
കലാഭവന് നവാസിന്റെ അപ്രതീക്ഷിത വിടവാങ്ങല് അദ്ദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും സിനിമാലോകത്തെയും എന്ന പോലെ പ്രേക്ഷകരെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഒരുകാലത്ത് സിനിമകളിലും സ്റ്റേജുകളിലും കോമഡിയുമായി നിറഞ്ഞുനിന്ന താരം ചെറിയ ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് സജീവമായി തിരിച്ചെത്തുമെന്ന് കാത്തിരുന്ന സമയത്താണ് മരണം രംഗബോധമില്ലാത്ത കോമാളിയായി കടന്നുവന്നിരിക്കുന്നത്.
ഡിക്ടറ്റീവ് ഉജ്ജ്വലനിലൂടെയാണ് കലാഭവന് നവാസിനെ പ്രേക്ഷകര് അവസാനമായി വെള്ളിത്തിരയില് കണ്ടത്. സിനിമയുടെ ആദ്യ സീനില് തന്നെ അശോകന് എന്ന കഥാപാത്രമായി നവാസ് സ്ക്രീനിലെത്തി.
അല്പം മുരട് സ്വഭാവമുള്ള ഒരു അച്ഛന്. ഡയലോഗ് ഡെലിവറിയിലും ഭാവങ്ങളിലും പുതുമയുള്ള സ്ക്രീന് പ്രസന്സ്. സത്യത്തില് ആരാണ് ഈ നടന് എന്ന് ആദ്യ കുറച്ച് സെക്കന്റുകള് ചിന്തിച്ചുപോയെന്നാണ് പലരും സിനിമ കണ്ടതിന് ശേഷം കുറിച്ചത്. പിന്നീടാണ് ഇത് നമ്മളെ ഒട്ടേറെ ചിരിപ്പിച്ച കലാഭവന് നവാസ് ആണെന്ന് പലര്ക്കും മനസിലായത്.
സിനിമയില് വളരെ കുറഞ്ഞ സമയം മാത്രമേ അശോകന് ഉണ്ടായിരുന്നുള്ളുവെങ്കിലും അതായിരുന്നു ഡിക്ടറ്റീവ് ഉജ്വലനിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സര്പ്രൈസ്. സിനിമയില് നിന്നും ഒരു സമ്മാനം കിട്ടിയ പ്രതീതിയായിരുന്നു നവാസിനെ സ്ക്രീനില് കണ്ടപ്പോള് എന്ന് പറഞ്ഞവര് ഏറെയാണ്.
തൊണ്ണൂറുകളിലും രണ്ടായിരങ്ങൡും മലയാള സിനിമയില് കോമഡി വേഷങ്ങളിലൂടെ നിറഞ്ഞുനിന്നിരുന്ന പലരും പുത്തന് വേഷങ്ങളുമായി സ്ക്രീനിലേക്ക് തിരികെയെത്തുന്ന സമയമായതുകൊണ്ട്, കലാഭവന് നവാസിന്റെയും റീഎന്ട്രിയുടെ തുടക്കമാകും ഈ ചിത്രമെന്ന് തന്നെ ഏവരും കരുതി. മലയാള സിനിമ ഇനിയുമേറെ ഉപയോഗിക്കേണ്ട അഭിനേതാവാണ് അദ്ദേഹമെന്ന് പലരും കുറിച്ചു.
പക്ഷെ, പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് മരണം പടികയറി വന്നു. കലാഭവന് നവാസ് എന്ന കലാകാരന് വിട പറഞ്ഞ് അകന്നു.
Content Highlights: Kalabhvan Navas's last role in Detective Ujjwalan