

മോഹന്‍ലാലും സംഘവും ചേര്‍ന്ന് നടത്തുന്ന യൂറോപ്യന്‍ ടൂര്‍ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. showyil നിന്നുള്ള വിഡിയോകൾക്കെല്ലാം വമ്പൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇതിന് പിന്നാലെ മോഹൻലാലിനെ കുറിച്ച് നടനും നർത്തകനുമായ റംസാൻ അബ്ദുൽ റഹ്മാൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മോഹൻലാലിന് വേണ്ടി ഡാൻസ് ചിട്ടപ്പെടുത്താൻ കഴിഞ്ഞത് ഭാഗ്യമെന്നും അദ്ദേഹം ഒരു കുട്ടിയുടെ കൗതുകത്തിൽ എല്ലാം പഠിച്ചുവെന്നും റംസാൻ കുറിച്ചു.
'ആയിരക്കണക്കിന് ആളുകൾക്ക് മുന്നിൽ ഒരു കലാകാരൻ എന്ന നിലയിൽ പ്രകടനം കാഴ്ചവെക്കുമ്പോഴെല്ലാം എനിക്ക് വലിയ സന്തോഷം ലഭിക്കാറുണ്ട്. കാണികളുടെ ആവേശവും പ്രതികരണങ്ങളും അവർ നൽകുന്ന സ്നേഹവും ഓരോ പ്രകടനത്തെയും അവിസ്മരണീയമാക്കുന്നു. എന്നാൽ ഇത്തവണത്തെ സന്തോഷം വേറെ ലെവൽ ആയിരുന്നു.
ഇതിഹാസതാരമായ മോഹൻലാൽ സാറിനൊപ്പം ഒരേ വേദി പങ്കിടാനും, അദ്ദേഹത്തിന് വേണ്ടി നൃത്തച്ചുവടുകൾ ചിട്ടപ്പെടുത്താനും (choreography) എനിക്ക് ഭാഗ്യമുണ്ടായി. എന്നെന്നും ഞാൻ ഓർത്തിരിക്കുന്ന ഒരു അവസരമാണിത്. എല്ലാറ്റിനുമുപരിയായി, റിഹേഴ്സൽ സമയത്ത് ലാൽ സാറിനെ നിരീക്ഷിച്ചതാണ് ഞാൻ ഏറ്റവും ആസ്വദിച്ചത്. കാര്യങ്ങൾ പഠിക്കുമ്പോഴും അവതരിപ്പിക്കുമ്പോഴും ഒരു കുട്ടിയുടെ കൗതുകത്തോടും ആവേശത്തോടുമാണ് അദ്ദേഹം ഓരോ ചുവടിനെയും സമീപിച്ചത്; അതീവ ശ്രദ്ധയോടെ കാര്യങ്ങൾ കേൾക്കുകയും ഓരോ ചെറിയ കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും, തന്റെ ആദ്യത്തെ പാഠം പഠിക്കുന്നതുപോലെ ഓരോ ചലനവും പഠിച്ചെടുക്കുകയും ചെയ്തു.
ഇതിനെ കൂടുതൽ പ്രചോദനാത്മകമാക്കുന്നത് എന്തെന്നാൽ, പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തും അപാരമായ അറിവും ഈ കലയിൽ അതുല്യമായ പ്രാവീണ്യവുമുള്ള വ്യക്തിയാണ് മോഹൻലാൽ സാർ എന്നതാണ്. എന്നിട്ടും, ഇത്രയേറെ നേട്ടങ്ങൾ കൈവരിച്ചിട്ടും, ഒരു തുടക്കക്കാരന്റെ വിനയത്തോടും ആകാംക്ഷയോടും കൂടി അദ്ദേഹം ഇപ്പോഴും പഠിക്കാൻ തയ്യാറാകുന്നു. അതുകൊണ്ടാണ് അദ്ദേഹം ഒരു 'ലെജൻഡ്' എന്ന് വിളിക്കപ്പെടുന്നത്. ഈ അവിസ്മരണീയമായ അനുഭവത്തിന് നന്ദി, ലാലേട്ടാ,' എന്നാണ് റംസാൻ കുറിച്ചിരിക്കുന്നത്.
Content Highlights: Dancer Ramzan has shared his experience of being part of Mohanlal's Europe tour. He spoke about the unforgettable moments, interactions with the superstar, and how the journey became a memorable milestone in his career.