
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. മികച്ച പ്രതികരണമാണ് സിനിമ സ്വന്തമാക്കിയത്. ബോക്സ് ഓഫീസിൽ വലിയ കുതിപ്പ് നടത്തുന്ന സിനിമ ഇപ്പോൾ മറ്റൊരു റെക്കോർഡ് കൂടി തിരുത്തി കുറിച്ചിരിക്കുകയാണ്. സിനിമ ഇതിനോടകം വിദേശ മാർക്കറ്റിൽ 10 മില്യൺ ഗ്രോസ് പിന്നിട്ടിരിക്കുകയാണ്. 15 ദിവസം കൊണ്ടാണ് സിനിമയുടെ ഈ നേട്ടം. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
നിലവിൽ രണ്ടു മലയാളം സിനിമകൾ മാത്രമാണ് വിദേശ മാർക്കറ്റിൽ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഈ രണ്ടു സിനിമകളിലും മോഹൻലാൽ തന്നെയാണ് നായകൻ എന്നതും ശ്രദ്ധേയമാണ്. എമ്പുരാനാണ് ഈ നേട്ടം മുമ്പ് കൈവരിച്ചത്. 16 മില്യണാണ് സിനിമയുടെ വിദേശ മാർക്കറ്റിലെ കളക്ഷൻ.
അതേസമയം തുടരും എന്ന സിനിമയുടെ തമിഴ് പതിപ്പും റിലീസ് ചെയ്തിട്ടുണ്ട്. 'തൊടരും' എന്നാണ് തമിഴ് പതിപ്പിന്റെ പേര്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്നത്. മോഹൻലാൽ നന്നായി അഭിനയിച്ചിട്ടുണ്ടെന്നും സിനിമയുടെ സെക്കന്റ് ഹാഫ് നല്ല മാസായിട്ടുണ്ടെന്നുമാണ് അഭിപ്രായങ്ങൾ. 'മോഹൻലാലിനെ റൊമ്പ പുടിക്കും' എന്നും ചിത്രം കണ്ടിറങ്ങിയ ഒരു പ്രേക്ഷക വീഡിയോയിൽ പറയുന്നത് കാണാം. വില്ലനായി അഭിനയിച്ച പ്രകാശ് വർമയ്ക്കും കയ്യടി ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ തമിഴ് ഡബ്ബിങ് നന്നായിരിക്കുന്നെന്നും അഭിപ്രായങ്ങളുണ്ട്.
സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
Content Highlights: Mohanlal movie Thudarum overseas gross