

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ പൂജ്യത്തിന് പുറത്തായിരുന്നു. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സിന് വേണ്ടി ഓപ്പണിങ്ങിനിറങ്ങിയ അഭിഷേക് നേരിട്ട രണ്ടാം പന്തിൽ തന്നെ പുറത്താവുകയായിരുന്നു. താരത്തെ ലഖ്നൗ പേസർ മുഹമ്മദ് ഷമി മണിമാരൻ സിദ്ധാർത്ഥിന്റെ കൈകളിലെത്തിച്ചാണ് മടക്കിയത്.
ലഖ്നൗവിനെതിരെ ഡക്കിന് പുറത്തായതിന് പിന്നാലെ നാണക്കേടിന്റെ റെക്കോർഡും അഭിഷേകിന്റെ പേരിലായിരിക്കുകയാണ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരമെന്ന റെക്കോര്‍ഡാണ് അഭിഷേകിന് സ്വന്തമായത്. ലഖ്നൗവിനെതിരായ മത്സരത്തോടെ 2026ൽ ആറാം തവണയാണ് അഭിഷേക് ശര്‍മ പൂജ്യത്തിന് പുറത്താകുന്നത്.
റെക്കോർഡിൽ രോഹിത് ശർമയ്ക്കും മലയാളി താരം സഞ്ജു സാംസണും ഒപ്പമാണ് അഭിഷേക് എത്തിയത്. 2018ല്‍ രോഹിത് ശര്‍മയും 2024 ല്‍ സഞ്ജു സാംസണും ആറു തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. ഈ പട്ടികയിലേക്കാണ് അഭിഷേക് ശര്‍മ എത്തുന്നത്.
ഐപിഎല്ലില്‍ മൂന്നു ഇന്നിങ്സുകളിലായി 55 റണ്‍സാണ് അഭിഷേക് ശര്‍മ നേടിയത്. ഇതില്‍ 48 റണ്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ നേടിയതാണ്. ട്വന്റി20 ലോകകപ്പിലും ദയനീയ പ്രകടനമായിരുന്നു അഭിഷേകിന്റേത്. എട്ട് ഇന്നിങ്സുകളില്‍ നിന്നായി 141 റണ്‍സാണ് അഭിഷേക് നേടിയത്. മൂന്നു ഡക്കുകളോടെ ലോകകപ്പ് ആരംഭിച്ച അഭിഷേക് ഫൈനലിലടക്കം രണ്ട് അര്‍ധ സെഞ്ചറികളാണ് ലോകകപ്പില്‍ നേടിയത്.
അതേസമയം, മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് അഞ്ച് വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലഖ്നൗ വിജയ റൺസ് കുറിച്ചു. ലഖ്നൗ ക്യാപ്റ്റന്‍ റിഷഭ് പന്ത് അർധ സെഞ്ച്വറി നേടി പുറത്താകാതെനിന്നു. 50 പന്തുകൾ നേരിട്ട റിഷഭ് 9 ഫോറുകൾ അടിച്ച് 68 റൺസാണ് നേടിയത്.
Content Highlights: Abhishek Sharma goes for a duck again, Joins Rohit Sharma, Sanju Samson in Unwanted IPL Duck Record List