ട്രേഡർമാരെ ഇതിലെ ഇതിലെ; ട്രേഡിങ് സമയം നീട്ടി NSE,ആഗസ്റ്റ് മുതൽ പുതിയ മാറ്റങ്ങൾ

വിപണിയിലെ ലിക്വിഡിറ്റിയും വില നിർണയ കാര്യക്ഷമതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എൻഎസ്ഇ നീക്കം നടത്തുന്നത്

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് വിഭാഗത്തിലെ ട്രേഡിംഗ് സമയത്തിൽ മാറ്റം പ്രഖ്യാപിച്ചു. പുതിയ തീരുമാനപ്രകാരം, 2026 ഓഗസ്റ്റ് 3 മുതൽ F&O മാർക്കറ്റ് നിലവിലെ 3:30 ന് പകരം 3:40 വരെ പ്രവർത്തിക്കും.ഈ മാറ്റത്തോടെ F&O ട്രേഡർമാർക്ക് അധികമായി 10 മിനിറ്റ് ട്രേഡിംഗ് സമയം ലഭിക്കും.

വിപണിയിലെ ലിക്വിഡിറ്റിയും വില നിർണയ കാര്യക്ഷമതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എൻഎസ്ഇ ഈ നീക്കം നടത്തുന്നത്.സർക്കുലർ പ്രകാരം, ഡെറിവേറ്റീവ് വിഭാഗത്തിലെ പ്രീ -ഓപ്പൺ സെഷൻ സമയത്തിൽ മാറ്റമില്ല. രാവിലെ 9 മണിക്ക് ആരംഭിക്കുകയും 9:15 AM-ന് സാധാരണ ട്രേഡിംഗ് നടക്കുകയും ചെയ്യും. ട്രേഡ് മോഡിഫിക്കേഷൻ വിൻഡോ പതിവ് പോലെ തന്നെ 4:15 PM വരെ തുടരും.

ക്യാഷ് മാർക്കറ്റിൽ അവതരിപ്പിക്കുന്ന പുതിയ ക്ലോസിങ് ഓക്ഷൻ സെഷൻ (CAS) സംവിധാനവുമായി എഫ് ആൻഡ് ഓ വിഭാഗത്തെ കൂടുതൽ ഏകോപിപ്പിക്കാനാണ് ഈ മാറ്റമെന്ന് എൻഎസ്ഇ വ്യക്തമാക്കി. ക്ലോസിങ് ഓക്ഷൻ സെഷൻ വഴി ഓഹരികളുടെ ദിവസാവസാന വില കൂടുതൽ കൃത്യതയോടെ കണ്ടെത്താൻ സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. എൻഎസ്ഇ കഴിഞ്ഞ കുറച്ച് വർഷങ്ങളായി എഫ് ആൻഡ് ഒ വിപണിയിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എക്സ്പയറി ദിനത്തിൽ മാറ്റം, പ്രീ -ഓപ്പൺ സെഷൻ തുടങ്ങിയ നടപടികൾക്ക് പിന്നാലെയാണ് ഇപ്പോൾ ട്രേഡിങ് സമയം കൂടി നീട്ടുന്നത്.

ആഗോള വിപണികളിലെ ചലനങ്ങൾക്കും അവസാന മണിക്കൂറിലെ വോളറ്റിലിറ്റി നിയന്ത്രിക്കാനും ഈ അധിക 10 മിനിറ്റ് സഹായകരമാകാൻ സാധ്യതയുണ്ട് എന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ

പ്രധാന മാറ്റങ്ങൾ

  • F&O ക്ലോസിംഗ് സമയം: 3:30 PM → 3:40 PM
  • പ്രാബല്യത്തിൽ വരുന്നത്: 2026 ഓഗസ്റ്റ് 3
  • പ്രീ -ഓപ്പൺ സെഷൻ : മാറ്റമില്ല
  • ട്രേഡ് മോഡിഫിക്കേഷൻ വിൻഡോ : 4:15 PM വരെ തുടരും
  • VWAP കണക്കാക്കുന്ന സമയം: 3:10 PM – 3:40 PM

Content Highlights: NSE extends F&O trading window following new cash market closing auction – Check new timings

To advertise here,contact us