൾഡ് ബുള്ളിയൻ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും സിഇഒയുമായ രാഹുൽ ജോസഫ് പറഞ്ഞു:

"കേരളത്തിന്റെ ആവേശത്തെയും പോരാട്ടവീര്യത്തെയും പ്രതിനിധീകരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സുമായി ഒന്നിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഞങ്ങളുടെ വളർച്ചയിൽ കേരളത്തിന് വലിയ സ്ഥാനമാണുള്ളത്. 2025-26 സീസണിലേക്ക് ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് എല്ലാ പിന്തുണയും നൽകാൻ ഞങ്ങൾക്ക് സന്തോഷമുണ്ട്."

കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു:

"വൈറ്റ് ഗോൾഡിനെ ടൈറ്റിൽ പാർട്ണറായി സ്വാഗതം ചെയ്യുന്നതിൽ വലിയ ആവേശമുണ്ട്. ആരാധകർക്കും ജനങ്ങൾക്കും മികച്ച അനുഭവങ്ങൾ നൽകുക എന്ന ക്ലബ്ബിന്റെ കാഴ്ചപ്പാടിന് ഈ സഹകരണം കരുത്താകും. വൈറ്റ് ഗോൾഡിന്റെ ശക്തമായ സാന്നിധ്യം കളിക്കളത്തിനകത്തും പുറത്തും വലിയ സ്വാധീനം ചെലുത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്."

വിശ്വാസത്തിലും ലക്ഷ്യബോധത്തിലും ഊന്നിക്കൊണ്ട് കേരളത്തിലെ ജനങ്ങളുമായി കൂടുതൽ അടുക്കാൻ ഈ പങ്കാളിത്തത്തിലൂടെ സാധിക്കുമെന്ന് വൈറ്റ് ഗോൾഡും കേരള ബ്ലാസ്റ്റേഴ്‌സും പ്രത്യാശിക്കുന്നു.

Content Highlights: 'White Gold' becomes the official title partner of Kerala Blasters

dot image
To advertise here,contact us
dot image