
ലോകയുടെ വമ്പൻ വിജയത്തിൽ സിനിമയുടെ ഛായാഗ്രാഹകൻ നിമിഷ രവിക്ക് വാച്ച് സമ്മാനമായി നൽകി നടി കല്യാണി പ്രിയദർശൻ. 9 ലക്ഷത്തോളം വിലയുള്ള വാച്ച് ആണ് കല്യാണി സമ്മാനമായി നൽകിയത്. കല്യാണിക്ക് നന്ദി അറിയിച്ച് ഒരു പോസ്റ്റും നിമിഷ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
'പ്രിയപ്പെട്ട കല്യാണി, ഇത് നിങ്ങളുടെ മഹാമനസ്കതയാണ്, വളരെയധികം നന്ദി, ഈ നിറം ലോകയുമായും ചന്ദ്രയുമായും എന്നെ നേരിട്ട് ബന്ധിപ്പിക്കുന്നു. മറ്റെന്തിനേക്കാളും ഉപരി, നിരന്തരമായ കഠിനാധ്വാനം എല്ലായ്പ്പോഴും നല്ല കാര്യങ്ങള്ക്ക് കാരണമാകുമെന്ന് ഇത് എന്നെ ഓര്മ്മിപ്പിക്കും. ഈ സിനിമയും അതുമായി ബന്ധപ്പെട്ട ആളുകളും അതിനുള്ള ഒരു ഓര്മപ്പെടുത്തലാണ്. ഇത് കഠിനാധ്വാനത്തിന്റെ ഫലമാണ്, ഒരുപാട് സ്നേഹം', നിമിഷ് രവി ഇന്സ്റ്റഗ്രാമില് കുറിച്ചു.
സ്വിസ് കമ്പനിയായ ഒമേഗയുടെ 9,81,800 രൂപ വിലയുള്ള സ്പീഡ്മാസ്റ്റര് 57 എന്ന മോഡല് അത്യാഡംബര വാച്ചാണ് കല്യാണി സമ്മാനമായി നല്കിയിരിക്കുന്നത്. 40.5 എംഎം ഡയലും ലെതര് സ്ട്രാപ്പുമാണ് ഇതിന്റെ സവിശേഷത. അതേസമയം, ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ലോക. 275 കോടി രൂപ ആഗോളതലത്തിൽ കളക്ഷൻ നേടിയ ഇൻഡസ്ട്രി ഹിറ്റ് ചിത്രം എന്ന ലേബൽ ഇനി ലോകയ്ക്ക് സ്വന്തം. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ കണ്ട നാലാമത്തെ സിനിമയായി മാറിയിരിക്കുകയാണ് ലോക. 1.18 കോടി ജനങ്ങളാണ് ചിത്രം ഇതുവരെ തിയേറ്ററിൽ കണ്ടത്. മോഹൻലാൽ ചിത്രമായ പുലിമുരുകൻ, മഞ്ഞുമ്മൽ ബോയ്സ്, തുടരും എന്നീ സിനിമകളാണ് ഈ ലിസ്റ്റിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള സിനിമകൾ. നിലവിൽ ലോക കേരളത്തിൽ നിന്നും ഇതുവരെ നേടിയത് 114 കോടി രൂപയാണ്. കേരളത്തിൽ മോഹൻലാൽ ചിത്രമായ തുടരുമിനെ മറികടന്ന് ഒന്നാം സ്ഥാനം നേടാൻ ലോകയ്ക്ക് ഇനി വേണ്ടത് വെറും അഞ്ച് കോടി മാത്രമാണ്. തുടരും 119 കോടി സ്വന്തമാക്കിയിട്ടാണ് കേരളക്കര വിട്ടത്.
അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
Content Highlights: Kalyani gifts watch to nimish ravi