

രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത സിനിമയാണ് ജയിലർ. സിനിമയിൽ മോഹൻലാലും അതിഥി വേഷത്തിലെത്തിയിരുന്നു. ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 3 യുടെ ചിത്രീകരണം ഇന്ന് അവസാനിച്ച വീഡിയോ സോഷ്യൽ മീഡിയിൽ മോഹൻലാൽ പങ്കുവെച്ചിരുന്നു. ഈ വീഡിയോ പങ്കുവെച്ച് കുറച്ചു മണിക്കൂറുകൾക്കുള്ളിൽ മോഹൻലാൽ ജയിലർ 2 സിനിമയുടെ സെറ്റിലേക്ക് ജോയിൻ ചെയ്യാനായി ഫ്ലൈറ്റിൽ പോകുന്ന ചിത്രങ്ങൾ കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദീൻ പങ്കുവെച്ചിട്ടുണ്ട്.
ജയിലർ സിനിമയിലെ മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത് ഇദ്ദേഹമാണ്. ഫോട്ടോകൾ ഏറ്റെടുത്ത ആരാധകർ ലാലേട്ടന് വിശ്രമം ഇല്ലേ എന്നാണ് ചോദിക്കുന്നത്. ഒന്നോ രണ്ടോ ദിവസം നീളുന്ന ചെറു ഷെഡ്യൂള് പൂര്ത്തിയാക്കിയതിന് പിന്നീട് വീണ്ടും ചിത്രീകരണത്തില് പങ്കെടുക്കുമെന്നുമാണ് റിപ്പോർട്ട്. കോളിവുഡിലെ എക്കാലത്തെയും വലിയ പണംവാരി പടങ്ങളിലൊന്നായി മാറിയ ജയിലര് 2 ആഗോള ബോക്സ് ഓഫീസില് നിന്ന് 600 കോടി ക്ലബ്ബില് ഇടംപിടിച്ച ചിത്രമാണ്.
സിനിമയിൽ വിനായകനും ഉണ്ട്. ചിത്രത്തിൽ വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിലും വിനായകന്റെ വർമൻ തിരിച്ചെത്തും. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം. ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം ജയ്ലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്ച്ചില് ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും.
അതേസമയം, മോഹൻലാലിന്റെ ദൃശ്യം 3 അടുത്ത വർഷം തിയേറ്ററിൽ എത്തും. സിനിമയുടെ ആദ്യ രണ്ടു ഭാഗങ്ങളും സൂപ്പർ ഹിറ്റായിരുന്നു. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന് തിയേറ്റര് അവകാശങ്ങളും ഡിജിറ്റല് അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു.
Content Highlights: Mohanlal to join Jailer 2 sets