
അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും ഒടുവില്‍ വിരാമം. ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍ നസറില്‍ തന്നെ തുടരും. അല്‍ നസറില്‍ 2027 വരെയാണ് താരം കരാര്‍ നീട്ടിയത്.
ക്ലബ്ബ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 'കഥ തുടരുകയാണ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2027 വരെ അല്‍ നസറില്‍ തുടരും', അല്‍ നസര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പുതിയ കരാറില്‍ റൊണാള്‍ഡോ ഒപ്പുവെക്കുന്ന ചിത്രങ്ങളും ക്ലബ്ബ് പങ്കുവെച്ചു.
Cristiano Ronaldo is staying at @AlNassrFC until 2027 💛🤩 pic.twitter.com/uVOzvZW4u7
— AlNassr FC (@AlNassrFC_EN) June 26, 2025
പ്രഖ്യാപനത്തിന് ശേഷം റൊണാള്‍ഡോയും സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചു. 'ഒരു പുതിയ അധ്യായം ആരംഭിക്കുകയാണ്. 'അതേ പാഷന്‍, അതേ സ്വപ്നം. നമുക്ക് ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം', റൊണാള്‍ഡോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്. റൊണാള്‍ഡോ സൗദി ക്ലബ്ബ് വിടാനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. അല്‍ നസറുമായുള്ള റൊണാള്‍ഡോയുടെ കരാര്‍ അവസാനിക്കാനിരിക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍.
സൗദി പ്രോ ലീഗ് സീസണ്‍ അവസാനിച്ചതിന് പിന്നാലെ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ 'ഈ അധ്യായം അവസാനിച്ചു. കഥ ഇനിയും തുടരും. എല്ലാവര്‍ക്കും നന്ദി', എന്ന് കുറിച്ചതും ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നിരുന്നു.
Content Highlights: Cristiano Ronaldo signs new two-year contract with Saudi Pro League side Al-Nassr