

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിനായുള്ള മത്സരങ്ങളിൽ നിരാശപ്പെടുത്തുന്നത് തുടരുകയാണ് മലയാളി താരം സഞ്ജു സാംസൺ. ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം മൂന്ന് മത്സരങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ഒരു രണ്ടക്ക സ്കോർ പോലും താരത്തിനു കണ്ടെത്താൻ സാധിച്ചിട്ടില്ല. 7 പന്തിൽ 6, 7 പന്തിൽ 7, 5 പന്തിൽ 9 എന്നിങ്ങനെയാണ് ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജുവിന്റെ സ്കോർ.
ഇപ്പോഴിതാ മോശം പ്രകടനത്തിനിടയിലും സഞ്ജു സാംസണെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ളെമിങ്. പുതിയ ടീമുമായി സെറ്റാവാനും റൺസ് നേടാനും സഞ്ജുവിന് സമയം കൊടുക്കണമെന്നാണ് ഫ്ലെമിങ് പറയുന്നത്. ടി20യിൽ കാര്യങ്ങൾ മാറിമറിയാമെന്നും സഞ്ജുവിന്റെ കാര്യത്തിൽ കഴിഞ്ഞ ടി20 ലോകകപ്പിൽ ഇതുകണ്ടതാണെന്നും ഫ്ലെമിങ് ചൂണ്ടിക്കാട്ടി. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ചെന്നൈ കോച്ച് മലയാളി താരത്തെ പിന്തുണച്ചത്.
'വര്‍ഷങ്ങളോളം ഒരു ഫ്രാഞ്ചൈസിയില്‍ കളിച്ച ശേഷം പുതിയൊരു ടീമിലേക്ക് എത്തുമ്പോള്‍ സ്വാഭാവികമായും പൊരുത്തപ്പെടാന്‍ സമയമെടുക്കും. സഞ്ജു നിലവില്‍ ടീമുമായി ഇണങ്ങിച്ചേരാനുള്ള ശ്രമത്തിലാണ്. ടീമില്‍ അഞ്ചോ ആറോ മാറ്റങ്ങള്‍ വന്നതിനാല്‍ ഇതൊരു സെറ്റില്‍ഡ് സൈഡ് ആണെന്ന് പറയാനാകില്ല.
ടി20യിൽ കാര്യങ്ങൾ അതിവേഗം മാറിമറിയും. കഴിഞ്ഞ ലോകകപ്പിൽ ഇത് നമ്മൾ കണ്ടതുമാണ്. നന്നായി ആധിപത്യം പുലർത്താൻ സാധിക്കുന്ന ബാറ്ററാണ് സഞ്ജു. വളരെ അപകടകാരിയായ താരം. മഞ്ഞക്കുപ്പായത്തിൽ സെറ്റാവാൻ സഞ്ജുവിന് ആവശ്യമായ എല്ലാ പിന്തുണയും ആത്മവിശ്വാസവും ടീം നല്‍കും', ഫ്ലെമിങ് വ്യക്തമാക്കി.
STEPHEN FLEMING ON SANJU SAMSON:
— Johns. (@CricCrazyJohns) April 6, 2026
"He is desperate for some runs & to contribute, along with Ruturaj, T20 can change quickly. We saw in the T20 World Cup what can happen - when a batter gets on a run, he is one guy that can be very dominant, one guy that can be very dangerous so… pic.twitter.com/ewO2ZXKz7e
20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചതിന്റെ തിളക്കത്തോടെയാണ് സഞ്ജു സാംസൺ ഐപിഎല്ലിലേക്ക് എത്തിയത്. രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനം ഉപേക്ഷിച്ച് ചെന്നൈ സൂപ്പർ കിംഗ്സിലെത്തിയ സഞ്ജുവിനെ വളരെ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് ആരാധകർ സ്വീകരിച്ചത്.
പുതിയ സീസണിൽ പുതിയ ടീമിനൊപ്പം ചേർന്ന സഞ്ജു, ലോകകപ്പിലെ ഫോം ഐപിഎല്ലിലും തുടരുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. പലപ്പോഴും ദേശീയ ടീമിൽ നിരാശപ്പെടുത്തുമെങ്കിലും ഐപിഎല്ലിൽ മിന്നും പ്രകടനം പുറത്തെടുക്കാറുള്ള സഞ്ജു ഇത്തവണയും അതാവർത്തിക്കുമെന്നും ആരാധകർ കരുതി. എന്നാൽ ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം മൂന്ന് മത്സരങ്ങളിലും ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് സഞ്ജുവിൽ നിന്നുണ്ടായത്.
Content Highlights: RCB vs CSK: Stephen Fleming backs Sanju Samson amid poor run in IPL 2026