കൂലിക്ക് പണി ബോളിവുഡോ കോളിവുഡോ അല്ല; തലൈവർക്ക് മറികടക്കാനുള്ളത് മോഹൻലാലിനെ

തമിഴ് സിനിമക്ക് ബോക്സ് ഓഫീസില്‍ ഈ വർഷം നഷ്ടപ്പെട്ടിരിക്കുന്ന ശക്തി കൂലിയിലൂടെ പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ

dot image

ഈ വർഷം തെന്നിന്ത്യൻ സിനിമകളുടെ ബോക്സ് ഓഫീസില്‍ കോളിവുഡ് ആകെ ഒരു തണുപ്പന്‍ മട്ടിലാണ്. അജിത് കുമാർ, സൂര്യ, കമൽ ഹാസൻ എന്നിവരെല്ലാം ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുമായി എത്തിയെങ്കിലും ബോക്‌സ് ഓഫീസിൽ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാൻ സാധിച്ചില്ല. അജിത്തിന്‍റെ ഗുഡ് ബാഡ് അഗ്ലി കോടികള്‍ നേടിയെങ്കിലും റെക്കോര്‍ഡൊന്നും തകര്‍ക്കാനായില്ല. കമല്‍ ഹാസന്‍റെ തഗ് ലെെഫും സൂര്യയുടെ റെട്രോയും വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു.

ശങ്കർ, മണിരത്‌നം, കാർത്തിക്ക് സുബ്ബരാജ് പോലുള്ള ബ്രാൻഡ് സംവിധായകർക്കും ഇത് കഷ്ടകാലം തന്നെ. 2025ന്റെ ആദ്യ പാദത്തിൽ ബിഗ് സ്റ്റാർസിന്റെ ചിത്രങ്ങളെല്ലാം തന്നെ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്ന സാഹചര്യത്തിലും തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒരുപോലെ പ്രതീക്ഷ വെക്കുന്ന ചിത്രമാണ് 'കൂലി'. സൂപ്പർസ്റ്റാർ രജിനികാന്തും മാസ് മസാല ചിത്രങ്ങൾക്ക് പുത്തൻ ചേരുവുകളുമായെത്തുന്ന ലോകേഷ് കനകരാജും ആദ്യമായൊന്നിക്കുന്ന ചിത്രമാണ് കൂലി.

തെലുങ്കിൽ നിന്നും മലയാളത്തിൽ നിന്നും ബോളിവുഡിൽ നിന്ന് ആമീർ ഖാൻ വരെ ഒരുപാട് താരങ്ങൾ കൂലിയിൽ അണിനിരക്കുന്നുണ്ട്. തമിഴ് സിനിമക്ക് തെന്നിന്ത്യയിൽ ഈ വർഷം നഷ്ടപ്പെട്ടിരിക്കുന്ന ശക്തി ഇതിലൂടെ പിടിച്ചെടുക്കാൻ സാധിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

ഈ വർഷം ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ പണംവാരിയ സൗത്ത് ഇന്ത്യൻ ചിത്രം മോളിവുഡ് ബിഗ്ഗിയായ എമ്പുരാനാണ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ ലോകമെമ്പാട് നിന്നും 268കോടിയോളമാണ് കളക്ട് ചെയ്തത്. ഇതിൽ തന്നെ 142 കോടിയോളം രൂപ എമ്പുരാൻ കളക്ട് ചെയ്തത് ഓവർസീസിൽ നിന്നുമാണ്. മോളിവുഡിന്റെ മാർക്കറ്റ് വളർച്ചയെ അടയാളപ്പെടുത്തുന്ന നമ്പറുകളാണ് ഇത്.

ഈ വർഷം ഇതുവരെ ഇറങ്ങിയ മറ്റ് സൗത്ത് ഇന്ത്യൻ സിനിമകൾക്കൊന്നും മാർച്ചിൽ റിലീസ് ചെയ്ത എമ്പുരാനെ മറികടക്കാൻ സാധിച്ചില്ല. 256 കോടി ആഗോള ബോക്‌സ് ഓഫീസ് കളക്ഷനുമായി എമ്പുരാന് പിന്നിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്നത് വെങ്കടേഷന് നായകനായെത്തിയ അനിൽ രവിപുടി സംവിധാനം ചെയ്ത സംക്രാന്തികി വാസ്തുനം എന്ന തെലുങ്ക് ചിത്രമാണ്. തല അജിത്തിന്റെ ഗുഡ് ബാഡ് ആൻഡ് അഗ്ലി 246 കോടി നേടി മൂന്നാമതെത്തി. അതുകൊണ്ട് തന്നെ എമ്പുരാനെ മറികടന്ന് ഈ വര്‍ഷത്തെ സൗത്ത് ഇന്ത്യന്‍ ടോപ് ഗ്രോസറാകുമോ കൂലി എന്നറിയാന്‍ കൂടിയാണ് ഏവരും കാത്തിരിക്കുന്നത്.

ബോളിവുഡ് സ്‌പൈ യൂണിവേഴ്‌സിൽ നിന്നുമെത്തുന്ന ഹൃത്തിക് റോഷൻ ജൂനിയർ എൻ ടി ആർ ചിത്രം വാർ 2 എന്ന വമ്പൻമാരുമായാണ് ലോകേഷിന്റെയും രജിനിയുടെയും കൂലി ഏറ്റുമുട്ടുന്നത്.

പാൻ ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ വമ്പൻ ഇടിച്ചുകയറ്റത്തിന് സാധ്യതയുള്ള ചിത്രങ്ങളാണ് രണ്ടും. നോർത്ത് ഇന്ത്യ, ഓവർസീസ് ബോക്‌സ് ഓഫീസ് മാർക്കറ്റിലെല്ലാം കൂലിക്ക് കനത്ത മത്സരമാവും യാഷ് രാജ് പ്രൊഡക്ഷന്റെ കീഴിൽ അയാൻ മുഖർജി സംവിധാനം ചെയ്യുന്ന വാർ 2 നൽകാൻ പോകുന്നതെന്നാണ് കണക്കുകൂട്ടലുകൾ.

മികച്ച ഓപ്പണിംഗ് നേടാന്‍ സാധ്യതയുള്ളതുകൊണ്ട് തന്നെ ടോട്ടല്‍ കളക്ഷനില്‍ എമ്പുരാനെ കൂലി മറികടന്നേക്കാം. എന്നാലും വാര്‍ 2വുമായുള്ള ക്ലാഷിനിടയില്‍ എമ്പുരാനെ ഓവർസീസ് കളക്ഷനിൽ മറികടക്കണമെങ്കിൽ കൂലിക്ക് വമ്പൻ പോസിറ്റീവ് റിവ്യു ലഭിക്കേണ്ടത് അത്യാവശ്യമാണ്.

ചിത്രത്തിന്റേതായി പുറത്തെത്തിയ അപ്‌ഡേറ്റുകളെല്ലാം തന്നെ പ്രതീക്ഷ നൽകുന്നവയാണെന്നുള്ളതാണ് തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ആശ്വാസം. വമ്പൻമാരെല്ലാം വീണ സാഹചര്യത്തിൽ കൂലി വൻ ഹിറ്റാകണമെന്നുള്ളത് കോളിവുഡിനെ അപേക്ഷിച്ച് ഒരു ആവശ്യം കൂടിയാണ്.

Content Highlights- Coolie has to fight for Empuraan's collection amids clash with War 2

dot image
To advertise here,contact us
dot image