ഫ്ലൈറ്റ് ടിക്കറ്റിന് പോലും കാശില്ലാത്ത സമയത്ത് ടീമിനെ സഹായിച്ചു; ഈ വിജയം ആ ബോളിവുഡ് നടിക്ക് കൂടിയുള്ളതാണ്‌...

ഇന്ത്യന്‍ വനിതകളുടെ വിജയത്തിളക്കത്തിനിടയിലും വിസ്മരിച്ചുപോവരുതാത്ത പേരാണ് മന്ദിരാ ബേദി

ഫ്ലൈറ്റ് ടിക്കറ്റിന് പോലും കാശില്ലാത്ത സമയത്ത് ടീമിനെ സഹായിച്ചു; ഈ വിജയം ആ ബോളിവുഡ് നടിക്ക് കൂടിയുള്ളതാണ്‌...
dot image

വനിതാ ഏകദിന ലോകകപ്പില്‍ ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിനെ ആഘോഷമാക്കുകയാണ് ആരാധകര്‍. ലോകചാമ്പ്യന്മാരായ ടീമിന് ഐസിസി സമ്മാനത്തുകയായി നല്‍കുന്നത് 39 കോടി രൂപയാണ്. കൂടാതെ ബിസിസിഐ 51 കോടി രൂപയും പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഈ ആഘോഷത്തിനിടയിലും ഫ്‌ളൈറ്റ് ടിക്കറ്റിന് പോലും പണമില്ലാതെ ബുദ്ധിമുട്ടിയിരുന്ന കാലം ഇന്ത്യന്‍ വനിതാ ടീമിന് ഉണ്ടായിരുന്നുവെന്ന് അധികമാര്‍ക്കും അറിയില്ല. അങ്ങനെയൊരു കാലത്ത് വനിതാ ടീമിന് സഹായവുമായി എത്തിയത് ബോളിവുഡ് താരവും ക്രിക്കറ്റ് അവതാരികയുമായ മന്ദിരാ ബേദിയായിരുന്നു. ഇന്ത്യന്‍ വനിതകളുടെ വിജയത്തിളക്കത്തിനിടയിലും വിസ്മരിച്ചുപോവരുതാത്ത പേരാണ് മന്ദിരാ ബേദി.

2003-05 സീസണില്‍ ബിസിസിഐയുടെ കീഴിലായിരുന്നില്ല ഇന്ത്യന്‍ വനിതാ ടീം. വുമണ്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുസിഐ) കീഴിലായിരുന്ന വനിതാ ടീമിന് സ്‌പോണ്‍സര്‍മാരുടെ പിന്തുണയും ഇല്ലായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലായിരുന്നു ഡബ്ല്യുസിഐ പ്രവര്‍ത്തിച്ചിരുന്നത്. മത്സരങ്ങള്‍ക്ക് പോവുന്നതിനായി വിമാനടിക്കറ്റുകളെടുക്കാന്‍ പണമില്ലാതെ ടീം ബുദ്ധിമുട്ടിയ കാലത്ത് മന്ദിരാ ബേദിയാണ് എല്ലാവിധ സഹായങ്ങളും എത്തിച്ചുനല്‍കിയത്.

ബോളിവുഡില്‍ അന്ന് പ്രമുഖയായിരുന്ന മന്ദിര തന്റെ സ്വാധീനം ഉപയോഗിച്ച് ടീമിന് സ്‌പോണ്‍സര്‍മാപെ സംഘടിപ്പിച്ചുകൊടുക്കുകയായിരുന്നു. ഒരിക്കല്‍ ഒരു പ്രശസ്ത ഡയമണ്ട് ബ്രാന്‍ഡിന് വേണ്ടിയുള്ള പരസ്യത്തില്‍ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലം മുഴുവന്‍ മന്ദിര ഡബ്ല്യുസിഐയ്ക്ക് വേണ്ടി സംഭാവന ചെയ്യുകയും ചെയ്തു. അസോസിയേഷന്റെ മുന്‍ സെക്രട്ടറിയും ഇന്ത്യന്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കറുടെ ഇളയ സഹോദരിയുമായ നൂതന്‍ ഗവാസ്‌കറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ പണം ഉപയോഗിച്ചാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് വേണ്ടി താരങ്ങള്‍ക്ക് ടിക്കറ്റെടുത്തതെന്നും നൂതന്‍ തുറന്നുപറഞ്ഞു.

1973ല്‍ രൂപീകരിച്ചതുമുതല്‍ 2006 വരെ സ്വതന്ത്ര സംഘടനയായാണ് വുമണ്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രവര്‍ത്തിച്ചത്. 2006ലാണ് വുമണ്‍ ക്രിക്കറ്റ് അസോസിയേഷനും ഇന്ത്യന്‍ വനിതാ ടീമും ബിസിസിഐയുടെ കീഴിലായത്. ഇന്ത്യയുടെ വനിതാ ലോകകപ്പ് വിജയത്തില്‍ അഭിനന്ദനവും സന്തോഷവുമറിയിച്ച് മന്ദിരാ ബേദിയും രംഗത്തെത്തിയിരുന്നു.

Content Highlights: Mandira Bedi was the silent sponsor for India’s Women Cricket Team during tough years

dot image
To advertise here,contact us
dot image