സൂപ്പർ താരങ്ങളുടെ ഉൾപ്പടെ ചെറുതും വലുതുമായ ഒരു പിടി സിനിമകളാണ് ഇത്തവണ വെക്കേഷൻ കളർ ആക്കാൻ എത്തുന്നത്. എന്നാൽ ഇത്തവണ ഇറങ്ങുന്ന വെക്കേഷൻ പടങ്ങൾക്ക് മറ്റൊരു പ്രത്യേകതയും ഉണ്ട്. പ്രേക്ഷകർ കണ്ട് കയ്യടിച്ച് ഹിറ്റാക്കിയ ചില ചിത്രങ്ങളുടെ സീക്വലുകളും ഈ വെക്കേഷൻ സീസണിൽ തിയേറ്ററിൽ എത്തുന്നുണ്ട്. മലയാളത്തിലും ഹിന്ദിയിലും എന്തിനേറെ ഹോളിവുഡിൽ നിന്ന് വരെ ഈ സീക്വലുകൾ എത്തുമ്പോൾ പ്രതീക്ഷകളും ചെറുതൊന്നും അല്ല.
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ദൃശ്യം 3 മലയാളത്തിലെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ്. ചിത്രം ഏപ്രിൽ രണ്ടിന് പുറത്തിറങ്ങും. മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. അഞ്ച് വർഷത്തിനിപ്പുറം മൂന്നാം ഭാഗമെത്തുമ്പോൾ പ്രതീക്ഷകളും വാനോളമാണ്. ആദ്യ ദിനം വമ്പൻ ഓപ്പണിങ് തന്നെ സിനിമ നേടുമെന്നത് ഉറപ്പാണ്. മോഹൻലാലിന്റെ അടുത്ത 100 കോടി ആകുമോ ദൃശ്യം 3 എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
സോഷ്യല് മീഡിയയിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ക്രിയേറ്റേഴ്സിനെ പ്രധാന കഥാപാത്രങ്ങളാക്കി തിയേറ്ററുകളില് എത്തി ഹിറ്റ് അടിച്ച ചിത്രമാണ് വാഴ. യൂത്ത് കാത്തിരിക്കുന്നത് ഈ സിനിമയുടെ രണ്ടാം ഭാഗത്തിനാണ് എന്ന് നിസംശയം പറയാൻ ആകും. സിനിമയുടെ ഓരോ അപ്ഡേറ്റിനും അത്രയും സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. വാഴ 2 : 'ബയോപിക് ഓഫ് ബില്യണ് ബ്രോസ്' എന്ന് പേരിട്ട സിനിമയുടെ രണ്ടാം ഭാഗം ഏപ്രിൽ രണ്ടിന്ന് തിയേറ്ററിയിൽ എത്തും. മോഹൻലാലും പിള്ളേരുമാണ് ഈ വെക്കേഷനിൽ ബോക്സ് ഓഫീസിൽ ഏറ്റമുട്ടാൻ പോകുന്നത്. സമൂഹമാധ്യമങ്ങളിലെ മിന്നും താരങ്ങളായ ഹാഷിറും ടീമുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. 2024 ആഗസ്റ്റിലായിരുന്നു വാഴ റിലീസ് ചെയ്തത്. വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 40 കോടിയോളം നേടിയിരുന്നു.
ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത കോമഡി ചിത്രമായിരുന്നു ആട്. തിയേറ്ററിൽ വിജയമാകാതെ പോയ ചിത്രത്തിന് ഡിജിറ്റൽ റിലീസിന് ശേഷം വലിയ ആരാധകരാണ് ഉണ്ടായത്. തുടർന്ന് സിനിമയ്ക്കൊരു രണ്ടാം ഭാഗവും സംഭവിച്ചു. ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മാർച്ച് 19 ന് ചിത്രം തിയേറ്ററിൽ എത്തും. ഒരു എപിക്-ഫാന്റസി ചിത്രമായാകും ആട് 3 എന്ന് നേരത്തെ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. ഇതിനോട് ചേർന്ന് നിൽക്കുന്നതാണ് സിനിമയുടെ പോസ്റ്ററുകളും ട്രെയ്ലറും. . മറ്റ് രണ്ട് ഭാഗങ്ങളെക്കാൾ വലിയ രീതിയിൽ ചിത്രം ഹിറ്റടിക്കുമെന്നാണ് ആരാധകർ പറയുന്നത്. ഷാജി പാപ്പന്റെ ഫാൻസ് ചിത്രം കൊണ്ടാടും എന്നതിൽ സംശയം ഇല്ല.
'ഭരതനാട്യം' എന്ന ചിത്രത്തിനു ശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോഹിനിയാട്ടം’. സൈജു കുറുപ്പ് കേന്ദ്രകഥാപാത്രമായെത്തിയ ‘ഭരതനാട്യം’ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘മോഹിനിയാട്ടം’. തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സിന്റെയും ബാനറിൽ ഒരുങ്ങുന്ന "ഭരതനാട്യം 2: മോഹിനിയാട്ടം" ഏപ്രിൽ 10 ന് തിയറ്ററുകളിൽ എത്തും. സൈജു കുറുപ്പിന്റെ 150ാം ചിത്രം എന്ന പ്രത്യേകതയുമുണ്ടിതിന്. സായി കുമാർ, ശ്രീജ രവി, കലാരഞ്ജിനി തുടങ്ങിയവർ ശ്രദ്ധേയ വേഷങ്ങളിലെത്തിയ ‘ഭരതനാട്യം’ തിയറ്ററുകളിൽ വിജയിച്ചിരുന്നില്ല. എന്നാൽ, ഒടിടിയിലെത്തിയപ്പോൾ ചിത്രം ട്രെൻഡിങ്ങായി. അതിനെത്തുടർന്നാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നത്. ‘ഭരതനാട്യ’ത്തിലെ മുഖ്യ താരങ്ങൾക്കൊപ്പം ഇത്തവണ മലയാളത്തിലെ മുഖ്യധാരയിലുള്ള മറ്റു താരങ്ങളും ഈ ചിത്രത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. മികച്ച പ്രതികരണങ്ങൾ നേടി സിനിമ തിയേറ്ററിൽ നിന്ന് 1000 കോടിയ്ക്ക് മുകളിലാണ് നേടിയത്. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രവും ധുരന്ദർ ആയിരുന്നു. സിനിമയുടെ രണ്ടാം ഭാഗം തിയേറ്റർ കാണാൻ സെറ്റ് ആയി ഇരിക്കുകയാണ്. ധുരന്ദർ- ദി റിവജ് എന്നാണ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പേര്. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലായി 2026 മാർച്ച് 19 ന് ചിത്രം തിയേറ്ററുകളിൽ എത്തും. കേരളത്തിലും ധുരന്ദറിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിനിമയ്ക്ക് വമ്പൻ ഒടിടി ഡീൽ ലഭിച്ചതായി റിപ്പോട്ടുകൾ ഉണ്ട്. 285 കോടി രൂപയ്ക്ക് സിനിമയുടെ ഒ ടി ടി റൈറ്റ്സ് നെറ്ഫ്ലിക്സ് സ്വന്തമാക്കിയത്. രണ്ടാം ഭാഗവും ആദ്യ ഭാഗത്തെപ്പോലെ വമ്പൻ വിജയം നേടുമെന്ന് തന്നെയാണ് പ്രതീക്ഷകൾ. ഓപ്പണിങ് ഡേ മുതൽ ഫൈനൽ കളക്ഷൻ വരെ ധുരന്ദർ തൂക്കുമെന്നാണ് കണക്കുകൂട്ടൽ.
ഇതിനൊപ്പം മാർവെൽ സ്റ്റുഡിയോസിന്റെ ഹിറ്റ് സീരീസ് ആയ ഡെയർഡെവിൾ സീസൺ 2 വും മാർച്ച് 24 മുതൽ സ്ട്രീമിങ്ങിനെത്തും. ജിയോ ഹോട്ട്സ്റ്റാർ വഴിയാണ് സീരീസ് ഒടിടിയിൽ എത്തുന്നത്.
Content Highlights: Drishyam 3 and Aadu 3 officially in the pipeline. Sequels to some of the biggest Malayalam box office hits. Massive fan expectations surrounding franchise returns.