ആർച്ചർ ഈസ് ബാക്ക്! 4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ടീമില്‍; എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കും

ജൂലൈ രണ്ട് മുതല്‍ ആറ് വരെ എഡ്ജ്ബാസ്റ്റണിലെ ബിര്‍മിങ്ഹാം സ്റ്റേഡിയത്തിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് നടക്കുക

dot image

നീണ്ട നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫാസ്റ്റ് ബോളര്‍ ജോഫ്ര ആര്‍ച്ചര്‍ ടെസ്റ്റ് ക്രിക്കറ്റിലേയ്ക്ക് തിരിച്ചെത്തുന്നു. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ ജോഫ്ര ആര്‍ച്ചറെ ഉള്‍പ്പെടുത്തി. ജൂലൈ രണ്ട് മുതല്‍ ആറ് വരെ എഡ്ജ്ബാസ്റ്റണിലെ ബിര്‍മിങ്ഹാം സ്റ്റേഡിയത്തിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് നടക്കുക.

2021 ഫെബ്രുവരിയിലാണ് ആര്‍ച്ചര്‍ ഇംഗ്ലണ്ട് ജേഴ്‌സിയില്‍ അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്. പിന്നീട് ഐപിഎല്ലിനിടെ കൈവിരലിനേറ്റ പരിക്കുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ അദ്ദേഹം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

അടുത്തിടെ സസെക്‌സിന് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ജോഫ്ര ആര്‍ച്ചര്‍ തിരിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലൂടെ ഇംഗ്ലണ്ട് ടീമിലേക്കുള്ള മടങ്ങിവരവ്. ഇന്ത്യയ്‌ക്കെതിരെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 2-0ന്‍റെ ലീഡെന്ന ലക്ഷ്യമിട്ട് വരുന്ന ഇംഗ്ലണ്ടിന്റെ ശക്തമായ പേസ് നിരയുടെ ഭാഗമാകും ആര്‍ച്ചര്‍.

ലീഡ്‌സ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന് വിജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് നിരയിലെ ഏക മാറ്റം ആര്‍ച്ചറെ ഉള്‍പ്പെടുത്തിയതാണ്. ഇംഗ്ലണ്ടിന്റെ പേസ് ബോളിങ് നിര മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ ആര്‍ച്ചറെ ഇലവനില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ക്രിസ് വോക്‌സിനെയോ സ്പിന്നര്‍ ഷുഐബ് ബഷീറിനെയോ പുറത്തിരുത്തേണ്ടിവരും.

രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം
ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ഷുഐബ് ബഷീര്‍, ജേക്കബ് ബെഥേല്‍, ഹാരി ബ്രൂക്ക്, ബ്രൈഡണ്‍ കാര്‍സെ, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജാമി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടോങ്, ക്രിസ് വോക്‌സ്, ജോഫ്ര ആര്‍ച്ചര്‍.

Content Highlights: England add Jofra Archer to squad ahead of second Test against India

dot image
To advertise here,contact us
dot image