സാക്ഷാല്‍ ധോണിക്ക് പോലുമില്ലാത്ത നേട്ടം; ചെന്നൈയില്‍ റെക്കോർഡുകള്‍ വാരിക്കൂട്ടി സഞ്ജു

ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ ആദ്യ സെഞ്ച്വറി നേടിയ സഞ്ജു സാംസൺ നിരവധി റെക്കോർഡുകളും സ്വന്തമാക്കുകയും ചെയ്തു

സാക്ഷാല്‍ ധോണിക്ക് പോലുമില്ലാത്ത നേട്ടം; ചെന്നൈയില്‍ റെക്കോർഡുകള്‍ വാരിക്കൂട്ടി സഞ്ജു
dot image

ചെപ്പോക്കിനെ ഇളക്കിമറിച്ച നിർണായക സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജു സാംസൺ. ഡൽഹി ക്യാപിറ്റൽ‌സിനെതിരെ ചെന്നൈ സൂപ്പർ കിം​ഗ്സിന് വേണ്ടി ആ​ദ്യ സെഞ്ച്വറി നേടിയാണ് സഞ്ജു വിമർശകരുടെ വായടപ്പിക്കുകയും ചെയ്തു. ഡൽഹിക്കെതിരെ ഓപ്പണറായി ഇറങ്ങിയ സഞ്ജു 56 പന്തുകളിൽ 15 ഫോറുകളും നാലു സിക്‌സറുകളും അടക്കം 115 റൺസ് എടുത്തു. ഈ ഐപിഎൽ സീസണിലെ ആദ്യ സെഞ്ച്വറിയാണിത്. മൂന്ന് മത്സരങ്ങളിൽ തിളങ്ങാതെ പോയ താരം ആ കുറവും കൂടി നികത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ ആദ്യ സെഞ്ച്വറി നേടിയ സഞ്ജു സാംസൺ നിരവധി റെക്കോർഡുകളും സ്വന്തമാക്കുകയും ചെയ്തു. ചെന്നൈ സൂപ്പര്‍ കിം​ഗ്സിന് വേണ്ടി ആദ്യമായാണ് ഒരു വിക്കറ്റ് കീപ്പര്‍ സെഞ്ച്വറി നേടുന്നത്. സിഎസ്കെയു‌ടെ ഇതിഹാസതാരം എം എസ് ധോണിക്ക് പോലും നേടാനാവാത്ത നേട്ടമാണിത്. ചെന്നൈയുടെ വിക്കറ്റിന് പിന്നില്‍ വര്‍ഷങ്ങളോളം തിളങ്ങിയ ധോണിയുടെ ഐപിഎല്ലിലെ ഉയര്‍ന്ന സ്കോര്‍ 2019ൽ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നേടിയ 84 റണ്‍സാണ്. ഇതോടെ ഐപിഎല്ലിൽ ഒരു സിഎസ്‌കെ വിക്കറ്റ് കീപ്പർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന എംഎസ് ധോണിയുടെ റെക്കോർഡും സഞ്ജു തകർത്തു.

115 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സഞ്ജുവിന്‍റെ ഇന്നിങ്സിന് കരുത്തായത് ബൗണ്ടറികളാണ്. 15 ഫോറുകളാണ് സഞ്ജു ചെപ്പോക്കില്‍ അടിച്ചെടുത്തത്. ആറ് സിക്സറും. ചെന്നൈ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയര്‍ന്ന സ്കോറും ഇതോടെ സഞ്ജുവിന്‍റെ പേരിലായി. കരിയറില്‍ നാലാം ഐപിഎല്‍ സെഞ്ച്വറി നേടിയ സഞ്ജുവിന്‍റെ രണ്ടാമത്തെ ഉയര്‍ന്ന സ്കോറാണിത്. 2021 ല്‍ നേടിയ 119 റണ്‍സാണ് ഐപിഎല്ലിലെ സഞ്ജുവിന്‍റെ ഉയര്‍ന്ന സ്കോര്‍.

അതേസമയം സഞ്ജുവിന്റെ സെഞ്ച്വറിക്കരുത്തിൽ ചെന്നൈ സൂപ്പർ കിം​ഗ്സ് സീസണിലെ ആദ്യവിജയം കുറിച്ചിരിക്കുകയാണ്. ചെപ്പോക്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 23 റണ്‍സിന് പരാജയപ്പെടുത്തിയാണ് ചെന്നൈ വിജയം പിടിച്ചെടുത്തത്. ഫോമിലേക്ക് ഉയര്‍ന്ന മലയാളി താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ സെഞ്ച്വറിക്കരുത്തില്‍ ചെന്നൈ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 189 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഐപിഎൽ സീസണിലെ ആദ്യ സെഞ്ച്വറി കുറിച്ച സഞ്ജുവാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

Content Highlights: Sanju Samson Breaks MS Dhonis Record After First Century For Chennai Super Kings

dot image
To advertise here,contact us
dot image