എന്താണ് സ്‌പോര്‍ട്‌സ് ഹെര്‍ണിയ? സൂര്യകുമാര്‍ യാദവിനെ ബാധിച്ച രോഗത്തെ കുറിച്ച് അറിയാം

കായിക താരങ്ങൾ അല്ലാത്തവർക്കും ഈ അസുഖം പിടിപെടാനുള്ള സാധ്യതയുണ്ട്

dot image

ഇന്ത്യയുടെ ടി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായിരിക്കുകയാണ്. സ്പോർട്സ് ഹെർണിയ ബാധിച്ചതിന് പിന്നാലെയാണ് താരത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ടിവന്നത്. ഇത് രണ്ടാം തവണയാണ് താരത്തിന് സ്പോർട്സ് ഹെർണിയ നീക്കം ചെയ്യാൻ ശസ്ത്രക്രിയ ചെയ്യേണ്ടിവരുന്നത്.

ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്നും ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണെന്നും സൂര്യകുമാർ‌ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവെക്കുകയും ചെയ്തു. ഇതോടെ സ്പോർട്സ് ഹെർണിയ എന്താണെന്ന് അറിയാനുള്ള അന്വേഷണത്തിലാണ് ക്രിക്കറ്റ് ആരാധകർ. സ്പോർട്സ് ഹെർണിയയെ കുറിച്ച് കൂടുതൽ അറിയാം.

എന്താണ് സ്‌പോര്‍ട്‌സ് ഹെര്‍ണിയ?

കായിക താരങ്ങൾക്കിടയിൽ കണ്ടുവരുന്ന സാധാരണമായ ഒരു ആരോഗ്യപ്രശ്‌നമാണ് സ്‌പോര്‍ട്‌സ് ഹെര്‍ണിയ. എന്നാൽ കായിക താരങ്ങൾ അല്ലാത്തവർക്കും ഈ അസുഖം പിടിപെടാനുള്ള സാധ്യതയുണ്ട്. ഞരമ്പുകളില്‍ കടുത്ത വേദന അനുഭവപ്പെടുന്ന അസുഖമാണിത്. ഉയര്‍ന്ന സമ്മര്‍ദമുണ്ടാവുമ്പോള്‍ അടിവയറ്റിലോ ഞരമ്പുകളിലോ മൃദുവായ ടിഷ്യുവിന് പരിക്കേല്‍ക്കുന്നു.

അടിവയറ്റിലും സ്‌പോര്‍ട്‌സ് ഹെര്‍ണിയ ബാധിക്കാം. വയറിന്റെ താഴ്ഭാഗത്ത് ചവിട്ടേല്‍ക്കുന്നതു പോലെ പെട്ടെന്നുള്ള അമിതമായ സമ്മര്‍ദ്ദം ഏല്‍ക്കുമ്പോഴും സമാനമായ ആഘാതമുണ്ടാക്കുന്ന വീഴ്ചകളിലും ഷോട്ടുകള്‍ കളിക്കുമ്പോഴും ഇങ്ങനെ സംഭവിക്കാം. ഇത് സ്ഥിരമായ വേദനയ്ക്ക് കാരണമാകുന്നു. മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കാം. പരമ്പരാഗത ചികിത്സ പരാജയപ്പെട്ടാല്‍ ശസ്ത്രക്രിയ ആവശ്യമായി വരാം.

sports hernia
സ്പോർട്സ് ഹെർണിയ (അത്‌ലറ്റിക് പ്യൂബള്‍ജിയ)

അത്‌ലറ്റിക് പ്യൂബള്‍ജിയ എന്നും ഈ രോഗം അറിയപ്പെടുന്നുണ്ട്. പെട്ടെന്ന് തിരിയുക, സഞ്ചരിക്കുന്ന

ദിശയില്‍ നിന്ന് പെട്ടെന്നുള്ള മാറ്റം, പെല്‍വിക് ഭാ​ഗങ്ങളിൽ ആവര്‍ത്തിച്ച് ഉണ്ടാകുന്ന സമ്മര്‍ദം എന്നിവ വഴിയാണ് സ്‌പോര്‍ട്‌സ് ഹെര്‍ണിയ സംഭവിക്കുന്നത്. ഫുട്‌ബോള്‍, ഹോക്കി, ക്രിക്കറ്റ്, ടെന്നീസ് കളിക്കാരില്‍ ഇത് സ്വാഭാവികമായി കണ്ടുവരാറുണ്ട്. പെല്‍വിസിനോ അടിവയറിനോ ചുറ്റുമുള്ള മസിലുകളുടെ ബലഹീനതയും സ്‌പോര്‍ട്‌സ് ഹെര്‍ണിയയ്ക്ക് കാരണമാകും.

ഞരമ്പുകളിൽ അനുഭവപ്പെടുന്ന കടുത്ത വേദനയാണ് സ്‌പോര്‍ട്‌സ് ഹെര്‍ണിയയുടെ പ്രാഥമിക ലക്ഷണം. അങ്ങോട്ടും ഇങ്ങോട്ടുമുള്ള തിരിച്ചിലിലും മറ്റും ഈ വേദന കടുക്കും.

സൂര്യകുമാർ യാദവിന് അടിവയറ്റിൽ വലതുഭാ​ഗത്തായിട്ടാണ് സർജറി പൂർത്തിയാക്കിയിട്ടുള്ളത്. സ്‌പോര്‍ട്‌സ് ഹെര്‍ണിയ രോഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷവും താരം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ നേരത്തേ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുലിനും ഈ രോഗമുണ്ടായിരുന്നു. 2022ൽ ജര്‍മനിയില്‍ ശസ്ത്രക്രിയ ചെയ്ത ശേഷമാണ് അദ്ദേഹം സുഖം പ്രാപിച്ചത്.

Content Highlights: What is Sports Hernia: Symptoms, Treatment, Recovery & Diagnosis

dot image
To advertise here,contact us
dot image